നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Wednesday, December 28, 2011

വലിച്ചെറിയൂ ഈ അടിമച്ചങ്ങലകള്‍......!

മുംബയിലെയും ഡല്‍ഹിയിലെയും സമരങ്ങളെ കുറിച്ച് വികാരം  കൊള്ളുകയും   വാചാലരാകുകയും  ചെയ്യുന്ന  മലയാളിയുടെ ഇരട്ടത്താപ്പിന്റെ വൃത്തികെട്ട മുഖമാണ് ഇവിടെ അനാവരണം   ചെയ്യപ്പെടുന്നത്. അന്യ നാട്ടില്‍ പീഡനം അനുഭവിക്കുന്ന മക്കളെക്കുറിച്ച് വേവലാതിപ്പെടുന്ന  മാതാപിതാക്കന്മാര്‍ സാക്ഷര കേരളത്തില്‍ സ്വന്തം വീട്ടുമുറ്റത്ത് നടക്കുന്ന പലതും കണ്ടില്ലെന്നു നടിക്കുകയാണോ? സമരങ്ങളുടെ വേലിയേറ്റം കഴിഞ്ഞു.പേരിനു ചില വാഗ്ദാനങ്ങള്‍,പഠനങ്ങള്‍,കമ്മീഷനുകള്‍,.....! അതിനപ്പുറം എന്തെങ്കിലും നേട്ടം പാവം നേഴ്സുമാര്‍ക്ക് ഉണ്ടാവുമോ? കണ്ടറിയണം!



Sunday, December 25, 2011

ക്രിസ്‌മസ്‌ രാവിലും സമരവുമായി പുഷ്‌പഗിരിയില്‍ നഴ്‌സുമാര്‍


ലോകമെങ്ങും ക്രിസ്തുവിന്റെ ജനനം ആഘോഷിക്കുമ്പോള്‍ ചെകുത്താന്റെ മനസുമായി ജീവിക്കുന്ന പുഷ്പഗിരിയിലെ അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും മനസ്സില്‍ നിന്നും ക്രിസ്തു പടിയിറങ്ങി യിരിക്കുന്നു. ക്രിസ്തുദേവന്റെ പേരില്‍  ഇവര്‍ കാട്ടിക്കൂട്ടുന്നത് എന്തെന്ന് ഇവര്‍ അറിയായ്ക കൊണ്ട്  കര്‍ത്താവു പറഞ്ഞ  പ്രാര്‍ത്ഥന  തന്നെ  നമുക്കും ആവര്‍ത്തിക്കാം."കര്‍ത്താവേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്ക കൊണ്ട് ഇവരോട് ക്ഷമിക്കേണമേ!". 

തിരുവല്ല: ക്രിസ്‌മസ്‌ രാവു പിന്നിട്ട്‌ പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം മൂന്നാംദിവസത്തിലേക്ക്‌.

സ്‌റ്റാഫ്‌ നഴ്‌സായി ജോലി ചെയ്‌തിരുന്ന 43 നഴ്‌സുമാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കുക, പുറത്തുനിന്ന്‌ ട്രെയിനിയായി 30 പേരെ നിയമിച്ച നടപടി പിന്‍വലിക്കുക, പുഷ്‌പഗിരിയില്‍ പഠിച്ച്‌ ആറുമാസം ഇന്റേണ്‍ഷിപ്പ്‌ ചെയ്‌തവരെ നഴ്‌സായി നിയമിക്കുക, അപ്പോയ്‌മെന്റ്‌ ലെറ്റര്‍, സാലറി പ്രോമിസറിനോട്ട്‌ സാലറി സ്ലിപ്‌, എക്‌സ്പീരിയന്‍സ്‌ സര്‍ട്ടിഫിക്കറ്റ്‌ എന്നിവ ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കഴിഞ്ഞ ദിവസമാണ്‌ ഓള്‍ ഇന്ത്യ പ്രൈവറ്റ്‌ നഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പുഷ്‌പഗിരി ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം തുടങ്ങിയത്‌.
രണ്ടുദിവസമായി തുടരുന്ന സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തിയ ആന്റോ ആന്റണി എം.പി. സമരപ്പന്തലിലെ നഴ്‌സുമാരുടെ എല്ലാ കാര്യങ്ങളും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ചയ്‌ക്ക് അനുകൂലമായ തീരുമാനമാണ്‌ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുന്നതെന്നും അറിയിച്ചു. എന്നാല്‍ പിരിച്ചുവിട്ട 43 നഴ്‌സുമാരെ തിരിച്ചെടുക്കുമെന്നും ഇവര്‍ക്ക്‌ നേരത്തേ കിട്ടിയിരുന്ന വേതനം തന്നെ ലഭിക്കുമെന്നും അദ്ദേഹം സമരക്കാരെ അറിയിച്ചു.
നേരത്തേ കിട്ടിയ തുക മതിയാകില്ലെന്നും സര്‍ക്കാര്‍ അംഗീകരിച്ച വേതനം നല്‍കണമെന്നും നഴ്‌സുമാരെ മാനുഷിക പരിഗണന നല്‍കാതെ മാനേജ്‌മെന്റ്‌ പീഡിപ്പിക്കുയാണെന്നും മതപരമായ അവകാശങ്ങള്‍ പോലും ആശുപത്രിയില്‍ ലഭിക്കുന്നില്ലന്നും ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്നും പ്രതിനിധികള്‍ അറിയിച്ചു.
സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ. അനന്തഗോപന്‍, ഡല്‍ഹി പ്രൈവറ്റ്‌ നഴ്‌സിംഗ്‌ അസോസിയേഷന്‍. മുംബൈ നഴ്‌സിംഗ്‌ പ്രൈവറ്റ്‌അസോസിയേഷന്‍ എന്നിവര്‍ ഇന്നലെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

സമരം  ചെയ്യുന്ന നഴ്സുമാര്‍ക്ക് ക്രിസ്മസ് പുതു വത്സരാശംസകള്‍! ഒപ്പം വിജയാശംസകളും!

(സമരം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ്:അച്ചന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും മാനസാന്തരമുണ്ടാകാന്‍ കര്‍ത്താവ്‌ നേരിട്ട് വരേണ്ടതിനാല്‍ പുഷ്പഗിരിയിലെ സമരം ഉടനെ തീരുമെന്ന് പ്രതീക്ഷിക്കേണ്ട!)

നെഴ്സുമാരെ പറ്റിക്കാന്‍ ജനപ്രതിനിധിയും !


എം.പി. പറഞ്ഞു പറ്റിച്ചു:നഴ്‌സുമാര്‍
തിരുവല്ല: തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ എല്ലാംഅംഗീകരിച്ചെന്നു പറഞ്ഞ്‌ എം.പി. പറ്റിക്കുകയായിരുന്നുവെന്ന്‌ നഴ്‌സിംഗ്‌ പ്രതിനിധികള്‍. പ്രധാനാവശ്യമായ വേതന വര്‍ധനയെപ്പറ്റി ചര്‍ച്ച ചെയ്യാതെ സമരം ഒത്തുതീര്‍പ്പാക്കിയെന്നാണ്‌ എം.പി. പറയുന്നത്‌. പിരിച്ചുവിട്ട 43 നഴ്‌സുമാരെ തിരിച്ചെടുത്താലും അവര്‍ക്ക്‌ നേരത്തെ കിട്ടിയിരുന്ന ശമ്പളം മാത്രമേ നല്‍കുകയുള്ളൂവെന്നും അവര്‍ മാര്‍ച്ച്‌ വരെ ജോലി ചെയ്യണമെന്നും പറയുന്നതു ശരിയല്ല. ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സിലിലെ അംഗമെന്നനിലയില്‍ തങ്ങളുടെ കാര്യം കേള്‍ക്കാതെ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന്‌ എം.പി. സംസാരിക്കുകയായിരുന്നു.

മാനേജ്‌മെന്റുമായി ധാരണയെത്തിയശേഷം തങ്ങളെ വിളിച്ചുവരുത്തി എം.പി. അപമാനിക്കുകയായിരുന്നുവെന്നും പുഷ്‌പഗിരി ആശുപത്രിയിലെ സ്‌റ്റാഫ്‌ നഴ്‌സുമാരായ മജോ കെ. ജോണ്‍, സബിന്‍, നിബു, അന്‍സല്‍ എന്നിവര്‍ ആരോപിച്ചു.
(വാര്‍ത്ത കടപ്പാട്: മംഗളം)

എലൈറ്റ്‌ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ത്തു


സമര വിജയം നേടിയ നേഴ്സുമാര്‍ക്ക് അഭിവാദ്യങ്ങള്‍!
തൃശൂര്‍: യു.എന്‍.എ.യുടെ നേതൃത്വത്തില്‍ നാലു ദിവസമായി കൂര്‍ക്കഞ്ചേരി എലൈറ്റ്‌ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍ത്തു. യൂണിയന്റെ ആവശ്യങ്ങള്‍ ഇന്നലെ വൈകിട്ട്‌ നടന്ന ചര്‍ച്ചയില്‍ മനേജ്‌മെന്റ്‌ പരിഗണിച്ചതിനെത്തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്‌. കോണ്‍ട്രാക്‌ട് സമ്പ്രദായം നിര്‍ത്തലാക്കാനും പുറത്താക്കിയ രണ്ടു നഴ്‌സുമാരെ തിരിച്ചെടുക്കാനും രണ്ടുവര്‍ഷം കഴിഞ്ഞ എല്ലാ നഴ്‌സുമാരെയും സ്‌ഥിരമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ജനുവരി ഒന്നുമുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

ചര്‍ച്ചയില്‍ എലൈറ്റ്‌ മിഷന്‍ ആശുപത്രി എം.ഡി. ഡോ. കെ.കെ. മോഹന്‍ദാസ്‌, ഡിസ്‌ട്രിക്‌ട് ലേബര്‍ ഓഫീസര്‍, യു.എന്‍.എ. നേതാക്കള്‍, മറ്റു രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ആശുപത്രിയിലെ 250 ഓളം നഴ്‌സുമാര്‍ അനിശ്‌ചിതകാലസമരം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. മൂന്നുദിവസം മുമ്പാണ്‌ യുണൈറ്റഡ്‌ നഴ്‌സസിന്റെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നിലെ മൈതാനത്തു സമരം ആരംഭിച്ചത്‌. ജീവനക്കാര്‍ സമരത്തിലായതോടെ നഴ്‌സിംഗ്‌ വിദ്യാര്‍ഥികളെക്കൊണ്ട്‌ വിശ്രമമില്ലാതെ പണിയെടുപ്പിച്ച്‌ രോഗികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അധികൃതരെന്ന്‌ പരാതിയുണ്ടായിരുന്നു.

വിശ്രമ വേളകളില്ലാതെ പണിയെടുത്ത്‌ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണതോടെയാണു ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്‌. വിദ്യാര്‍ഥികള്‍ക്കു ക്രിസ്‌മസ്‌ അവധി പോലും നല്‍കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു അധികാരികള്‍. രോഗികള്‍ ആശുപത്രിവിട്ടു പ്രശ്‌നം പുറംലോകം അറിയാതിരിക്കാന്‍ ചികിത്സയ്‌ക്കു മതിയായ ജീവനക്കാരുണ്ടെന്നു നുണപ്രചാരണം നടത്തി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു ആശുപത്രിയും മാനേജ്‌മെന്റും.

ക്രിസ്‌മസ്‌ അവധിക്കായുള്ള ജീവനക്കാര്‍ പുറത്തു പോയതോടെ തല്‍ക്കാലത്തേക്കു പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പുമില്ലാതെയായി. സമരത്തെത്തുടര്‍ന്ന്‌ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയാണെന്ന്‌ മനസിലാക്കിയ അധികൃതര്‍ ഒത്തു തീര്‍പ്പിലേക്കെത്തുകയായിരുന്നു.

നഴ്സുമാരുടെ ദുരിതം -കൌമുദി മുഖപ്രസംഗം.

നേഴ്സുമാരുടെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ കേരള കൌമുദിയുടെ മുഖപ്രസംഗം.


എലൈറ്റിലും പുഷ്പഗിരിയിലും നഴ്സുമാരുടെ സമരം!

കേരളത്തിലും സമരത്തിന്റെ അലയൊലികള്‍. ചൂഷണത്തിന്റെ കാലം അവസാനിക്കുമോ? ഒരു സുവര്‍ണ്ണ കാലം ഒന്നും വന്നില്ലെങ്കിലും മാന്യമായ ഒരു തൊഴില്‍ സാഹചര്യം, മാന്യമായ ശമ്പളം,......???


(വീഡിയോ:കടപ്പാട്,ഇന്ത്യാവിഷന്‍ )

(വാര്‍ത്ത കടപ്പാട്:മറുനാടന്‍ മലയാളി)
സമരം ചെയ്യുന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യങ്ങള്‍!

Saturday, December 24, 2011

മലയാളി വിദ്യാര്‍ഥിനിക്ക് എയിംസിലെ പുരസ്‌കാരം!

ഐറിന്‍ , അഭിനന്ദനങ്ങള്‍!



ന്യൂഡല്‍ഹി:ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സി(എയിംസ്) ലെ പ്രദം ബജാജ് പുരസ്‌കാരം മലയാളി വിദ്യാര്‍ഥിനിക്ക് ലഭിച്ചു. ബി.എസ്‌സി. നഴ്‌സിങ് ഓണേഴ്‌സ് വിദ്യാര്‍ഥിനി ഐറിന്‍ മാത്യുവിനാണ് പുരസ്‌കാരം. കോട്ടയം കൊടുങ്ങൂര്‍ വെട്ടിയാങ്കല്‍ എം. മാത്യു - മേഴ്‌സി ദമ്പതിമാരുടെ മകളാണ്. കമ്യൂണിറ്റി ഹെല്‍ത്ത് വിഷയത്തിലെ പ്രാഗല്ഭ്യത്തിനുള്ളതാണ് പ്രദം ബജാജ് പുരസ്‌കാരം. എയിംസ് ബിരുദദാനച്ചടങ്ങില്‍ ദേശീയ ഉപദേശക സമിതി അധ്യക്ഷ സോണിയാഗാന്ധി പുരസ്‌കാരദാനം നിര്‍വഹിച്ചു.
(കടപ്പാട്: മാതൃഭൂമി)

Wednesday, December 21, 2011

വിനീതയ്ക്കും രമ്യയ്ക്കും അഞ്ചുലക്ഷം വീതം; ആശ്രിതര്‍ക്ക് സര്‍ക്കാര്‍ജോലി





കോട്ടയം: രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിച്ച നഴ്‌സുമാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ അഗ്‌നിബാധയുണ്ടായപ്പോള്‍ സ്വജീവന്‍ അവഗണിച്ച്, മറ്റുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ച് ജീവന്‍ നഷ്ടപ്പെട്ട ഉഴവൂര്‍ സ്വദേശിനി രമ്യയ്ക്കും (23), കോതനല്ലൂര്‍ സ്വദേശിനി വിനീതയ്ക്കും (23) സംസ്ഥാന സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ വീതം അനുവദിച്ചു.

കോട്ടയത്തെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലാണ് ഇവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഇവരുടെ ആശ്രിതരില്‍ ഒരാള്‍ക്കുവീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും ജനസമ്പര്‍ക്കവേദിയില്‍ മന്ത്രി കെ.എം.മാണി പ്രഖ്യാപിച്ചു. എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ സംഭവത്തില്‍ പരിക്കേറ്റ ഉഴവൂര്‍ സ്വദേശിനി സന്ധ്യയെന്ന നഴ്‌സിന് ഒരുലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം നല്‍കി.

സ്വജീവന്‍ ത്യജിച്ച് രക്ഷാപ്രവര്‍ത്തനത്തിന് തുനിഞ്ഞ രമ്യയ്ക്കും വിനീതയ്ക്കും മരണാനന്തര ബഹുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ശിപാര്‍ശചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിനീതയുടെ അച്ഛന്‍ കുഞ്ഞുമോന്‍ തോമസും രമ്യയുടെ അമ്മ ഉഷാ രാജുവും മുഖ്യമന്ത്രിയില്‍നിന്ന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. രമ്യയുടെ അമ്മ ഉഷാ രാജുവിന് വിധവാപെന്‍ഷന്‍ നല്‍കാന്‍ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദേശംനല്‍കി. 
(കടപ്പാട്: മാതൃഭൂമി)

യോഗ്യതയില്ലാത്ത നഴ്‌സിംഗ് അധ്യാപകരുടെ നിയമനം തടയണം


കൊച്ചി: യോഗ്യത ഇല്ലാത്ത നേഴ്‌സിങ് അധ്യാപകരുടെ നിയമനം തടയണമെന്ന് കേരള ഗവണ്മെന്റ് നേഴ്‌സിങ്ങ് ടീച്ചേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. നിശ്ചിത യോഗ്യതയുള്ള അധ്യാപകരുണ്ടായിട്ടും കോണ്‍ടാക്ട് ക്ലാസിലൂടെ ബിരുദം നേടിയവര്‍ക്ക് നിയമനം നല്‍കുന്നതും തടയണം. ഇവ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രിക്കും പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും പരാതി നല്‍കാനും യോഗം തീരുമാനിച്ചു.
(കടപ്പാട്  : മാതൃഭൂമി )

Tuesday, December 20, 2011

നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലും ചൂഷണം

തിരുവനന്തപുരം: സ്വകാര്യമേഖലയെ കടത്തിവെട്ടുന്ന  തരത്തില്‍ സര്‍ക്കാര്‍ മേഖലയിലും നഴ്സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നു. ലീവും ഓഫും തുടങ്ങി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ വര്‍ഷങ്ങളായി ദിവസവേതനത്തിന് ജോലിയെടുക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് മൂവായിരത്തോളം നഴ്സുമാര്‍.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ(എന്‍.ആര്‍.എച്ച്.എം)ത്തിന്‍െറ ഭാഗമായാണ് ദിവസവേതനക്കാരായി നഴ്സുമാരെ നിയമിക്കുന്നത്. രാത്രി ഡ്യൂട്ടിയും പകല്‍ ഡ്യൂട്ടിയും പൂര്‍ത്തിയാക്കി വേണം വീട്ടില്‍ പോകാന്‍. കാഷ്വല്‍ ലീവും ഓഫും ഇവര്‍ക്ക് ബാധകമല്ല. എന്തെങ്കിലും അസൗകര്യം പറഞ്ഞാല്‍ പിരിച്ചുവിടുമെന്നാണ് ഭീഷണി.
നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നപ്പോള്‍ പ്രതിമാസം 7450 രൂപയായിരുന്നു ശമ്പളം. എന്നാല്‍ രണ്ടുമാസം മുമ്പ് മുഴുവന്‍ കരാര്‍ ജീവനക്കാരെയും ദിവസ വേതനക്കാരായി നിയമിച്ചു. ജോലി ചെയ്യുന്ന ദിവസങ്ങളില്‍ 250 രൂപയാണ് ശമ്പളം. ജോലി സമയം നിശ്ചയിച്ചിട്ടില്ല. അതിനാല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നു.ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഡ്രൈവര്‍ക്ക് ദിവസവേതനമായി 350 രൂപ നല്‍കുമ്പോഴാണ് നഴ്സുമാര്‍ക്ക് 250 രൂപ ‘കൂലി’നല്‍കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന പി.ആര്‍.ഒമാര്‍ക്കാകട്ടെ 15000 രൂപയാണ്  ശമ്പളം.
എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും കഴിഞ്ഞ് നിയമനം ലഭിച്ച് ദിവസവേതനക്കാരായി ജോലി ചെയ്യുന്നവരോട് ഡിസംബര്‍ 26ന് വീണ്ടും പരീക്ഷക്കിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയവരെ നിയമിക്കാന്‍ വേണ്ടിയാണത്രെ ഇത്.
14-15 വര്‍ഷമായി കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും പി.എസ്.സി പരീക്ഷയെഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്.
ആശുപത്രികളും രോഗികളും വര്‍ധിച്ചെങ്കിലും നഴ്സുമാരുടെ തസ്തിക സൃഷ്ടിക്കാത്തതാണ് വര്‍ഷങ്ങളായി കരാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം തുടരാന്‍ കാരണമെന്ന് പറയുന്നു. ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്യുമ്പോഴും തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. നേരത്തെ ആശുപത്രി വികസനസമിതി മുഖേനയായിരുന്നു നഴ്സുമാരെ നിയമിച്ചിരുന്നത്. എന്‍.ആര്‍.എച്ച്.എം നിലവില്‍ വന്നതോടെ ആ ചുമതലയില്‍നിന്ന് ആശുപത്രി വികസന സമിതികളെ ഒഴിവാക്കി. തസ്തിക സൃഷ്ടിക്കപ്പെടാത്തതിനാല്‍ പി.എസ്.സി മുഖേന നിയമനം നടക്കുന്നില്ളെന്നും പറയുന്നു. സംസ്ഥാനത്തെ ചില പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസ വേതനക്കാരായ നഴ്സുമാര്‍ മാത്രമാണുള്ളത്.
(കടപ്പാട്  : മാധ്യമം )

ഇത് നേഴ്സിംഗ് കോളജോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ?

കോളജോ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പോ?




സ്വന്തം തെറ്റ് മറച്ചുവെക്കാനായി പ്രശ്നങ്ങള്‍ വഷളാക്കി, കുട്ടികളെ മാനസികരോഗികളാക്കി  ആത്മഹത്യയിലേക്കെത്തിക്കുന്ന ‘കരിയര്‍ മാനേജ്മെന്‍റ്’ കാണണോ. അന്യ സംസ്ഥാനങ്ങളിലെ നഴ്സിങ് കോളജുകളിലേക്ക് സ്വാഗതം.
മംഗലാപുരത്തെ ഒരു സ്വകാര്യ കോളജില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിയായിരുന്ന തിരുവല്ല പൊടിയാടി തോട്ടത്തില്‍ പറമ്പില്‍ ദേവദാസിന്‍െറ മകള്‍ ശ്രുതിദാസ് (19)  ഈ ഡിസംബര്‍ മൂന്നിനാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. നഴ്സിങ് കോളജിലെ സഹപാഠികളും മേട്രനും മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയത്.
മൂന്ന് മാസം മുമ്പാണ് ശ്രുതി പഠനത്തിനായി മംഗലാപുരത്തേക്ക് പോയത്. നവംബര്‍ മൂന്നിന് പനിയും ഛര്‍ദിയും അനുഭവപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. കുട്ടിയെ ആശുപത്രിയിലെത്തിക്കണമെന്ന് കോളജ് പി.ആര്‍.ഒ നിര്‍ദേശിച്ചെങ്കിലും ഹോസ്റ്റല്‍ മേട്രന്‍ രാത്രിയില്‍ ഇല്ലാതിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. ഇത് ശ്രുതിയുടെ വീട്ടുകാര്‍ ചോദ്യംചെയ്തു. അതോടെ ഹോസ്റ്റലിലെ ചില പെണ്‍കുട്ടികളും മേട്രനും രാത്രിയില്‍ ഹോസ്റ്റല്‍ വിട്ടുപോകുന്ന വിവരം പുറത്തായി. ക്ഷുഭിതരായ മേട്രനും വിദ്യാര്‍ഥിനികളും ശ്രുതിക്ക് മാനസിക വിഭ്രാന്തിയാണെന്ന് പറഞ്ഞ് ചികിത്സിക്കാന്‍ ശ്രമിച്ചു.  ഇക്കാര്യങ്ങള്‍ ശ്രുതി ഏറ്റുമാനൂര്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. നവംബര്‍ 17ന് വീട്ടിനുള്ളില്‍വെച്ച് സ്വയം മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ ശ്രുതി കോട്ടയം മെഡിക്കല്‍ കോളജില്‍  ചികിത്സയിലിരിക്കെയാണ് ഡിസംബര്‍ മൂന്നിന് മരിച്ചത്. മെഡിക്കല്‍ കോളജിലെത്തിയാണ് മജിസ്ട്രേറ്റ് മൊഴിയെടുത്തത്.
ഭ്രാന്താണെന്ന് വരുത്തിത്തീര്‍ത്ത് ചികിത്സ നല്‍കുംമുമ്പ് വീട്ടുകാര്‍ എത്തി ശ്രുതിയെ കൂട്ടിക്കൊണ്ടുപോരുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി എപ്പോഴും മേട്രന്‍െറ പേര് പറഞ്ഞുകൊണ്ടിരുന്നതായി വീട്ടുകാര്‍ പറയുന്നു. ഓടിച്ചാടി നടന്നിരുന്ന ഈ കൊച്ചുപെണ്‍കൊടി മംഗലാപുരത്തെ കോളജില്‍ മൂന്ന് മാസം പഠിച്ചപ്പോഴേക്കും ഭ്രാന്തിയായി!
ആഗോളീകരണത്തിന്‍െറയും വിദ്യാഭ്യാസ കച്ചവടത്തിന്‍െറയും ഹീനമായ മുഖം ഗവേഷണവിഷയമാക്കുന്നവര്‍ക്കുള്ള  നല്ല കേസ് സ്റ്റഡിയാണ് നഴ്സിങ് കോളജുകള്‍. ശമ്പളമില്ലാതെ അടിമപ്പണി എടുപ്പിക്കാനുള്ള ഒന്നാന്തരം അവസരം എന്നുകരുതിയാണ് മിക്കവരും നഴ്സിങ് കോളജ് തുടങ്ങുന്നതുതന്നെ. നഴ്സിങ് അല്ല ക്ളീനിങ്ങും അറ്റന്‍ഡര്‍ പണിയുമാണ് ഇവിടെ കൂടുതലെന്ന് പലരും തുറന്നു പറയുന്നു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍പോലും 14-15 മണിക്കൂര്‍ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നുണ്ട്.
 ഭാവിയിലേക്കുള്ള മുന്നൊരുക്കം എന്ന മട്ടില്‍ അടിമത്തവും അച്ചടക്കവും വിധേയത്വവുമാണ് മിക്ക നഴ്സിങ് കലാലയങ്ങളിലും നല്‍കുന്ന പ്രാഥമിക പാഠം. പാവപ്പെട്ട കുട്ടികളാണ് നഴ്സിങ് പഠനത്തിനിറങ്ങുന്നവരില്‍ ഭൂരിഭാഗവും. മോഹിപ്പിക്കുന്ന അവസരങ്ങള്‍ കൊത്തി വിദേശത്തേക്കു പറക്കുന്നതാണ് ഏതാണ്ട് എല്ലാവരുടെയും സ്വപ്നം. അവിടെയാണ് ഭൂമിയിലെ മാലാഖമാര്‍ പിന്തുടരേണ്ട സഹനത്തിന്‍െറ കഥ പറഞ്ഞും ഇന്‍േറണല്‍ മാര്‍ക്കിന്‍െറ വാളോങ്ങിയും കുട്ടികളെ പരുവപ്പെടുത്തിയെടുക്കുന്നത്.
പരീക്ഷയില്‍ തോറ്റാല്‍ പിഴ
അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാതെ ഉയര്‍ന്നുവരുന്ന സ്വകാര്യ നഴ്സിങ് സ്ഥാപനങ്ങള്‍ കുട്ടികളെ പലവിധ ഭീഷണികളുടെ മുള്‍മുനയില്‍ നിര്‍ത്തിയാണ് പഠനം പൂര്‍ത്തിയാക്കുന്നത്.  പി.ടി.എ യോഗങ്ങളില്‍പോലും പ്രശ്നങ്ങള്‍ സംസാരിക്കാന്‍ കുട്ടികള്‍ മാതാപിതാക്കളെ അനുവദിക്കാറില്ല. പിന്നീട് അധ്യാപകരും മാനേജ്മെന്‍റും അതിന്‍െറ പേരില്‍ പീഡനമുറകള്‍ സ്വീകരിക്കുമോ എന്ന പേടിതന്നെ കാരണം. ഒരുതരം കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിന്‍െറ അവസ്ഥയിലാണ് മിക്കവാറും നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളും.
ഹോസ്റ്റലുകളില്‍ പഴകിയ ഭക്ഷണം നല്‍കിയാല്‍പോലും ആരും ചോദ്യംചെയ്യില്ല. പരാതിപ്പെട്ടാല്‍  ശിക്ഷ കൂടുകയേ ഉള്ളൂ. ചിലയിടങ്ങളില്‍ പരീക്ഷക്കു തോറ്റാല്‍പോലും പിഴയാണ്. ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ ഒരു വിഷയത്തിനു തോറ്റാല്‍ 5000 രൂപയാണ് പിഴ. മൂന്നു വിഷയം തോറ്റ വിദ്യാര്‍ഥിനിയോട് 15,000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. പരാതിപ്പെടാന്‍ നിന്നാല്‍ കൂടുതല്‍ വിഷയമാവുമെന്ന് കരുതി  വീട്ടുകാരെ നിര്‍ബന്ധിച്ച് ഒരുവിധത്തില്‍ പണമെത്തിച്ചുകൊടുക്കുകയായിരുന്നു.
 മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കുപ്രസിദ്ധി നേടിയ തിരുവല്ലയിലെ സ്ഥാപനത്തിലെ രീതികള്‍ ഇങ്ങനെയാണ്. പഠനകാലത്ത് 18 മണിക്കൂര്‍വരെയാണ് ഒരു വിദ്യാര്‍ഥിയെ ജോലിചെയ്യിക്കുന്നത്. എന്തെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ ഇന്‍േറണല്‍മാര്‍ക്ക് വട്ടപ്പൂജ്യമാകും.  ഒരു സെമസ്റ്ററിന് തോറ്റാല്‍ ഇംപ്രൂവ്മെന്‍റിന് ജി.എന്‍.എമ്മിന് 10,000, ബി.എസ്സി നഴ്സിങ്ങിന് 18,000 എന്നിങ്ങനെയാണ് ഈടാക്കുന്നത്. ഇംപ്രൂവ്മെന്‍റിന് യൂനിവേഴ്സിറ്റിയില്‍ അടക്കേണ്ട തുക 250ല്‍ താഴെയേ ഉള്ളൂ. ഇത്രയും തുക ഈടാക്കുന്നത് ആരും ഉഴപ്പാതെ പഠിക്കാന്‍ താല്‍പര്യമെടുക്കുന്നതിനുവേണ്ടിയാണെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. നാലു വര്‍ഷമായി ഇതേ കോളജിലെ വിദ്യാര്‍ഥികളില്‍ മഞ്ഞപ്പിത്തബാധ കണ്ടുവരുന്നുണ്ട്. ഈയിടെയും 20 വിദ്യാര്‍ഥികള്‍ക്ക് മഞ്ഞപ്പിത്തബാധയുണ്ടായി. ഭക്ഷണത്തിലെയും വെള്ളത്തിലെയും കുഴപ്പമല്ളെന്നും രോഗികളില്‍നിന്ന് പകരുന്നതാണ് ഇതെന്നുമാണ് കോളജ് അധികൃതര്‍ പറയുന്നത്.
പല ആശുപത്രികളിലും ലൈംഗികചൂഷണത്തിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നഴ്സിങ് വിദ്യാര്‍ഥിനിയായ  സിജിമോള്‍ക്ക് ഗുരുവായ ഡോക്ടറെ  പേടിയാണ്.   ഇന്‍േറണല്‍ മാര്‍ക്കിനായി ചെല്ലുമ്പോഴാകും ഗുരുക്കന്മാരുടെ തനി  സ്വഭാവം പുറത്തു വരുകയെന്നും സിജി പറയുന്നു. വിശ്രമമുറികള്‍ നല്‍കണമെന്ന നിയമത്തിന് ഒട്ടുമിക്ക ആശുപത്രികളിലും പുല്ലുവിലയാണ്. നിയമം അനുശാസിക്കുന്ന എട്ടു മണിക്കൂറും കഴിഞ്ഞ് പിന്നെയും രണ്ടും മൂന്നും മണിക്കൂറുകള്‍ പണിയെടുത്ത് തളര്‍ന്നുവരുമ്പോള്‍ വിശ്രമിക്കാന്‍ സൗകര്യമില്ലാത്ത ആശുപത്രികള്‍ നിരവധി. നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളില്ലാത്ത ഹോസ്റ്റലുകളും മോശം ഭക്ഷണവും പതിവുകാഴ്ചയാണ്. മലിനജലം കുടിവെള്ളമായി വിതരണം ചെയ്തതുമൂലം കൊച്ചിയിലെ സര്‍ക്കാര്‍ നഴ്സിങ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ പകര്‍ച്ച വ്യാധി പിടിപെട്ടത് അടുത്ത കാലത്താണ്. പലപ്പോഴും ആശുപത്രികള്‍ ആവശ്യത്തിന് നഴ്സിങ് ജീവനക്കാരെ നിയമിക്കാതെ വരുമ്പോള്‍ അധികഭാരം ചുമക്കേണ്ടിവരുന്നതും ഈ കുട്ടികളാണ്.
സമരക്കാര്‍ക്ക് ‘അമ്മയുടെ’ കോംപ്ളിമെന്‍റ് കവര്‍
ഈയിടെ അമൃത ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നതിനുശേഷം അവിടെത്തന്നെയുള്ള വിദ്യാര്‍ഥികള്‍ സമരവുമായി മുന്നോട്ടുവന്നിരുന്നു. സമരത്തിനിറങ്ങിയ പെണ്‍കുട്ടികളോട് വളരെ മോശമായ രീതിയില്‍ സംസാരിച്ചാണ് അധികൃതര്‍ സമരം ഒതുക്കാന്‍ നോക്കിയത്. 14 മുതല്‍ 18 മണിക്കൂര്‍ വരെ ജോലിചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ടാണ് കുട്ടികള്‍ സമരത്തിനിറങ്ങിയത്. സമരം ഒതുക്കാന്‍ ചില വിദ്യാര്‍ഥികള്‍ക്ക് 1001 രൂപയടങ്ങിയ  കവര്‍ നിര്‍ബന്ധപൂര്‍വം ഏല്‍പിക്കാന്‍ ശ്രമിച്ചത് കുട്ടികള്‍ തടഞ്ഞു. അമ്മയുടെ കോംപ്ളിമെന്‍റാണെന്ന് പറഞ്ഞാണ് ഈ കവര്‍ ഏല്‍പിക്കാന്‍ അവര്‍ ശ്രമിച്ചതത്രെ!  ഇതേതുടര്‍ന്ന് രാത്രി ഹോസ്റ്റലിലെത്തിയ ബ്രഹ്മചാരിണികള്‍ അസഭ്യംപറഞ്ഞതായും ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു.
യൂനിഫോമില്‍ ചളിപറ്റരുത്; ബോണ്ട് നീളും
കേരളം പൊതുവേ മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നല്‍കുന്ന സംസ്ഥാനമാണ്. എന്നാല്‍, ശിപാര്‍ശകള്‍ക്കും  ഡൊണേഷനും അടുത്ത കാലത്തായി നഴ്സിങ് പ്രവേശത്തില്‍   വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. സംസ്ഥാനത്തെ നഴ്സിങ് കോളജുകളില്‍ ഏറെയും സ്വകാര്യ മേഖലയിലാണ്. സ്വാശ്രയ മേഖലയില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് 46,000 രൂപയാണെങ്കിലും ഒരു ലക്ഷം രൂപ വരെ വാങ്ങുന്ന സ്വകാര്യ കോളജുകളുണ്ട്. അ ന്യസംസ്ഥാന കോളജുകളില്‍ പ്രവേശം നേടിക്കൊടുക്കുന്നതില്‍ വന്‍തുക കമീഷന്‍ പറ്റുന്ന റാക്കറ്റും  സജീവമാണ്. പത്തനംതിട്ട  ജില്ലയില്‍ നഴ്സിങ് പഠനം ട്രെന്‍ഡായി മാറിയ 2000ാമാണ്ട് തൊട്ട് നഴ്സിങ് കോളജുകളുടെ ഏജന്‍റായിരുന്നയാള്‍ ഇപ്പോള്‍ കര്‍ണാടകത്തില്‍ സ്വന്തം കോളജ് നടത്തുകയാണ്.  ഈ മേഖലയില്‍ എത്ര കമീഷന്‍ ഉണ്ടെന്നതിന്‍െറ വ്യക്തമായ തെളിവാണിത്.
സുപ്രീംകോടതിയുടെ വിലക്കുണ്ടെങ്കിലും ബോണ്ട് സമ്പ്രദായം ഇപ്പോഴും കേരളത്തില്‍ നിലവിലുണ്ട്.  പലയിടത്തും പല കാലയളവിലാണ്. രണ്ടു കൊല്ലവും മൂന്നു കൊല്ലവും ബോണ്ട് നല്‍കുന്ന ആശുപത്രികളുണ്ട്, സര്‍ട്ടിഫിക്കറ്റ് ലഭിക്കണം എന്നതുകൊണ്ട് ഇതിനെതിരെ ശബ്ദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഭയമാണ്. കുറഞ്ഞ ശമ്പളത്തിന് വിദ്യാര്‍ഥികളെ ജോലിക്ക് കിട്ടുമെന്നതുകൊണ്ട് ബോണ്ട് കാലാവധി നീട്ടാന്‍ പല കളികളും ആശുപത്രി അധികൃതര്‍ കളിക്കും. പലപ്പോഴും നിസ്സാര കാര്യങ്ങള്‍ ഉപയോഗിച്ചാണ് ശിക്ഷയെന്ന നിലയില്‍  ബോണ്ട് നീട്ടുന്നത്. ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു, വീട്ടില്‍നിന്ന് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ അഞ്ചു മിനിറ്റ് കൂടുതല്‍ സംസാരിച്ചു, വെള്ളയുടുപ്പില്‍ ചളി കണ്ടു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്   മുതലെടുപ്പ്.  
പഠനം കഴിയുന്നവര്‍ക്ക് എക്സ്പീരിയന്‍സിനായി തുടര്‍ന്ന് ജോലിചെയ്യാന്‍ സൗകര്യം കോളജ് നല്‍കുന്നുണ്ട്. പ്രതിമാസം 2000 രൂപ വേതനം. ഇതില്‍നിന്ന് ഹോസ്റ്റല്‍ ഫീസും ഭക്ഷണത്തുകയും കഴിഞ്ഞ് നൂറോ ഇരുനൂറോ രൂപ മിച്ചമുണ്ടാകും. പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ചാല്‍ നൂറും ഇരുനൂറും രൂപമാത്രം മിച്ചം വരുന്ന ശമ്പളംകൊണ്ട് ലക്ഷങ്ങളുടെ കടബാധ്യത എങ്ങനെ തീര്‍ക്കുമെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
(റിപ്പോര്‍ട്ട്: സി.എ.എം. കരീം, കെ.പി. റജി, അജിത് ശ്രീനിവാസന്‍, ബാബു ചെറിയാന്‍, ബിനു ഡി. രാജ, ജിഷ എലിസബത്ത്, വത്സന്‍ രാമംകുളത്ത്
ഏകോപനം: എം. ഋജു)
(കടപ്പാട്: മാധ്യമം)

അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു


പ്രിയ സഹോദരിക്ക് ആദരാഞ്ജലികള്‍!

ചക്കിട്ടപാറ: അയര്‍ലന്‍ഡിലെ ബാലിനസോളില്‍ മലയാളി ദമ്പതിമാരുടെ കാര്‍ കനാലിലേക്ക് മറിഞ്ഞ് കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറ ചേരോലിക്കല്‍ ജിബിയുടെ ഭാര്യ ബീന (31) മരിച്ചു. ജിബിയും എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞ് നോയലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടം.

അയര്‍ലന്‍ഡിലെ പ്രസിദ്ധ തീര്‍ഥാടനകേന്ദ്രമായ നോക്ക് ദേവാലയം സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. റോസ്‌ക്രിയ ക്ലവര്‍ ലോഡ്ജ് നഴ്‌സിങ് ഹോമിലെ നഴ്‌സാണ് മരിച്ച ബീന. കൗണ്ടി കോര്‍ക്കില്‍നിന്നും ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് കുടുംബം റോസ്‌ക്രിയയ്ക്ക് സമീപത്തേക്ക് താമസം മാറ്റിയത്.

യാത്രയ്ക്കിടയില്‍ ഗാല്‍വെ ബാലിനസോളിനുസമീപം മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇവര്‍ കാര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കൈവരി തകര്‍ത്ത് കാര്‍ കനാലിലേക്ക് മറിയുകയായിരുന്നു. ചില്ലുപൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും കാര്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി. ഒടുവില്‍ ബീനയെയും പുറത്തെടുത്ത് പോര്‍ച്യുന്‍കുള ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂര്‍ ചന്ദനക്കാംപാറ മണിയംകല്ലേല്‍ ജേക്കബിന്റെ മകളാണ് ബീന. ചക്കിട്ടപാറ ചേരോലിക്കല്‍ ജോസഫിന്റെ മകനാണ് ജിബിന്‍.
ബീനയുടെ ശവസംസ്‌കാരം പിന്നീട് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയില്‍ നടത്തും.

Monday, December 19, 2011

നേഴ്സുമാര്‍- ആധുനിക ലോകത്തിലെ അടിമകള്‍



പണ്ടു പണ്ട് നടന്ന കാര്യമാണ്്. പക്ഷേ, കേള്‍ക്കുമ്പോള്‍ ഇപ്പോഴും അദ്ഭുതം തോന്നും. എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു സമരം നടത്തി. ശമ്പളവര്‍ധനയോ തൊഴില്‍സാഹചര്യം മെച്ചപ്പെടുത്തലോ ആയിരുന്നില്ല ആവശ്യം. പിന്നെയോ, നഴ്‌സുമാരുടെ യൂനിഫോം ഫ്രോക്കില്‍നിന്ന് മാറ്റി സാരിയും ഓവര്‍കോട്ടുമാക്കിയതിന്റെ പ്രതിഷേധമായിരുന്നു അത്. അത്രയും നാള്‍ കോട്ടിടാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. നഴ്‌സുമാര്‍ കോട്ടിട്ടാല്‍ ഡോക്ടര്‍മാര്‍ക്ക് കുറച്ചിലാകുമെന്നതായിരുന്നു സമരത്തിനു പിന്നിലെ ചേതോവികാരം. നഴ്‌സുമാരുടെ കോട്ട് എടുത്തുമാറ്റുംവരെ ഞങ്ങള്‍ കോട്ടിടില്ല എന്നായിരുന്നു വാശി. പക്ഷേ, സമരം വിജയിച്ചില്ല. നഴ്‌സുമാര്‍ വെള്ളസാരി ഉടുക്കുന്നതിനാല്‍ അവരെ തിരിച്ചറിയാന്‍ പ്രയാസമില്ല എന്ന ന്യായത്തില്‍ സമരം പൊളിഞ്ഞു. പതിറ്റാണ്ടുകള്‍ക്കിപ്പുറം, ഏതാനും മാസം മുമ്പ്,  ദല്‍ഹിയിലെ ചില ആശുപത്രി അധികൃതര്‍ അവിടത്തെ നഴ്‌സുമാര്‍ക്ക് വിചിത്രമായ ഒരു നിര്‍ദേശം നല്‍കി: എല്ലാവരും കഴിയുന്നത്ര മനോഹരമായി അണിഞ്ഞൊരുങ്ങിവേണം ജോലിക്കെത്താന്‍.  ഓപറേഷന്‍ തിയറ്ററിലും തീവ്ര പരിചരണവിഭാഗത്തിലും ഉള്ളവരടക്കം ലിപ്‌സ്റ്റിക് ഇടണം. പരിശോധനാകിറ്റില്‍ ലിപ്‌സ്റ്റിക് കരുതണം. തെര്‍മോമീറ്റര്‍, അത്യാവശ്യ മരുന്നുകള്‍, പേന, പെന്‍സില്‍ തുടങ്ങിയവ കരുതേണ്ട സ്ഥാനത്താണ് ലിപ്‌സ്റ്റിക് കരുതണമെന്ന കര്‍ശന നിര്‍ദേശം. തീര്‍ന്നില്ല, ഔദ്യോഗിക പരിപാടികളില്‍ സാരിയോ ചുരിദാറോ അണിയരുത്. പകരം, ഫ്രോക്കോ മിഡിയോ ആകാം. ദല്‍ഹിയിലെ അന്താരാഷ്ട്ര പ്രശസ്തമായ ആശുപത്രിയാണ് ഈ രീതിക്ക് തുടക്കമിട്ടത്. പതിയെ ഇത് രാജ്യംമുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. സാന്ത്വനം എന്ന വാക്കിന്റെ ആള്‍ രൂപങ്ങളെയാണ് ഇത്രകാലം നാം നഴ്‌സ് എന്ന വാക്കുകൊണ്ട്  ഉദ്ദേശിച്ചിരുന്നത്.  രോഗവിമുക്തിയുണ്ടാകുന്നവിധത്തില്‍  ഒരു രോഗി ജീവിക്കുന്ന ചുറ്റുപാടിനെ രൂപപ്പെടുത്തുന്ന പ്രക്രിയ എന്നാണ് ആധുനിക നഴ്‌സിങ്ങിന്റെ മാതാവ് എന്നറിയപ്പെടുന്ന ഫേ്‌ളാറന്‍സ് നൈറ്റിംഗേല്‍ നഴ്‌സിങ്ങിന് നല്‍കിയിരിക്കുന്ന നിര്‍വചനം. എന്നാല്‍, ആധുനികയുഗത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് രോഗി ഉപഭോക്താവും നഴ്‌സുമാര്‍ അവരെ ആകര്‍ഷിക്കുന്ന 'കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവു'കളുമാണ്. രോഗിയെ പരിചരിക്കാന്‍ മാത്രമല്ല അവര്‍ക്ക് കണ്ടാസ്വദിക്കാനുമുള്ള ഉപകരണംകൂടിയാവുകയാണ് ആധുനിക നഴ്‌സ്.
നഴ്‌സിങ് എന്ന സ്വപ്നലോകം
പണ്ടൊക്കെ നഴ്‌സാണ് എന്നുപറയുന്നത് അത്ര നല്ല ജോലിയായല്ല പൊതുജനം കണ്ടിരുന്നത്. മലയാളികളുടെ ഹീനമായ മുന്‍വിധികളായിരുന്നു ഇതിനു കാരണം. പുരുഷന്മാരെ തൊട്ടുപരിചരിക്കേണ്ടിവരുന്നത്, രാത്രിജോലി, പുരുഷ ഡോക്ടറുമായി പലപ്പോഴും ഒറ്റക്ക് ഒരിടം പങ്കിടേണ്ടി വരുക തുടങ്ങി ജോലിക്കുള്ള പ്രത്യേക സ്വഭാവവും  നല്ല ജീവിതനിലവാരത്തോട് നാട്ടുകാര്‍ക്കുണ്ടായ അസൂയയും ചേര്‍ന്നപ്പോഴാണ്  ഈ കാഴ്ചപ്പാട് രൂപപ്പെട്ടത്. എങ്കിലും, നഴ്‌സിങ്‌പോലെ മലയാളി സ്ത്രീകള്‍ക്ക് ഇത്ര ആത്മവിശ്വാസം നല്‍കിയ മറ്റൊരു ജോലിയുണ്ടോയെന്ന് സംശയമാണ്. കേരളത്തിലെ വനിതകള്‍ക്ക് കിട്ടിയ ആദ്യത്തെ തൊഴിലുറപ്പുപദ്ധതിയാണ് നഴ്‌സിങ് എന്നും പറയാം. ജോലിയാവശ്യത്തിന് വിദേശത്തേക്കുള്ള കുടിയേറ്റത്തിന് തുടക്കമിട്ടതുപോലും നഴ്‌സുമാരിലൂടെയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദേശ മിഷനറിമാരാണ് ഇതിന്് അരങ്ങൊരുക്കിയത്. ദൈവകാരുണ്യ പ്രവൃത്തിയെന്ന നിലക്ക് രോഗീശുശ്രൂഷക്ക് നല്ല കുടുംബത്തിലെ ക്രിസ്ത്യാനി പെണ്‍കുട്ടികളെ അമേരിക്കയിലേക്കാണ് പ്രധാനമായും കൊണ്ടുപോയിരുന്നത്. ഇത് അവരുടെ സാമ്പത്തികനിലവാരം കുത്തനെ ഉയര്‍ത്തി. കുടുംബത്തിന്റെ മുഖ്യവരുമാനസ്രോതസ്സായതോടെ മറ്റ് കുടുംബാംഗങ്ങളുടെ സമീപനത്തിലും മാറ്റം വന്നു. പുരുഷ മേധാവിത്വത്തില്‍നിന്ന് രക്ഷപ്പെട്ട ഇവര്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ സ്ത്രീകളെ ഈ ജോലിയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു. റബര്‍ നടുന്നതിനെക്കാള്‍ എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ നഴ്‌സിങ് പഠിച്ചാല്‍ സാധിക്കും എന്ന് മധ്യതിരുവിതാംകൂറുകാര്‍ തിരിച്ചറിയുന്നതിനു മുമ്പ് എല്ലാ അര്‍ഥത്തിലും ആതുരസേവനംതന്നെയായിരുന്നു ഇത്. അല്‍പം ദീനാനുകമ്പയും സഹജീവിസ്‌നേഹവുമുള്ളവര്‍ മാത്രമേ ഈ ജീവിതം തെരഞ്ഞെടുത്തിരുന്നുള്ളൂ. കുഷ്ഠരോഗിയുടെ പഴുത്തളിഞ്ഞ മുറിവില്‍നിന്ന് പുഴുക്കളെ പുറത്തെടുക്കാനും ക്ഷയരോഗി തുപ്പുന്ന മഞ്ഞനിറമുള്ള കഫം തുടച്ചുനീക്കാനുമൊക്കെ കുറച്ചു മനക്കട്ടിയും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ, ഇതിലും ദയനീയ ജീവിതംനയിക്കാന്‍ വിധിക്കപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ രണ്ടും കല്‍പിച്ച് ഈ രംഗത്തേക്ക് ഇറങ്ങിത്തുടങ്ങി. മറ്റുനാടുകളെ അപേക്ഷിച്ച് സ്വതവേ അടങ്ങിയൊതുങ്ങി കഴിയാന്‍ ശീലിക്കപ്പെടുന്ന മലയാളി പെണ്‍കുട്ടികള്‍ക്ക് ലോകത്തെമ്പാടുമുള്ള ആരോഗ്യമേഖലയില്‍ ഒരു പ്രത്യേക സ്വീകാര്യത കിട്ടുകയും ചെയ്തു. നഴ്‌സിങ് പഠിച്ചാല്‍ പട്ടിണി കിടക്കേണ്ടിവരില്ല എന്ന വിശ്വാസത്തിന്റെ സ്ഥാനത്ത് നഴ്‌സായാല്‍ കാശുവാരാം എന്ന്  ഉറപ്പായതിനാല്‍ താല്‍പര്യമുള്ളവരും ഇല്ലാത്തവരുമെല്ലാം ശുശ്രൂഷകരാകാന്‍ തിക്കിത്തിരക്കി. വൈദ്യശുശ്രൂഷയെന്നാല്‍ ദൈവശുശ്രൂഷതന്നെയാണെന്ന പഴയ കാഴ്ചപ്പാടോ,  കാരുണ്യപ്രവര്‍ത്തനംവഴികിട്ടുന്ന പുണ്യമോ ആയിരുന്നില്ല. മറിച്ച്, വിദേശത്തേക്ക് കടന്നാല്‍ പ്രതിമാസം കിട്ടുന്ന ലക്ഷങ്ങളായിരുന്നു ഇവരുടെ മുഖ്യലക്ഷ്യം. തുടക്കത്തില്‍ ഇതൊരു നല്ല കാര്യമായിരുന്നു. വന്‍തോതില്‍ വിദേശനാണ്യം നമ്മുടെ നാട്ടിലെത്തി. യൂറോയും  ഡോളറും റിയാലും ദിനാറുമൊക്കെ പലര്‍ക്കും രണ്ടാം കറന്‍സിയായി. ഇതൊക്കെകണ്ട് കണ്ണുമഞ്ഞളിച്ച മാതാപിതാക്കള്‍ക്ക് മക്കളെ എങ്ങനെയും നഴ്‌സാക്കിയാല്‍ മതിയെന്നായി. സാമ്പത്തിക അന്തരമൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല.  മറ്റ് പലതിലുമെന്നപോലെ കിട്ടിയ അവസരം കളയാതെ സമൂഹത്തിലെ തട്ടിപ്പുകാര്‍ ഈ ഭ്രമവും മുതലെടുത്തു. ഇതോടെ എല്ലാം തകിടംമറിഞ്ഞു. ആവശ്യക്കാര്‍ക്കെല്ലാം നാട്ടില്‍ പഠനത്തിന് സൗകര്യമില്ലാതിരുന്നത് മറുനാട്ടിലെ നഴ്‌സിങ് കോളജുകള്‍ക്ക് കുശാലായി. പഴയ ട്യൂട്ടോറിയല്‍ കോളജുകളെക്കാള്‍ ശോച്യാവസ്ഥയിലായ കെട്ടിടങ്ങളില്‍ വെറും പതിനായിരങ്ങള്‍ മാത്രം ഫീസ് വാങ്ങി തുടങ്ങിയ കോളജുകള്‍ താമസിയാതെ ലക്ഷങ്ങള്‍ ഫീസീടാക്കി മണിമന്ദിരങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റി. പഠിച്ചിറങ്ങിയാല്‍ പത്ത് മാസത്തിനകം മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന് മനക്കോട്ടകെട്ടിയ രക്ഷാകര്‍ത്താക്കള്‍ അതത്ര ഗൗനിച്ചുമില്ല. ഇത്രയും തുക കഴിവില്ലാത്തവര്‍ക്കായി ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പനല്‍കാന്‍ തയാറായി. സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ വായ്പയും സീറ്റും സംഘടിപ്പിച്ചുനല്‍കുന്ന ഇടനിലക്കാര്‍ കേരളത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു. പക്ഷേ, ഇതിനിടയിലൊന്നും ഈ പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം നല്ല ശമ്പളത്തില്‍ ജോലികിട്ടാന്‍ മാത്രം ഒഴിവ് ഈ ലോകത്തെ ആശുപത്രികളിലുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. മാത്രമല്ല, അന്യസംസ്ഥാനങ്ങളിലെയും അന്യരാജ്യങ്ങളിലെയും കുട്ടികള്‍ ഇതേപാത പിന്തുടര്‍ന്നാല്‍ എന്താകും സ്ഥിതിയെന്നും ആരും ചോദിച്ചില്ല്‌ള.  ഒടുവില്‍, അനിവാര്യമായത് സംഭവിച്ചു. നമ്മുടെ നാട്ടിലെ നഴ്‌സുമാരും ബി.എഡുകാരും ഒരുപോലെയായി. അതായത്, വഴിയാധാരം. ബി.എഡുകാര്‍ക്ക് ട്യൂഷനെങ്കിലുമെടുക്കാം നഴ്‌സുമാര്‍ക്ക് അതുപോലും പറ്റില്ലെന്നൊരു വ്യത്യാസവുമുണ്ട്. അധികമായാല്‍ അമൃതും വിഷമെന്ന പഴഞ്ചൊല്ലോ ലഭ്യത കൂടുമ്പോള്‍ ആവശ്യം കുറയുമെന്ന ധനതത്ത്വശാസ്ത്ര തത്ത്വമോ ഈ സാഹചര്യത്തെ മനസ്സിലാക്കാന്‍ നമുക്ക് ഉപയോഗിക്കാം. പക്ഷേ, കടമെടുത്ത കാശിന് പലിശ ചോദിച്ചുവരുന്നവനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട്, ഏത് തുക്കടാ ആശുപത്രിയിലും നഴ്‌സിങ് ഹോമിലും ജോലിചെയ്യാന്‍ നിലവില്‍ കേരളത്തിലെ നഴ്‌സുമാര്‍ തയാറാകേണ്ടിവരും. നാട്ടുനടപ്പനുസരിച്ചുള്ളതിന്റെ നാലിലൊന്ന് പൈസപോലും ശമ്പളം കിട്ടില്ലെന്ന് മാത്രം. ശമ്പളം കൂട്ടിത്തരാന്‍ ആവശ്യപ്പെടുന്നവരെ, നാവടക്കൂ പണിയെടുക്കൂ എന്ന മുദ്രാവാക്യവുമായാണ് ആശുപത്രി മാനേജ്‌മെന്റ് നേരിടുന്നത്. പഠിക്കാന്‍ ചെലവായ പണം പാഴാകുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. പണ്ട് നഴ്‌സിങ്ങിലൂടെ മറുനാടുകളില്‍നിന്ന് മലയാളി പെണ്‍കുട്ടികള്‍ ഇവിടെ എത്തിച്ച പണം ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ നഴ്‌സിങ് പഠനത്തിന്റെ പേരില്‍ മറുനാട്ടുകാര്‍ക്ക് തിരിച്ചുകൊടുത്തു എന്നുവേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമെന്നതുപോലെ ഈ പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥ ആശുപത്രിവ്യവസായത്തിന് വളരെയധികം പ്രയോജനപ്പെട്ടു. മെഡിക്കല്‍ ടൂറിസം എന്നൊക്കെ പറഞ്ഞ് ഹരംകൊണ്ടിരിക്കുന്നവര്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ള അസംസ്‌കൃത വസ്തുവാണ് നഴ്‌സുമാര്‍. അതിങ്ങനെ വളരെ ചെലവുകുറഞ്ഞ് മുന്തിയ നിലവാരത്തില്‍ യഥേഷ്ടം കിട്ടുന്ന സമയത്ത് പത്ത് കാശുണ്ടാക്കാന്‍ നോക്കുമോ അതോ മനുഷ്യാവകാശവും പറഞ്ഞിരിക്കുമോ? ആശുപത്രി ബിസിനസുകാര്‍ ആദ്യത്തെ വഴി തിരഞ്ഞെടുത്തു. കൂടുതല്‍ ലാഭം തരുന്ന ഉല്‍പന്നമായി ''ഈ അസംസ്‌കൃത വസ്തുവിനെ'' മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് നഴ്‌സുമാര്‍ ചുണ്ട് ചുവപ്പിക്കണമെന്ന നിര്‍ദേശം വന്നത്. നഴ്‌സുകുട്ടികള്‍ കരഞ്ഞ് കണ്ണുചുവപ്പിക്കുന്നത് പതിവായതിനാല്‍ ചുണ്ടു ചുവപ്പിക്കുന്നതൊരു വലിയ പ്രശ്‌നമായി ആരും കാണാന്‍ വഴിയില്ല.  
അന്യനാടുകളില്‍
നടക്കുന്നത്
കുറച്ചുനാള്‍ മുമ്പ് ടെലിവിഷന്‍ വെച്ചാല്‍ ഉടന്‍ കാണുന്നത് ചില നഴ്‌സുമാര്‍ പ്ലക്കാര്‍ഡും പിടിച്ച് കുത്തിയിരിക്കുന്നതായിരുന്നു. നാഴികക്ക് നാല്‍പതുവട്ടം സമരം നടക്കുന്ന നാടായതിനാല്‍ കേരളത്തിലെ പലര്‍ക്കും അതൊരു കാഴ്ചയേ ആയില്ല. സത്യത്തില്‍, ശിപായി ലഹളക്കും ക്വിറ്റ് ഇന്ത്യാ സമരത്തിനുമൊക്കെ ഒപ്പം വെക്കേണ്ടതായിരുന്നു ഇത്.  കാരണം, പ്രതികരണശേഷി ഇല്ലെന്ന് എല്ലാവരും കരുതിയിരുന്ന നഴ്‌സുമാര്‍ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിച്ച് ദല്‍ഹിയില്‍ നടത്തിയ സമരമായിരുന്നു അത്. സിരകളില്‍ തിളക്കുന്ന വിപ്ലവമോ ചെ ഗുവേരയുടെ ഓര്‍മകളോ ഒന്നുമല്ല അവരെ തെരുവിലിറക്കിയത്. മറിച്ച്, ദല്‍ഹിയിലെ പഞ്ചനക്ഷത്ര ആശുപത്രികളില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകളാണ്. സാധാരണ തൊഴിലാളികള്‍ സമരം ചെയ്യുന്നതുപോലെയല്ല നഴ്‌സുമാരുടെ സമരം. വ്യവസ്ഥാപിതമായ സംഘടനയോ രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണമോ ഇവര്‍ക്കില്ല. സമരം ചെയ്താല്‍ ജോലി പോകുമെന്നു മാത്രമല്ല, പ്രതികാര ബുദ്ധിയോടെ മാനേജ്‌മെന്റ് പരത്തുന്ന അപവാദങ്ങളില്‍പെട്ട് മാനംപോവുകയും ചെയ്യും. മൂന്നും നാലും ലക്ഷം രൂപ മുടക്കി നഴ്‌സിങ് കോഴ്‌സ് പാസാകുന്നവരെ വന്‍തുക നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കുവേണ്ടി ഏജന്റുമാര്‍  വലവീശിപ്പിടിക്കുന്നത്.  8000 മുതല്‍ 10,000 രൂപവരെ വാഗ്ദാനത്തില്‍ കാണും. പക്ഷേ, കൈയില്‍ കിട്ടുന്നത് 5000 ആയിരിക്കും. ബാക്കി ഹോസ്റ്റല്‍ ഫീസ്, പി.എഫ്, വെല്‍ഫെയര്‍ ഫണ്ട് എന്നൊക്കെ പറഞ്ഞ് മാനേജ്‌മെന്റ് വിഴുങ്ങും. ശമ്പളം നല്‍കുന്നതിന് ഒരു വ്യവസ്ഥയുമില്ലാത്തതുകൊണ്ട് അവര്‍ക്ക് ആരെയും പേടിക്കേണ്ട. ആറ് മണിക്കൂറാണ് നഴ്‌സുമാരുടെ അംഗീകൃത ജോലിസമയമെങ്കിലും പന്ത്രണ്ടും പതിനാലും മണിക്കൂര്‍ കഴിഞ്ഞേ വിശ്രമിക്കാന്‍ പറ്റൂ. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ കുറഞ്ഞ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലിചെയ്യേണ്ടിവരും. ഇതിനിടയില്‍ ശമ്പളവര്‍ധനയുമുണ്ടാകില്ല. എതിര്‍ത്താല്‍ ഗുണ്ടകളായിരിക്കും മറുപടി പറയുക. പി.എഫ് വിഹിതം മാനേജ്‌മെന്റ് അടയ്ക്കുന്നുണ്ടോയെന്ന് ദൈവത്തിനു മാത്രമേ അറിയൂ. പക്ഷേ, ഇന്റന്‍സിവ് കെയര്‍ യൂനിറ്റില്‍ ജോലി നോക്കുന്നവര്‍ക്ക് അല്‍പംകൂടി കൂടുതല്‍ പരിഗണന കിട്ടും. കാരണം, ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗി മരിച്ച് ഏതാനും ദിവസം കഴിഞ്ഞുമാത്രമേ ബന്ധുക്കളെ വിവരമറിയിക്കാറുള്ളൂ. ഈ ദിവസങ്ങളില്‍കൂടി രോഗിയെ ശുശ്രൂഷിച്ചതിന്റെ ചാര്‍ജ് ഈടാക്കാനാണിത്. ഇതിന് കൂട്ടുനില്‍ക്കുന്ന നഴ്‌സുമാരെ പിണക്കാതിരിക്കേണ്ടത് ആശുപത്രിയുടെ ആവശ്യമാണല്ലോ. മുറിവാടകയും മറ്റ് അത്യാവശ്യചെലവുകളും ലോണ്‍ തിരിച്ചടവും കഴിഞ്ഞാല്‍ പിന്നൊന്നും മിച്ചമില്ലാതായതോടെ ദല്‍ഹിയിലെ മിടുക്കികള്‍ ഒരു വഴി കണ്ടെത്തി. താമസസ്ഥലത്തിന് അടുത്തുള്ള വീടുകളിലെ അവശരായിക്കിടക്കുന്ന രോഗികളെ പരിചരിക്കുക. രണ്ട് മണിക്കൂര്‍ ജോലിക്ക് 200 രൂപവരെ നല്‍കാന്‍ വീട്ടുകാരും തയാര്‍. പക്ഷേ, ഇതിന്റെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ ആശുപത്രികള്‍ ഇത്തരം വീടുകളുമായി നേരിട്ട് കരാറുണ്ടാക്കി. ഇപ്പോള്‍ ചില ആശുപത്രികളില്‍നിന്ന് ജോലിയുടെ ഭാഗമായി നഴ്‌സുമാര്‍ ഇത്തരം വീടുകളില്‍കൂടി പോകേണ്ട ഗതികേടിലായി. ആശുപത്രിയിലെ വിവിധ പീഡനങ്ങള്‍ക്ക് പുറമെ നാട്ടുകാരുടെ ചൂഷണംകൂടി കരുതിയിരിക്കേണ്ട സ്ഥിതിയിലായി പാവം 'സിസ്റ്റര്‍മാര്‍.' ഇങ്ങനെ വര്‍ഷങ്ങളോളം അനുഭവിച്ച നരകയാതനകള്‍ക്കൊടുവിലാണ് പല ആശുപത്രികളിലും പ്രതിഷേധമുയര്‍ന്നത്. മഹാരാജാ ആഗ്രസെന്‍, മെട്രോ, ബത്ര തുടങ്ങിയ ആശുപത്രി എന്നിവിടങ്ങളില്‍ സമരം വിജയം കണ്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും നേതാക്കള്‍ക്കെതിരെ ആരംഭിച്ച പ്രതികാരനടപടി ഇനിയും തീര്‍ന്നിട്ടില്ല. ബത്രയിലെ സമരംതീര്‍ക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനും കേരളത്തിലെ എം.പിമാര്‍ക്കും ഇടപെടേണ്ടിവന്നു. നഴ്‌സുമാര്‍ ഉന്നയിച്ച ആവശ്യം കേട്ടാല്‍ കണ്ണു നിറഞ്ഞുപോകും. മിനിമംകൂലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, ചികിത്സാസൗകര്യം ലഭ്യമാക്കുക, വര്‍ഷത്തില്‍ കുറഞ്ഞത് ഒരു മാസം അവധി അനുവദിക്കുക -ആവശ്യങ്ങള്‍ കഴിഞ്ഞു. നിലവില്‍ വര്‍ഷം 15 ദിവസത്തെ അവധി മാത്രമാണ് നല്‍കിയിരുന്നത്. മെഡിക്കല്‍ ലീവ് എന്നത് ആശുപത്രി അധികൃതര്‍ കേട്ടിട്ടുകൂടിയില്ല്‌ള. എത്ര ഗുരുതരാവസ്ഥയിലെത്തിയാലും നഴ്‌സുമാര്‍ക്ക് സ്വന്തം ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്ററിലെ നഴ്‌സും തിരുവല്ല സ്വദേശിനിയുമായ ജീമോളുടെ മരണമാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മഞ്ഞപ്പിത്തംബാധിച്ച് ഗുരുതരാവസ്ഥയിലായ ജീമോളെ നാട്ടിലേക്ക് അയക്കാനായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. കേരളഎക്‌സ്‌പ്രസില്‍ കോട്ടയത്ത് എത്തിയപ്പോഴേക്കും  തീരെ അവശയായിരുന്ന ജീമോള്‍ പിന്നീട് പുഷ്പഗിരി ആശുപത്രിയില്‍ മരിച്ചു. ജീമോള്‍ക്ക് മരിക്കുംമുമ്പ് സ്വന്തം നാട്ടിലെത്താനായി എന്ന് ആശ്വസിക്കാം. മറ്റുപലര്‍ക്കും അതിനുള്ള ഭാഗ്യംപോലും കിട്ടാറില്ല. പക്ഷേ, ആന്ധ്രയിലെ ആശുപത്രി നടത്തിപ്പുകാര്‍ ഇനി അല്‍പം സൂക്ഷിക്കും. ഏതാനും മാസം മുമ്പ് വിശാഖപട്ടണത്തെ ഒരു പ്രമുഖ ആശുപത്രി കേരളത്തില്‍നിന്ന് അമ്പത് നഴ്‌സുമാരെ തിരഞ്ഞെടുത്തു. തുടക്കത്തില്‍ 8000 രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ട് വര്‍ഷം ജോലിചെയ്യണം. നാട്ടുനടപ്പ് അനുസരിച്ച് അതുവരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി മാനേജ്‌മെന്റ് വാങ്ങിവെക്കും. പ്രതീക്ഷയോടെ ചെന്ന കുട്ടികള്‍ക്ക് ആദ്യം നല്‍കിയത് തറ തുടക്കുന്ന പണി. പല ദിവസവും 16 മണിക്കൂര്‍വരെ ജോലി നീണ്ടു. ഒരു മാസം തികയുന്നതിന് മുമ്പേ അവര്‍ ചിലര്‍ രാജിക്കത്ത് നല്‍കി. പിരിഞ്ഞുപോകുന്നതില്‍ മാനേജ്‌മെന്റിനും സന്തോഷമെയുള്ളൂ. പക്ഷേ, സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കണമെങ്കില്‍ 75,000 രൂപ നല്‍കണം. ജീവനക്കാര്‍ പിരിഞ്ഞുപോകുമ്പോള്‍ ആശുപത്രിക്ക് കാശുകിട്ടുന്നത് സുഖമുള്ള കാര്യമല്ലേ.  അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെ കുടുംബത്തില്‍ ആസ്തിയുള്ള ചിലര്‍ പണംകൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നിര്‍ബന്ധിതരായി. ആത്മഹത്യമാത്രം മുന്നിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ അറ്റകൈ പ്രയോഗംതന്നെ നടത്തി. വേറൊന്നുമല്ല, സര്‍ട്ടിഫിക്കറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അവര്‍ നക്‌സലൈറ്റുകളെ സമീപിച്ചു. 48 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടി. അതും ഒരു രൂപപോലും ചെലവാകാതെ. പക്ഷേ, ഇവര്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട അപവാദപ്രചാരണങ്ങള്‍ തടയാന്‍ നക്‌സലൈറ്റുകള്‍ക്കും കഴിഞ്ഞില്ല.  
വിദേശജോലിയാണ് നഴ്‌സിങ് പഠി ക്കുന്നവരുടെ സ്വപ്‌നം. അതിനുള്ള പ്രവൃത്തിപരിചയത്തിനാണ് മിക്കവരും ഇവിടത്തെ ആശുപത്രികളില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കുന്നത്. എന്നാല്‍,  ഐ.എല്‍.ടി.എസ് പാസായി വിദേശത്ത് ജോലി നേടാന്‍ വളരെ ചുരുക്കം പേര്‍ക്കെ സാധിക്കുന്നുള്ളൂ. അമേരിക്കയും യു.കെയുമടക്കം മിക്ക രാജ്യങ്ങളിലും നഴ്‌സിങ് രംഗത്തെ അവസരങ്ങള്‍ അവസാനിച്ചുകഴിഞ്ഞു. ഗള്‍ഫില്‍ അന്യനാട്ടുകാരായ നഴ്‌സുമാരെ കാരണമൊന്നുമില്ലാതെ പറഞ്ഞുവിടാനും തുടങ്ങിയിരിക്കുന്നു.
ഇതറിയാതെ വിദേശത്തേക്ക് പോകാന്‍ തിരക്ക്കൂട്ടുന്നവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ചതിയില്‍ പെടാറാണ് പതിവ്. എന്നാല്‍, വിദേശത്ത് നഴ്‌സിങ് ഹോം തന്നെ സ്ഥാപിച്ച് പണം തട്ടുന്ന വിരുതന്മാരുമുണ്ട്. നിര്‍ഭാഗ്യവശാല്‍, അവരും മലയാളികളാണ്. യു.കെയില്‍ സ്വാന്‍സിയിലും ഡെവനിലുമായി മലയാളി നടത്തിയിരുന്ന നാല് നഴ്‌സിങ്‌ഹോമുകള്‍ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. ഇതില്‍ മൂന്നെണ്ണം ബാങ്ക് ഏറ്റെടുത്തെങ്കിലും പ്രവര്‍ത്തനം തുടരുമോ എന്നത് സംശയത്തിലാണ്. പത്ത് വര്‍ഷം മുമ്പ് നഴ്‌സായി യു.കെയിലെത്തിയ കോട്ടയം സ്വദേശിയുടേതാണ് ഈ നഴ്‌സിങ്‌ഹോമുകള്‍. സ്‌പോണ്‍സര്‍ഷിപ്പുള്ളതിനാല്‍ ഇവിടെ റിക്രൂട്ട്‌മെന്റും നടത്തിയിരുന്നു. പത്ത് മുതല്‍ 15 ലക്ഷംവരെ ഈടാക്കിയാണ് നഴ്‌സുമാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും ജോലി നല്‍കിയത്. പൂട്ടുമെന്ന് ഉറപ്പായശേഷവും നിയമനം നടന്നിരുന്നു. ഗള്‍ഫ്‌രാജ്യങ്ങളില്‍ നഴ്‌സുമാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തീവ്രശ്രമം നടക്കുകയാണ്. സൗദി  ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തിയിട്ടുമുണ്ട്. വിദേശികളെ ആറുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടെന്നാണ് ശിപാര്‍ശ.
കേരളത്തിലെ സ്ഥിതി
സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാറിനും ദല്‍ഹി സര്‍ക്കാറിനും ഇന്ദ്രപ്രസ്ഥ, അപ്പോളോ ആശുപത്രികള്‍ക്കും ദല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചത് രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നഴ്‌സുമാരെ അടിമകളായി കണക്കാക്കിയാണ് ജോലിചെയ്യിക്കുന്നതെന്ന നിരീക്ഷണമായിരുന്നു ഇതില്‍ പ്രധാനം. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തേതന്നെ ഹൈകോടതി വിധിച്ചതാണ്. പക്ഷേ, പാലിക്കപ്പെട്ടില്ല. സ്വകാര്യ ആശുപത്രികള്‍ക്കുള്ള പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ എന്താണെന്ന് മറുപടിയില്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി കേസ് പരിഗണിക്കുന്ന ജൂലൈ 20നകം ഇത് നല്‍കുകയും വേണം. അപ്പോളോയിലെ സ്റ്റാഫ് നഴ്‌സും മലയാളിയുമായ ആന്‍സിയാണ് പരാതി നല്‍കിയത്. ഈ വര്‍ഷം തുടക്കത്തില്‍ ജോലിക്ക് കയറിയ ആന്‍സി  അമ്മയെ ചികിത്സിക്കാനാണ് ജോലി രാജിവെച്ചത്. പക്ഷേ, സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ ആശുപത്രി ചോദിച്ചത് 45,000 രൂപയാണ്. ആന്‍സി ദല്‍ഹിയില്‍ ജോലിക്ക് കയറിയ നാളുകളിലൊന്നില്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ജോലിനോക്കുന്ന നഴ്‌സുമാരുടെ രക്ഷാകര്‍ത്താക്കള്‍ കോട്ടയം പ്രസ്‌ക്ലബില്‍ പത്രസമ്മേളനം നടത്തി.
നമുക്ക് ചുറ്റുമുള്ള, സുപരിചിതമായ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ ചുരുക്കാം:  സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ സേവന- വേതനവ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിദ്യാഭ്യാസവായ്പയുടെ പലിശ എഴുതിത്തള്ളുക, തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുക, മെയില്‍ നഴ്‌സുമാരുടെ സേവനം നിര്‍ബന്ധമാക്കുക, ജോലിഭാരം ലഘൂകരിക്കുക, ജോലിസമയം നിജപ്പെടുത്തുക, മാന്യമായ ശമ്പളം അനുവദിക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നത് അവസാനിപ്പിക്കുക, ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കുക, മതിയായ വാര്‍ഷിക ലീവും മെഡിക്കല്‍ ലീവുകളും അനുവദിക്കുക, രോഗപ്രതിരോധ വാക്‌സിനേഷനും ചികിത്സയും നഴ്‌സുമാര്‍ക്ക് സൗജന്യമായി നല്‍കുക. വെറുതെ പറയുക മാത്രമല്ല, അന്നത്തെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മറ്റ് രാഷ്ട്രീയ നേതാക്കള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ക്ക് നിവേദനങ്ങളും നല്‍കി. ഒപ്പം ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയും അവര്‍ ഉണ്ടാക്കി. മറ്റ് മേഖലകളില്‍ തൊഴില്‍സുരക്ഷിതത്വവും സാമൂഹികസുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ തൊഴിലാളികള്‍തന്നെയാണ് സമരം ചെയ്യുന്നതെങ്കില്‍ ആരോഗ്യമേഖലയിലുള്ളവര്‍ക്കുവേണ്ടി മാതാപിതാക്കള്‍ സമരം നടത്തുന്നു എന്നു പറയുമ്പോള്‍തന്നെ സ്ഥിതിഗതികള്‍ എത്ര രൂക്ഷമാണ് എന്ന് ഊഹിക്കാമല്ലോ. നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം പഠനകാലം മുതല്‍ തുടങ്ങുന്ന വിവിധതരം ചൂഷണങ്ങളും പീഡനങ്ങളും സേവനകാലത്തും തുടരുന്നു എന്നതിനാലാണ് സംരക്ഷണം ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്ക് മുന്നോട്ടുവരേണ്ടിവന്നത്്.  മെയില്‍ നഴ്‌സുമാരുടെ സേവനം നിര്‍ബന്ധമാക്കണമെന്ന അവരുടെ ആവശ്യം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ആശുപത്രികളില്‍ പുരുഷനഴ്‌സുമാരുടെ എണ്ണം കൂടിയതോടെ സ്ത്രീനഴ്‌സുമാര്‍ക്കെതിരായ ചൂഷണത്തില്‍ വലിയ കുറവുണ്ടായി. ചിലേടങ്ങളില്‍ ചെറുത്തുനില്‍പുകള്‍ക്കും ആണ്‍കുട്ടികള്‍ മുന്നില്‍ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ, മിക്ക ആശുപത്രികളും മെയില്‍ നഴ്‌സുമാരെ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുക. ജോലിസ്ഥലത്തെ പീഡനങ്ങള്‍ സ്ത്രീകള്‍ സഹിക്കുന്നപോലെ പുരുഷന്മാര്‍ സഹിക്കില്ലല്ലോ. നഴ്‌സിങ് വിദ്യാര്‍ഥികളുടെയും ബോണ്ട് ചെയ്യുന്ന നഴ്‌സുമാരുടെയും എസ്. എസ്. എല്‍.സി മുതലുള്ള എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കേരളത്തിലെ ആശുപത്രി മാനേജ്‌മെന്റുകള്‍ വാങ്ങിവെക്കുന്നുണ്ട്.  എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ 25,000 രൂപ കെട്ടിവെച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസത്തേക്കെങ്കിലും തിരികെ വാങ്ങിക്കാന്‍ കഴിയൂ. തൊഴിലാളികളോട് അതിസ്‌നേഹമുള്ള നിരവധി തൊഴിലാളി യൂനിയനുകളുള്ള നാടാണെങ്കിലും നഴ്‌സുമാരെ സംഘടിപ്പിക്കാന്‍ മുന്‍നിര സംഘടനകളൊന്നും ഇതുവരെ ശ്രമിച്ചിട്ടില്ല. ഈ ദുരിതം നേരിട്ടറിഞ്ഞ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നഴ്‌സുമാരുടെ സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ചില ചട്ടങ്ങള്‍ തടസ്സമായി. സ്ഥിരം ജീവനക്കാരാണെന്ന് ആശുപത്രി മാനേജ്‌മെന്റ് സാക്ഷ്യപത്രം നല്‍കുന്നവരെ ചേര്‍ത്ത് മാത്രമേ നഴ്‌സുമാരുടെ തനത് സംഘടനയുണ്ടാക്കാനാവൂ. ഇതോടെ നഴ്‌സുമാരില്‍ ഉള്ള വിപ്ലവവീര്യവും കെട്ടടങ്ങി.
നിയമവും നാട്ടുനടപ്പും
തൊഴിലാളി എന്ന സാമൂഹിക പദവി കിട്ടിയതോടെയാണ് അടിമകള്‍ രക്ഷപ്പെട്ടതെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. പക്ഷേ, ആധുനികലോകത്ത് അടിമകള്‍ നഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇത് മറികടക്കാന്‍ ആരും ഒന്നും ചെയ്തില്ല എന്നു കരുതരുത്. സ്വകാര്യാശുപത്രികളില്‍ നിയമപരമായ വേതനവും ആനുകൂല്യവും ഉറപ്പുവരുത്താനുള്ള സമഗ്ര നിയമമൊക്കെ ഇവിടെയുമുണ്ട്. കേരള സര്‍ക്കാര്‍ 2009 ഡിസംബര്‍ 16ന് തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലിനിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2009 ജൂണ്‍ മാസം ഒന്നുമുതല്‍ ഇതിന് പ്രാബല്യവും കിട്ടി. ഇതനുസരിച്ച് നഴ്‌സിങ് സൂപ്രണ്ട്, ഫാര്‍മസി സൂപ്രണ്ട്, മൈക്രോ ബയോളജിസ്റ്റ്-ഗ്രേഡ് ഒന്ന് തുടങ്ങിയ തസ്തികയിലുള്ളവര്‍ക്ക് 5610-6810, സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്, ട്യൂട്ടര്‍ നഴ്‌സ്, ഹെഡ് നഴ്‌സ് തുടങ്ങിയവര്‍ക്ക് 5310-6460,  സ്റ്റാഫ് നഴ്‌സ് (ജനറല്‍ നഴ്‌സിങ്), സ്‌പെഷല്‍ ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങിയവര്‍ക്ക് 5100-6200, നഴ്‌സിങ് അസിസ്റ്റന്റ്-ഗ്രേഡ് ഒന്ന് 5040-6140, രണ്ടാം ഗ്രേഡ് നഴ്‌സിങ് അസിസ്്റ്റന്റ് 4770-5795, മൂന്നാം ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് 4630-5630 എന്നിങ്ങനെയാണ് വേതനം നല്‍കേണ്ടത്. 20 കിടക്കകള്‍വരെയുള്ള പ്രൈമറി കെയര്‍ സെന്ററിലെ നഴ്‌സുമാര്‍ക്കാണ് ഈ വേതനം നല്‍കേണ്ടത്. സ്‌പെഷാലിറ്റി സെന്റര്‍, സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് അതത് കാലത്തെ അടിസ്ഥാന ശമ്പളത്തിന്റെ 10 മുതല്‍ 30 ശതമാനംവരെ അധിക അലവന്‍സ് നല്‍കണം. മാത്രമല്ല, സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ അതത് ജില്ലാ കേന്ദ്രത്തിന്റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സൂചികയില്‍ 130ന് മേല്‍ വര്‍ധിക്കുന്ന ഓരോ പോയന്റിനും പ്രതിമാസം 26.65 രൂപ നിരക്കില്‍ ക്ഷാമബത്ത നല്‍കണം. ഒരു തൊഴിലുടമക്കുകീഴില്‍ പൂര്‍ത്തിയാക്കുന്ന ഓരോ അഞ്ചുവര്‍ഷത്തെ സര്‍വീസിനും പുതിയ വേതനസ്‌കെയിലില്‍ നിര്‍ണയിക്കപ്പെട്ട ശമ്പളത്തിന്റെ തൊട്ടടുത്ത നിരക്കിലുള്ള ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ് എന്ന രീതിയില്‍ സര്‍വീസ് വെയിറ്റേജ് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കുകയും വേണം. പക്ഷേ, ഇങ്ങനെയൊരു സംഭവമുള്ള കാര്യം നല്ലനിലയില്‍ നടക്കുന്ന ചില ആശുപത്രികള്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ. ആതുരസേവനം മുഖമുദ്രയാക്കിയ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോട്ടയം ജില്ലയിലെ ഒരു  സ്വകാര്യ ആശുപത്രി നല്‍കുന്ന വേതനം അറിഞ്ഞാല്‍ ഞെട്ടിപ്പോകും. 12 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന നഴ്‌സിന് കൈയില്‍ കിട്ടുന്നത് 6000 രൂപ. നാല് വര്‍ഷക്കാരിക്ക് 4000 രൂപ. പക്ഷേ, ഇവര്‍ക്ക് സങ്കടമില്ല. കാരണം, 31 വര്‍ഷം സര്‍വീസുള്ള ഇവിടത്തെ ക്ലര്‍ക്കിന് 4250 രൂപയും 26 വര്‍ഷം പരിചയമുള്ള ഫാര്‍മസിസ്റ്റിന് 5700 രൂപയുമാണ് കിട്ടുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് മിക്കവരുടെയും നിയമനം നടന്നിരിക്കുന്നത്. ഓരോ വര്‍ഷവും ഇത് പുതുക്കും. ആരുടെയെങ്കിലും പുതുക്കിയില്ലെങ്കില്‍ മിണ്ടാതെ അടുത്തജോലി അന്വേഷിക്കുക മാത്രമാണ് പോംവഴി.
ചെയ്യേണ്ട ജോലിയും ചെയ്യുന്ന ജോലിയും
രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം എന്നാണ് നഴ്‌സസ് മാനുവലില്‍ നഴ്‌സിന്റെ ജോലിയെക്കുറിച്ച് പറയുന്നത്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇതിന് അവസരം കുറവാണ്. ഏകാഗ്രതയോടെ രോഗികളെ പരിചരിക്കേണ്ടവര്‍ക്ക് തങ്ങളുടേതല്ലാത്ത ജോലികള്‍ ചെയ്യേണ്ടിവരുമ്പോള്‍ അപകര്‍ഷബോധം ഉണ്ടാവും. മരുന്നും ഇന്‍ജക്ഷനും ഡ്രിപ്പും നല്‍കുക,  രക്തസമ്മര്‍ദം, ശരീരതാപനില തുടങ്ങിയവ അളക്കുക എന്നിവയൊക്കെ നഴ്‌സിന്റെ ജോലിതന്നെ. ലാബില്‍ പോയി റിപ്പോര്‍ട്ടും പരിശോധനാഫലവും വാങ്ങല്‍, അതു ഡോക്ടറുടെ കൈയിലെത്തിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറ്റന്‍ഡറെയോ വാര്‍ഡ് ബോയിയോ നഴ്‌സിന്റെ നിര്‍ദേശാനുസരണം ചെയ്യേണ്ടവയാണ്. എന്നാല്‍, പല സ്വകാര്യാശുപത്രികളിലും നഴ്‌സുമാരും നഴ്‌സിങ് വിദ്യാര്‍ഥികളുമാണ് ഈ ജോലികളും ചെയ്യുന്നത്. ബെഡ് മേക്കിങ്ങില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയിരിക്കണമെന്ന് നഴ്‌സിങ് മാനുവലിലുണ്ട്. ശയ്യാവലംബിയായ രോഗികളുടെ കിടക്കവിരിക്കാന്‍ അറ്റന്‍ഡറെ നഴ്‌സ് സഹായിക്കണമെന്നുമുണ്ട്. ഇതിന്റെ പേരിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് സ്വകാര്യാശുപത്രികളില്‍ കിടക്ക വിരിപ്പിക്കുന്നത്. ഇതൊന്നും ആശുപത്രി നടത്തിപ്പുകാര്‍ക്ക് അറിയാത്തതല്ല.ഇതിനുമാത്രം ജീവനക്കാരെവെച്ചാല്‍ ആശുപത്രി എങ്ങനെ ലാഭത്തിലാവും? അപ്പോള്‍, ലാഭം നഴ്‌സിങ് സ്‌കൂളുകള്‍ തുടങ്ങുകയാണ്. അഡ്മിഷന് വാങ്ങുന്ന പണവും കൂലിയില്ലാതെ ജോലിചെയ്യിപ്പിക്കുന്നതിലെ ലാഭവും മാനേജ്‌മെന്റിനെടുക്കാം. ജോലി പോയാല്‍ ആ സ്ഥാനത്തേക്ക് മിനിറ്റുകള്‍ക്കകം അടുത്തയാള്‍ എത്തുമെന്നുറപ്പുള്ളതിനാല്‍ എന്ത് പീഡനവും സഹിച്ച് ജോലി നിലനിര്‍ത്തുക മാത്രമേ പാവപ്പെട്ട നഴ്‌സുമാര്‍ക്ക് കഴിയൂ.
(കടപ്പാട്: മാധ്യമം  ആഴ്ചപ്പതിപ്പ്)

Saturday, December 17, 2011

നെഴ്സുമാരില്‍നിന്നു ബോണ്ട് : നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം

ന്യൂ ഡല്‍ഹി: നഴ്സിംഗ് മേഖലയിലെ ബോണ്ടിംഗ് വ്യവസ്ഥക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍  സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട്  ആവശ്യപ്പെട്ടതായി  കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാം നബി ആസാദ് ലോകസഭയില്‍ അറിയിച്ചു.
നഴ്സുമാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ അതതു സംസ്ഥാന സര്‍ക്കാരുകളോട് സമഗ്ര  നിയമം പാസാക്കുന്നതുല്‍പ്പെടെയുള്ള കാര്യങ്ങളാണ് ആവശ്യപ്പെട്ടെതെന്നു  എംപിമാരായ ആന്റോ ആന്റണിയെയും  പി ടി തോമസിനെയും മന്ത്രി അറിയിച്ചു .ബോണ്ട്‌ സമ്പ്രദായം തുടരുന്നതും നഴ്സുമാരുടെ  സര്‍ട്ടിഫിക്കറ്റ് തടഞ്ഞു വയ്കുന്നതുമായ സ്ഥാപനങ്ങള്‍കെതിരെ ശിക്ഷ   നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേഴ്സിംഗ് കൌണ്‍സില്‍ സര്‍ക്കുലര്‍ അയച്ചതായും മന്ത്രി അറിയിച്ചു.

കര്‍ണാടകത്തിലും നഴ്‌സുമാര്‍ സമരത്തിലേക്ക്


മൈസൂര്‍: ഉത്തരേന്ത്യയിലും കേരളത്തിലും നഴ്‌സുമാര്‍ തുടങ്ങിവെച്ച സമരം കര്‍ണാടകത്തിലേക്കും വ്യാപിക്കുന്നു. സേവന, വേതന വ്യവസ്ഥകള്‍ പുതുക്കിനിശ്ചയിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ട് നഴ്‌സസ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനവരി 14 മുതല്‍ സംസ്ഥാനത്തെ എല്ലാ ആസ്​പത്രികളിലും അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് സംഘടനാഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി.

മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാരാണ് കര്‍ണാടകത്തിലെ വിവിധ ആസ്​പത്രികളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ പലരും കരാര്‍ അടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. മൂന്നും നാലും വര്‍ഷമായിട്ടും ഇവരുടെ വേതനം വര്‍ധിപ്പിച്ചു നല്‍കാന്‍ ആസ്​പത്രി അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല മറ്റിടങ്ങളിലേതു പോലെത്തന്നെ 12-15 മണിക്കൂര്‍ ഇവര്‍ക്കും ജോലിചെയ്യേണ്ടിവരുന്നുണ്ട്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ആസ്​പത്രികളടക്കം സമരം ആരംഭിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞു. ഏറെക്കാലമായി നഴ്‌സുമാര്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍പോലും ആസ്​പത്രി അധികൃതരോ സര്‍ക്കാറോ തയ്യാറാവുന്നില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ആസ്​പത്രികളിലടക്കം നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ടിന്റെയുംമറ്റും പേരില്‍ തടഞ്ഞു വെക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെക്കിട്ടാന്‍ പലപ്പോഴും വലിയ തുക നല്‍കേണ്ടിവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍ ആരോഗ്യമന്ത്രി ശ്രീരാമലുവിനെ അറിയിച്ചിരുന്നു. പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

(കടപ്പാട്:മാതൃഭൂമി,17/12/11)

Friday, December 16, 2011

മാനേജ്‌മെന്റ് പ്രസ്താവന അപക്വം-നഴ്‌സസ് അസോ.


കൊച്ചി: ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക് മാത്രം സ്വകാര്യ ആസ്​പത്രികളില്‍ നിയമനം നല്‍കിയാല്‍ മതിയെന്ന കേരളാ പ്രൈവറ്റ് ആസ്​പത്രി മാനേജ്‌മെന്റ് അസോസിയേഷന്റെ പ്രസ്താവന തികച്ചും അപക്വമാണെന്ന് ഇന്ത്യന്‍ രജിസ്റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.


കേരളത്തില്‍ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഈടാക്കി പഠിപ്പിച്ചിറക്കുന്ന നഴ്‌സിന് പ്രവൃത്തിപരിചയമില്ലെന്ന് പറയുന്നത് നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ കേരള നഴ്‌സിംഗ് കൗണ്‍സിലും, ഇന്‍ഡ്യന്‍ നഴ്‌സിംഗ് കൗണ്‍സിലും ശക്തമായ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരും നഴ്‌സുമാരെ ദ്രോഹിക്കുന്നു - നഴ്‌സസ് യൂണിയന്‍


തിരുവനന്തപുരം: സ്വകാര്യ മേഖലയ്ക്ക് സമാനമായി താത്കാലിക നിയമനത്തിന് അര്‍ഹമായ വേതനം നല്‍കാതെ സംസ്ഥാന സര്‍ക്കാരും നഴ്‌സുമാരെ ദ്രോഹിക്കുകയാണെന്ന് കേരള ഗവ. നഴ്‌സസ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. സ്മിതയും ജനറല്‍ സെക്രട്ടറി എം. ഗിരിജ തങ്കച്ചിയും ആരോപിച്ചു. നഴ്‌സുമാരുടെ തസ്തിക സൃഷ്ടിക്കാതെ വിവിധ ഏജന്‍സികള്‍ വഴി ദിവസവേതനാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആസ്​പത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഇപ്പോള്‍ നഴ്‌സുമാരെ നിയമിക്കുന്നത്. വിശ്രമമില്ലാതെ ദിവസവും 12 മണിക്കൂര്‍ വരെയാണ് താത്കാലിക നഴ്‌സുമാര്‍ ജോലി ചെയ്യുന്നത്. അവധിപോലുമില്ലാതെ 29 ദിവസം ജോലി ചെയ്താല്‍ മാത്രമാണ് 7000 രൂപ വേതനം നല്‍കുന്നത്. ഇതിനായി നടത്തുന്ന അഭിമുഖം പോലും പ്രഹസനമാണെന്നും അവര്‍ പറഞ്ഞു.

Thursday, December 15, 2011

മലയാളി നഴ്‌സുമാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടി


ന്യൂഡല്‍ഹി: ആസ്പത്രി തടഞ്ഞുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ മലയാളി നഴ്‌സുമാര്‍ക്ക് തിരിച്ചുകിട്ടി. മൂല്‍ഛന്ദ് ആസ്പത്രിയില്‍ നഴ്‌സുമാരായ ആലുവ സ്വദേശി ലീന പാപ്പച്ചന്‍, കാസര്‍കോട് സ്വദേശി ജസീന്താബായി എന്നിവര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കിയത്. ഇരുവരും രാജിവെച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അരലക്ഷം രൂപ കെട്ടിവെക്കണമെന്ന് ആസ്പത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രവാസി ലീഗല്‍ സെല്‍ മുഖേന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിക്കുംമുമ്പേ സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്കാന്‍ ആസ്പത്രി തയ്യാറായെന്ന് നഴ്‌സുമാര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ജോസ് എബ്രഹാം അറിയിച്ചു. 

നഴ്‌സ് നിയമനം ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കും-സ്വകാര്യ ആസ്‌പത്രി സംഘടന



കൊച്ചി: നഴ്‌സുമാരുടെ നിയമനത്തില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാക്കാന്‍ കേരളത്തിലെ സ്വകാര്യ ആസ്​പത്രി മാനേജ്‌മെന്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്​പിറ്റല്‍സ് അസോസിയേഷന്റെ തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഒരു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമില്ലാത്ത നഴ്‌സുമാരെ കേരളത്തിലെ സ്വകാര്യ ആസ്​പത്രികളില്‍ നിയമിക്കേണ്ടതില്ലെന്ന് അസോസിയേഷന്‍ തീരുമാനിച്ചത്. നഴ്‌സുമാര്‍ക്ക് ഈ പ്രവൃത്തിപരിചയം എങ്ങനെ ലഭ്യമാക്കാമെന്നതുസംബന്ധിച്ച് സര്‍ക്കാര്‍ ആലോചിച്ച് തീരുമാനമെടുക്കേണ്ടതാണെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു.

ഒരു ആസ്​പത്രിയില്‍നിന്ന് മാറി മറ്റൊരു ആസ്​പത്രിയില്‍ ജോലിക്കുചേരുന്ന നഴ്‌സുമാര്‍ നിര്‍ബന്ധമായും എതിര്‍പ്പില്ലാ രേഖ (എന്‍ഒസി സര്‍ട്ടിഫിക്കറ്റ്) ഹാജരാക്കണം. നഴ്‌സുമാരുടെ സമരം ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികള്‍ സ്വകാര്യ ആസ്​പത്രികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇവയെല്ലാം ആസ്​പത്രിപ്രവര്‍ത്തനം തന്നെ പ്രതിസന്ധിയിലാക്കുകയാണ്. ഈ വിഷയങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിലേക്ക് എത്തിക്കുന്നതിനായി ഒരു ഉപസമിതിയെ അസോസിയേഷന്‍ ചുമതലപ്പെടുത്തി. ഈ ഉപസമിതി താമസിയാതെ തൊഴില്‍വകുപ്പു മന്ത്രിയുമായി ചര്‍ച്ചനടത്തുമെന്നും അഡ്വ. ഹുസൈന്‍ പറഞ്ഞു.
(വാര്‍ത്ത  കടപ്പാട്:  മാതൃഭൂമി )

Wednesday, December 14, 2011

ദൈവങ്ങളുടെ സ്വന്തം ആശുപത്രി..!!

കാരുണ്യത്തിന്റെ മൂര്‍ത്ത രൂപം, ഒരാലിംഗനത്തിലൂടെ സര്‍വ്വ ലോകത്തിന്റെയും പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണുന്ന സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ  ആള്‍രൂപം ! ആത്മീയത  എങ്ങനെ മൊത്തകച്ചവടമാക്കാം  എന്ന് ലോകത്തെ പഠിപ്പിച്ച സ്ത്രീ രൂപം. ഇതാണ് സുധാമണി എന്ന അമൃതാനന്ദമയീ .
അവകാശങ്ങള്‍ക്ക്  വേണ്ടി സമരം ചെയ്ത പാവം നെഴ്സുമാരെ  എങ്ങനെ നേരിടുന്നുവെന്ന് കണ്ടുനോക്കൂ. പറയുമ്പോള്‍ എല്ലാം പറയണമല്ലോ. നമ്മുടെ കൂട്ടത്തിലുമുണ്ട് ചില പരട്ടകള്‍.  കൂടുതല്‍ കിട്ടുന്ന മുക്കാല്‍ ചക്രത്തിന് വേണ്ടി,അല്ലെങ്കില്‍ മാനേജുമെന്റിന്റെ  കാല്‍ കഴുകി കുടിച്ചാല്‍ കിട്ടുന്ന ഒരു പ്രൊമോഷന് വേണ്ടി സ്വന്തം വര്‍ഗത്തെ  ഒറ്റു കൊടുക്കുകയും വേണ്ടി വന്നാല്‍ അരയും തലയും മുറുക്കി ഒരു അങ്കത്തിനു തന്നെ തയ്യാറുള്ള വീരാംഗനകള്‍ .അങ്ങനെ ഒരെണ്ണത്തിനെ ഇവിടെയും കാണാം. പട്ടും വളയും അര്‍ഹിക്കുന്ന ഏഴാം കൂലി @#!() !

കണ്ടു അഭിപ്രായം പറയൂ..


ഒരു പെണ്ണായി പിറന്നു പോയ കുറ്റത്തിന് തന്നെ നമ്മള്‍ അപമാനിക്കപ്പെടുകയാണ്. ഒരു നേഴ്സ് കൂടിയായാല്‍ പറയേണ്ടതില്ല. എന്നാണ്  ഈ സമൂഹം നമ്മെ മനസിലാക്കാനും അംഗീകരിക്കാനും   തുടങ്ങുക??

മലയാളി നഴ്‌സുമാര്‍ നീതിതേടി ഡല്‍ഹി ഹൈക്കോടതിയില്‍


ഭരണാധികാരികളില്‍ നിന്നും നാം നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.അതൊരു ആകാശകുസുമം മാത്രമാണ്   .നീതിപീഠം   മാത്രമാണ്   ഇനി   നമുക്ക്   ശരണം  .ഓരോരുത്തരും   തങ്ങളുടെ   പ്രശ്ന  പരിഹാരത്തിനായി  നീതിപീടത്തിന്റെ   മുന്‍പില്‍  എത്തേണ്ട  അവസ്ഥ  നമ്മുടെ  നാടിന്റെ  ഭരണകൂടം  ഏതു അവസ്ഥയില്‍  എത്തിയിരിക്കുന്നു   എന്നതിന്റെ  തെളിവാണ്. നമുക്ക് കോടതിയെ  തന്നെ  ശരണം പ്രാപിക്കാം.

രണ്ടു മലയാളി നഴ്‌സുമാര്‍ നീതിതേടി ഡല്‍ഹി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി:ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ച് നഗരത്തിലെ ആസ്പത്രികള്‍ മലയാളികളടക്കമുള്ള നഴ്‌സുമാരെ പീഡിപ്പിക്കുന്നു. രണ്ടു മലയാളി നഴ്‌സുമാര്‍ കൂടി ഈ വിഷയത്തില്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആലുവ സ്വദേശിനി ലീന പാപ്പച്ചന്‍, കാസര്‍കോട് സ്വദേശി ജസീന്താബായി എന്നിവരാണ് ഹര്‍ജിക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ മുഖേനയാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

മൂല്‍ഛന്ദ് ആസ്പത്രിയില്‍ ജൂനിയര്‍ നഴ്‌സായ ലീന പാപ്പച്ചന്‍ മറ്റൊരു ആസ്പത്രിയില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റു നല്‍കണമെങ്കില്‍ അരലക്ഷം രൂപ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പു കാണിച്ചിട്ടും സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായില്ല. ജസീന്താബായിക്കും ഇതേ അനുഭവമായിരുന്നു. നഴ്‌സുമാര്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും ആസ്പത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നഴ്‌സുമാര്‍ക്കായി അഡ്വ. ജോസ് എബ്രഹാം ഹാജരായി. 

ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലിന്റെ ബെഞ്ച് ബുധനാഴ്ച ഹര്‍ജി പരിഗണിക്കും. അപ്പോളോ ആസ്പത്രിയിലെ നഴ്‌സായ ആന്‍സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായത്. അമ്മയ്ക്ക് അസുഖം ബാധിച്ചതിനാല്‍ ഡല്‍ഹി വിടാന്‍ തീരുമാനിച്ച ആന്‍സി ജോലി രാജിവെച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അരലക്ഷം രൂപ നല്‍കണമെന്ന് ആസ്പത്രി വാശിപിടിച്ചു. തുടര്‍ന്ന് ആന്‍സി ഹൈക്കോടതിയെ സമീപിച്ചു. സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണെന്ന്‌വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ആസ്പത്രികള്‍ നഴ്‌സിങ് ജീവനക്കാരെ ചൂഷണം ചെയ്യുന്നത് ഇപ്പോഴും തുടരുന്നുവെന്നാണ് ലീനയുടെയും ജസീന്താബായിയുടെയും അനുഭവങ്ങള്‍ നല്‍കുന്ന പാഠം. ഇതിനെതിരെയാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജി.
(വാര്‍ത്ത കടപ്പാട്: മാതൃഭൂമി 14/12/11)

Tuesday, December 13, 2011

നേഴ്സുമാരുടെ പ്രശ്നങ്ങള്‍ -പ്രത്യേക റിപ്പോര്‍ട്ട്‌




നേഴ്സുമാരുടെ പ്രശ്നങ്ങള്‍ -പ്രത്യേക റിപ്പോര്‍ട്ട്‌ -ഇന്ത്യാവിഷന്‍ .കേള്‍ക്കൂ....

അമൃത സമരം - ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവര്‍ ചര്‍ച്ച



അമൃതയിലെ സമരപശ്ചാതലത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവര്‍ ചര്‍ച്ച.

രോഗികള്‍ക്കായി ജീവത്യാഗം ചെയ്ത രമ്യക്കും വിനീതയ്ക്കും സംസ്ഥാന ബഹുമതിയോടെ വിട


കോട്ടയം:മരണം തീനാളങ്ങളായി പടരുമ്പോഴും രോഗികള്‍ക്കായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ദുഃഖപുത്രിമാര്‍ക്ക് സംസ്ഥാന ബഹുമതിയോടെ വിട. തീയും പുകയും മൂടുമ്പോള്‍ രോഗികള്‍ക്ക് കൈത്താങ്ങായിരുന്നു നഴ്‌സുമാരായ രമ്യയും വിനീതയും, അവസാനശ്വാസം വരെ. ഒടുവില്‍ ഉറ്റവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അവര്‍ വിടപറഞ്ഞു.


കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ആസ്​പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ് മരിച്ച ഉഴവൂര്‍ മേച്ചേരില്‍ വീട്ടില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യയുടെയും കോതനല്ലൂര്‍ പുളിക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ വിനീതയുടെയും ശവസംസ്‌കാരം തിങ്കളാഴ്ച പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടത്തിയത്. ഇരുവരുടേയും പണിതീരാത്ത വീടുകള്‍ക്കുമുന്നില്‍ മൃതദേഹം കിടത്തിയപ്പോള്‍ നാട് നിറകണ്ണുകളോടെ അവര്‍ക്ക് വിടചൊല്ലാനെത്തി.

രാവിലെ തന്നെ ഉഴവൂര്‍ മേച്ചേരില്‍ വീട്ടിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒഴുകുകയായിരുന്നു. രമ്യയുടെ അമ്മ ഉഷയുടെയും സഹോദരന്‍ രാജേഷിന്റെയും വിലാപം കൂടെ നിന്നവരുടെയും കണ്ണ് നനയിച്ചു.

രാവിലെ 11.45 ഓടെയാണ് അന്ത്യകര്‍മങ്ങള്‍ക്ക് തുടക്കമായത്. രമ്യയുടെ മാതൃസഹോദരന്‍ സുകുവിന്റെ മകന്‍ സുബീഷ് ചിതയിലേക്ക് അഗ്‌നിപകര്‍ന്നു.

കോതനല്ലൂര്‍ മേച്ചേരില്‍ വീട്ടില്‍ വിനീതയുടെ മൃതദേഹം ഒരുനോക്ക് കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. വിനീതയുടെ മരണവാര്‍ത്തയറിഞ്ഞ് അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്ന അമ്മ മേരിയെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെത്തിച്ചത്.

ഉച്ചയ്ക്ക് 2ന് ഫാ.ഔസേഫ് പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. രണ്ടരയോടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റി വിലാപയാത്രയായി ചാമക്കാല പാറേല്‍പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് നാലരയോടെ മൃതദേഹം സംസ്‌കരിച്ചു. ഫാ.ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കര്‍മങ്ങള്‍. പോലീസ് സേനയുടെ അന്ത്യോപചാരത്തിനു ശേഷമായിരുന്നു ഇരുവരുടേയും ശവസംസ്‌കാരച്ചടങ്ങുകള്‍

റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, എം.എല്‍.എ.മാരായ സി.എഫ്.തോമസ്, തോമസ് ഐസക്, ജോസഫ് വാഴയ്ക്കന്‍, സുരേഷ് കുറുപ്പ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, എസ്.പി. സി.രാജഗോപാല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്, ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍, മുന്‍ എം.എല്‍.എ.മാരായ പി.എം.മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് തുടങ്ങിയവര്‍ ഇരു വീടുകളിലുമെത്തി ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
(കടപ്പാട്: മാതൃഭൂമി 13/12/11)

Monday, December 12, 2011

സഹോദരിമാര്‍ക്ക് അന്ത്യാഞ്ജലി


കൊല്‍ക്കത്തയില്‍ അഗ്‌നിബാധയില്‍പ്പെട്ട മലയാളി നഴ്‌സുമാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു



സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ 
നെടുമ്പാശ്ശേരി: കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ആസ്​പത്രിയിലുണ്ടായ അഗ്‌നിബാധയില്‍പ്പെട്ട മലയാളി നഴ്‌സുമാരുടെ മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിച്ചു. ഉഴവൂര്‍ മാച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യ (24), കോതനല്ലൂര്‍ പുളിക്കില്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (മണിക്കുട്ടി-23) എന്നിവരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാത്രി 7.50ന് കൊല്‍ക്കത്തയില്‍ നിന്ന് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ കൊണ്ടുവന്നത്. ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

നെടുമ്പാശ്ശേരിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ ഭാഗത്ത് പൊതുദര്‍ശനത്തിനുവെച്ചു. കേന്ദ്ര മന്ത്രി വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.പി.മാരായ പി.സി. ചാക്കോ, കെ.പി. ധനപാലന്‍, പി.ടി. തോമസ്, ജോസ് കെ. മാണി, അന്‍വര്‍ സാദത്ത് എംഎല്‍എ, കോട്ടയം ജില്ലാ കളക്ടര്‍ മിനി ആന്റണി, ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. എസ്. ഷാനവാസ്, ഡെപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ള, പ്രോട്ടോകോള്‍ ഓഫീസര്‍ പത്മകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിനോദ് തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. വയലാര്‍ രവി, ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ റീത്ത് സമര്‍പ്പിച്ചു.

രമ്യയുടെ സഹോദരന്‍ രാജേഷ്, വിനീതയുടെ പിതൃസഹോദരന്‍ വിജയന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

രമ്യയുടെയും വിനീതയുടെയും സംസ്‌കാരം സംസ്ഥാന ബഹുമതികളോടെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതിനായി സ്വന്തം ജീവന്‍ ത്യജിച്ച ഇവര്‍ നാടിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
(കടപ്പാട്: മാതൃഭൂമി)  

Saturday, December 10, 2011

സ്വകാര്യ ആശുപത്രികളിലെ ചൂഷണം തടയാന്‍ നഴ്സുമാര്‍ക്ക് പുതിയ സംഘടന


അഞ്ചുലക്ഷം രൂപ വരെ ചെലവഴിച്ച് നഴ്സിങ് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജോലിയില്‍ കയറിയാല്‍ 2000 രൂപയാണ് ശമ്പളം നല്‍കുന്നത്. ഇതിന് ബോണ്ടും എഴുതി വാങ്ങുന്നു. ശമ്പള വര്‍ധന ആവശ്യപ്പെട്ടാല്‍ ജോലിയില്‍ തൃപ്തിയില്ളെന്നും പിരിഞ്ഞുപോകാമെന്നും മാനേജ്മെന്‍റ് പറയും.
ഇവര്‍ക്ക് പൊതു അവധികള്‍ നല്‍കാറില്ല. പീഡനങ്ങളെ ചോദ്യം ചെയ്താല്‍ തുടര്‍പീഡനമാണ്. ശമ്പളം കൂടുതല്‍ രേഖപ്പെടുത്തി കുറഞ്ഞ തുക നല്‍കുന്ന രീതിയും വ്യാപകമായിട്ടുണ്ട്. ജോലി ചെയ്യുന്ന ആശുപത്രിയില്‍ നഴ്സുമാര്‍ക്ക് ചികിത്സാ ഫീസ് നല്‍കേണ്ടിവരുന്നു. നഴ്സിങ് പരിശീലനമെന്നത് അടിമപ്പണിയായി മാറിയിരിക്കുന്നു. ഇതിനെതിരെ മുഴുവന്‍ നഴ്സുമാരെയും സംഘടിപ്പിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ നേരിടാനാണ് പുതിയ സംഘടന രൂപവത്കരിച്ചതെന്ന് ഇവര്‍ പറഞ്ഞു.
മിനിമം ശമ്പളം 15,000 മുതല്‍ 18,000 വരെ അനുവദിക്കുക, ജോലിഭാരം കുറക്കുക, ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് അറുതിവരുത്തുക, ബോണ്ട് സമ്പ്രദായം ഒഴിവാക്കുക, ഹൗസ് കീപ്പിങ് ജോലികള്‍ നഴ്സുമാരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് നിര്‍ത്തലാക്കുക, സര്‍ക്കാറിന്‍െറ പൊതു അവധികള്‍ നഴ്സുമാര്‍ക്കും നല്‍കുക, നഴ്സുമാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അടുത്തയാഴ്ച കരിദിനം ആചരിക്കും. കണ്ണൂരില്‍ പ്രതിഷേധ പ്രകടനം നടത്തും.
ഭാരവാഹികളായി ജോമി ജേക്കബ് (പ്രസി.), സെല്‍മ കെ. സെബാസ്റ്റ്യന്‍ (വൈ. പ്രസി.), ഇ.എം. വിനീത് കൃഷ്ണന്‍ (ജന. സെക്ര.), ധന്യ, ജ്യോതിമോള്‍ (സെക്ര.), എസ്. ശ്രീനാഥ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വാര്‍ത്താസമ്മേളനത്തില്‍ വിനീത് കൃഷ്ണന്‍, ജോമി ജേക്കബ്, എസ്. ശ്രീനാഥ്, സല്‍മ  കെ. സെബാസ്റ്റ്യന്‍, സനില്‍ സെബാസ്റ്റ്യന്‍, കെ.ജെ. വരുണ്‍ ജോണ്‍, ഗീതേഷ്, പി.എ. മുഹമ്മദ് അനസ്, കെ.വി. ശരത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(വാര്‍ത്ത കടപ്പാട്: മാധ്യമം 10/12/11)

മുംബൈയില്‍ നഴ്‌സിന്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു


ന്യൂഡല്‍ഹി: ആശുപത്രി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന്‌ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തൊടുപുഴ തട്ടക്കുഴ സ്വദേശിനി മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ നഴ്‌സായിരുന്ന ബീന ബേബിയാണ്‌ കഴിഞ്ഞ ഒക്‌ടോബര്‍ 18ന്‌ ആത്മഹത്യ ചെയ്‌തത്‌.

ജോലി സംബന്ധമായ പീഡനം മൂലം ബീന ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന്‌ മുംബൈയിലും ഡല്‍ഹിയടക്കമുള്ള നഗരങ്ങളിലും നഴ്‌സുമാര്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്‌ഥകളും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട്‌ സമരം ചെയ്‌തു വരികയാണ്‌.

ബീനയുടെ മരണവുമായി ബന്ധപ്പെട്ട്‌ വിശദമായ റിപ്പോര്‍ട്ട്‌ നാലാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കണമെന്നാണ്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്‌ട്ര, കേരള സംസ്‌ഥാനങ്ങളിലെ ആരോഗ്യ, തൊഴില്‍ വകുപ്പ്‌ സെക്രട്ടറിമാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. രാജ്യമെമ്പാടും നഴ്‌സുമാര്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌ ഗുരുതരമായ സാമൂഹിക പ്രശ്‌നമാണെന്ന്‌ സുപ്രീം കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എം.പിയാണ്‌ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്‌.
(വാര്‍ത്ത കടപ്പാട്: മംഗളം 10/12/11)

നഴ്‌സുമാരുടെ വേതന വ്യവസ്‌ഥ ആക്‌ടില്‍ ഉള്‍പ്പെടുത്തണം: ഉഷ കൃഷ്‌ണകുമാര്‍


കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനമുള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച വ്യവസ്‌ഥകള്‍ രാജ്യത്ത്‌ നിലവിലുള്ള ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ആക്‌ടില്‍ ഉള്‍പ്പെടുത്തണമെന്നും ഇതിനായി എം. പിമാരുള്‍പ്പെടെയുള്ളവരെ സമീപിക്കുമെന്നും ഓള്‍ ഇന്ത്യ നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഉഷ കൃഷ്‌ണകുമാര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

നഴ്‌സിംഗ്‌ മേഖലയില്‍ നിലനില്‌ക്കുന്ന ബോണ്ട്‌ സമ്പ്രദായത്തിനെതിരായി സംഘടന സുപ്രീംകോടതിയില്‍ നല്‌കിയ ഹര്‍ജിയില്‍ കോടതി ഇന്നലെ സര്‍ക്കാരിന്റെ അഭിപ്രായം തേടിയിട്ടുണ്ടെന്നും ആറ്‌ ആഴ്‌ച്ചക്കുള്ളില്‍ സര്‍ക്കാരിനോട്‌ നിലപാട്‌ വ്യക്‌തമാക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

നഴ്‌സിംഗ്‌ മേഖലയിലെ ബോണ്ട്‌ വിഷയം ഗൗരവമാണെന്നും ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണേണ്ടതുണ്ടെന്നുമുള്ള കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാണെന്നും ഈ പ്രശ്‌ന പരിഹാരത്തിന്‌ വഴിതുറക്കുന്ന സാഹചര്യമാണ്‌ കോടതിയുടെ ഇടപെടലിലുടെ ഉണ്ടാവുന്നതെന്നും ഉഷ കൃഷ്‌ണകുമാര്‍ പറഞ്ഞു.
(വാര്‍ത്ത കടപ്പാട്: മംഗളം 10/12/11)

ആശുപത്രികളിലെ വേതനം: പരിശോധനയ്‌ക്ക് മന്ത്രിയുടെ നിര്‍ദേശം


തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ജീവനക്കാര്‍ക്കു മിനിമം വേതനം നിഷേധിക്കുന്നുവെന്ന പരാതി പരിശോധിച്ച്‌ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ നിര്‍ദ്ദേശം നല്‍കി.

സംസ്‌ഥാനത്തെ മിക്ക സ്വകാര്യ ആശുപത്രികളിലും നഴ്‌സുമാരുടേയും മറ്റു ജീവനക്കാരുടേയും അതിദയനീയമായ തൊഴില്‍ സാഹചര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഇവിടങ്ങളില്‍ മിനിമം വേതനം നിഷേധിക്കുന്നതായും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതായും വ്യാപകമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്‌. അടിയന്തരമായി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ മന്ത്രി ഷിബു ബേബിജോണ്‍, ലേബര്‍ കമ്മിഷണര്‍ ടി.ടി. ആന്റണിക്ക്‌ നിര്‍ദേശം നല്‍കി.

നിയമ ലംഘകരായ ആശുപത്രി ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
(വാര്‍ത്ത  കടപ്പാട്: മംഗളം 10/12/11)

അമൃത: നഴ്‌സസ്‌ സമരം തീര്‍ന്നു


കൊച്ചി: അമൃത ആശുപത്രിയിലെ നഴ്‌സ് സമരം പിന്‍വലിച്ചു.ഇന്നലെ പുലര്‍ച്ച വരെ നീണ്ട ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകള്‍ വിജയം കണ്ടതോടെ മൂന്നുദിവസം നീണ്ട സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അമിത ജോലിക്ക്‌ നിര്‍ബന്ധിക്കുകയാണെന്ന്‌ ആരോപിച്ച്‌ നഴ്‌സിംഗ്‌ വിദ്യാര്‍ഥികള്‍ ഇന്നലെ സമരം ആരംഭിച്ചു.

യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഉന്നയിച്ച 15 ഇന ആവശ്യങ്ങള്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ്‌ അംഗീകരിച്ചു. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ്‌ ചര്‍ച്ചകള്‍ പൂര്‍ത്തിയായത്‌.

പി. രാജീവ്‌ എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ഖ് പരീത്‌ എന്നിവരും മാതാ അമൃതാനന്ദമയി മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി, മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. പ്രേംനായര്‍, അഡ്വ. ശ്രീകുമാര്‍, എച്ച്‌.ആര്‍. മാനേജര്‍ ശിവരാമകൃഷ്‌ണന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. പ്രശ്‌നം പരിഹരിച്ചതോടെ സമരമുന്നണിയിലുണ്ടായിരുന്ന നഴ്‌സുമാര്‍ ഇന്നലെ ജോലിക്ക്‌ ഹാജരായി.
(കടപ്പാട്:മംഗളം 10/12/11)

പ്രിയ സോദരിമാര്‍ക്ക് ആദരാഞ്ജലികള്‍!

ഭീദിതമായ മരണമുഖത്തും നെഴ്സിങ്ങിന്റെയും സേവനത്തിന്റെയും ഉദാത്തമായ മാതൃക കാട്ടി മരണത്തെ സ്വയം ഏറ്റുവാങ്ങി ഞങ്ങളെ വിട്ടു പോയ ഞങ്ങളുടെ പ്രിയ സോദരിമാര്‍ക്ക്  നേഴ്സിംഗ് ലോകത്തിന്റെ ആദരാഞ്ജലികള്‍ ! 

ഒരിക്കലും മരിക്കാത്ത നിങ്ങളുടെ  ഓര്‍മകള്‍ക്ക് മുന്‍പില്‍ ഞങ്ങളുടെ കണ്ണീര്‍പ്പൂക്കള്‍!
കൂട്ടുകാര്‍ക്ക് ജീവിതമേകി രമ്യയും വിനീതയും യാത്രയായി.
കൊല്കത്തയിലെ  ആശുപത്രിയിലെ തീ പിടിത്തത്തിനിടയില്‍ സഹപ്രവര്ത്തകരെ രക്ഷിക്കാനുള്ള  ശ്രമത്തിനിടയിലാണ് ഇവര്‍  മരണത്തെ പുല്‍കിയത്. വിനീത എട്ടു പേരെയാണ് രക്ഷിച്ചത്‌.ജീവനക്കരിലധികവും  സ്വന്തം  കാര്യം  നോക്കി  രക്ഷപെട്ടപ്പോലാണ് ഈ പ്രിയ സോദരിമാര്‍ സ്വന്തം ജോലിയുടെ മഹത്വം വാനോളം ഉയര്‍ത്തി മരണത്തെയും തോല്‍പ്പിച്ച് അനശ്വരതയുടെ ദേവലോകത്തെത്തിയത്.