കോട്ടയം:മരണം തീനാളങ്ങളായി പടരുമ്പോഴും രോഗികള്‍ക്കായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച ദുഃഖപുത്രിമാര്‍ക്ക് സംസ്ഥാന ബഹുമതിയോടെ വിട. തീയും പുകയും മൂടുമ്പോള്‍ രോഗികള്‍ക്ക് കൈത്താങ്ങായിരുന്നു നഴ്‌സുമാരായ രമ്യയും വിനീതയും, അവസാനശ്വാസം വരെ. ഒടുവില്‍ ഉറ്റവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിയാക്കി അവര്‍ വിടപറഞ്ഞു.
കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ആസ്പത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പൊള്ളലേറ്റ് മരിച്ച ഉഴവൂര്‍ മേച്ചേരില്‍ വീട്ടില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യയുടെയും കോതനല്ലൂര്‍ പുളിക്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ വിനീതയുടെയും ശവസംസ്‌കാരം തിങ്കളാഴ്ച പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടത്തിയത്. ഇരുവരുടേയും പണിതീരാത്ത വീടുകള്‍ക്കുമുന്നില്‍ മൃതദേഹം കിടത്തിയപ്പോള്‍ നാട് നിറകണ്ണുകളോടെ അവര്‍ക്ക് വിടചൊല്ലാനെത്തി.
രാവിലെ തന്നെ ഉഴവൂര്‍ മേച്ചേരില്‍ വീട്ടിലേക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഒഴുകുകയായിരുന്നു. രമ്യയുടെ അമ്മ ഉഷയുടെയും സഹോദരന്‍ രാജേഷിന്റെയും വിലാപം കൂടെ നിന്നവരുടെയും കണ്ണ് നനയിച്ചു.
രാവിലെ 11.45 ഓടെയാണ് അന്ത്യകര്‍മങ്ങള്‍ക്ക് തുടക്കമായത്. രമ്യയുടെ മാതൃസഹോദരന്‍ സുകുവിന്റെ മകന്‍ സുബീഷ് ചിതയിലേക്ക് അഗ്‌നിപകര്‍ന്നു.
കോതനല്ലൂര്‍ മേച്ചേരില്‍ വീട്ടില്‍ വിനീതയുടെ മൃതദേഹം ഒരുനോക്ക് കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. വിനീതയുടെ മരണവാര്‍ത്തയറിഞ്ഞ് അവശനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്ന അമ്മ മേരിയെ തിങ്കളാഴ്ച രാവിലെയാണ് വീട്ടിലെത്തിച്ചത്.
ഉച്ചയ്ക്ക് 2ന് ഫാ.ഔസേഫ് പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ ശവസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു. രണ്ടരയോടെ മൃതദേഹം ആംബുലന്‍സിലേക്ക് മാറ്റി വിലാപയാത്രയായി ചാമക്കാല പാറേല്‍പള്ളി സെമിത്തേരിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് നാലരയോടെ മൃതദേഹം സംസ്‌കരിച്ചു. ഫാ.ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു കര്‍മങ്ങള്‍. പോലീസ് സേനയുടെ അന്ത്യോപചാരത്തിനു ശേഷമായിരുന്നു ഇരുവരുടേയും ശവസംസ്‌കാരച്ചടങ്ങുകള്‍
റവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചീഫ് വിപ്പ് പി.സി.ജോര്‍ജ്, എം.എല്‍.എ.മാരായ സി.എഫ്.തോമസ്, തോമസ് ഐസക്, ജോസഫ് വാഴയ്ക്കന്‍, സുരേഷ് കുറുപ്പ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ജില്ലാ കളക്ടര്‍ മിനി ആന്റണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി.നായര്‍, എസ്.പി. സി.രാജഗോപാല്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി.തോമസ്, ബിഷപ് സെബാസ്റ്റ്യന്‍ തെക്കെത്തേച്ചേരില്‍, മുന്‍ എം.എല്‍.എ.മാരായ പി.എം.മാത്യു, സ്റ്റീഫന്‍ ജോര്‍ജ്, സി.പി.എം. ജില്ലാ സെക്രട്ടറി കെ.ജെ.തോമസ് തുടങ്ങിയവര്‍ ഇരു വീടുകളിലുമെത്തി ശവസംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.
(കടപ്പാട്: മാതൃഭൂമി 13/12/11)
4 comments:
സ്വാര്‍ത്ഥതയുടെ ഈ ഇരുണ്ട ലോകത്തില്‍ അകാലത്തില്‍ പൊളിഞ്ഞ രണ്ടു വെള്ളി നക്ഷത്രങ്ങള്‍!!കണ്ണീരോടെ വിട സോദരിമാരെ...
ദുഃഖത്തില്‍ പങ്കു ചേരുന്നു.
My heartfelt condolences. May there beloved ones get the strength to withstand this terrible loss. May there souls rest in peace.
@ Augustine
@ Kalki
@ anonymous
Thanks for your visit and comments! expecting your support in future also....
Post a Comment