നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

United Nurses Association(UNA)

ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് അര്‍ഹമായ കേരളത്തിനു സാമൂഹിക വിപ്ലവത്തിന്റെ ചരിത്രത്തിലും സവിശേഷമായ ഒരു സ്ഥാനമുണ്ട്. കീഴാളരുടെയും അധസ്ഥിതരുടെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉയര്‍ത്തെഴുന്നെല്‍പ്പിന്റെ വലിയ വിപ്ലവ ചരിത്രം നമുക്ക് അവകാശപ്പെടാനുണ്ട്. പല സാമൂഹിക മുന്നേറ്റത്തിലും മുന്‍പേ നടന്നവര്‍ എന്ന നിലയില്‍ മലയാളിക്ക് അഭിമാനിക്കാം. ആതുരസേവന രംഗത്തും  വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും  നാം  അസൂയാവഹമായ  നേട്ടം കൈ വരിച്ചത്‌  ഈ മുന്‍പേ നടക്കാനുള്ള നമ്മുടെ സ്വതസിദ്ധമായ കഴിവുകൊണ്ടാണ്‌. എന്നാല്‍  നേട്ടങ്ങള്‍  മാത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തില്‍  മലയാളി എല്ലാ മാനുഷിക വികാരങ്ങളെയും  മറക്കുന്നതാണ്  നാം പിന്നീട് കണ്ടത്. പണത്തിനായുള്ള അത്ത്യാര്‍ത്തിയില്‍ ആരെയും ഞെക്കിപ്പിഴിയുന്ന നിലയിലേക്ക് മലയാളി അധപ്പധിക്കുന്നതാണ് നാം കണ്ടത്.
ഇതിന്റെ ഏറ്റവും നല്ല മാതൃകകള്‍ ആരോഗ്യ രംഗത്താണ് നാം കണ്ടത്. ആരോഗ്യ മേഖലയുടെ നട്ടെല്ലും ജീവശ്വാസവും എല്ലാമായ നേഴ്സുമാര്‍ എന്ന അസംഘടിത   വര്‍ഗത്തിന്റെ ജീവരക്തം ഊറ്റിക്കുടിച്ച് ആശുപത്രി മുതലാളിമാര്‍ എന്ന രക്തരക്ഷസുകള്‍ ചീര്‍ത്തു കൊഴുക്കുന്നത് നാം നിസംഗതയോടെ നോക്കി നിന്നു. നമ്മുടെ സഹോദരിമാര്‍,ഭാര്യമാര്‍,അമ്മമാര്‍,സഹോദരന്മാര്‍  ഉള്‍പ്പെടുന്ന നേഴ്സുമാര്‍ ശാരീരികമായും  മാനസികമായും പീഡിപ്പിക്കപ്പെടുന്നത്  നാം മലയാളികള്‍ കണ്ടില്ലെന്നു  നടിച്ചു  മാറി  നടന്നു.പക്ഷെ അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന സാമാന്യ തത്വം നാം മറന്നു. അതാണ്‌  ഇന്ന് ആരോഗ്യ മേഖലയില്‍  നാം തുടങ്ങി വച്ച  ഈ സമരം. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നിശബ്ദരായി ,നിസംഗതരായി നാം യാതനകള്‍ അനുഭവിക്കുകയും മറ്റുള്ളവര്‍ അത് കണ്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ വേദനകള്‍ മനസിലാക്കുകയും  ഒപ്പം നമ്മുടെ ശക്തി തിരിച്ചറിയുകയും ചെയ്ത യു എന്‍ എ എന്ന സംഘടനയുടെ കീഴില്‍ നാം ഇന്ന് ഒത്തൊരുമയോടെ നമ്മുടെ അവകാശങ്ങള്‍ക്കായി പൊരുതുകയാണ്. ഈ അവകാശ സമരത്തില്‍ ഒരുമിച്ചു ചേരാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


എന്തുകൊണ്ട് യു എന്‍ എ?

മോഷ്ട്ടിക്കുന്നവനും  പിടിച്ചുപറിക്കാരനും വരെ യൂണിയനും സംഘടനകളും നേതാകന്മാരും ഉള്ള കേരളത്തില്‍ എന്തുകൊണ്ട് നേഴ്സുമാര്‍ എന്നാ ലക്ഷങ്ങള്‍ വരുന്ന വിഭാഗത്തിനു കൂട്ടയ്മയോ നേതാക്കന്മാരോ ഇതേവരെ ഉണ്ടായില്ല എന്നത് നാം ചിന്തിക്കേണ്ടതാണ്.പലതുണ്ട് കാരണം .ബഹുഭൂരിപക്ഷം വരുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന നേഴ്സിംഗ് മേഖല ഒരു വോട്ടു ബാങ്ക് അല്ല എന്നത് വളരെ വ്യക്തമായിരുന്നു.സ്നേഹത്തിന്റെ, സഹനത്തിന്റെ ബാലപാഠങ്ങള്‍  പഠിച്ചു നേഴ്സിംഗ് ഒരു യൂണിയന്‍ പ്രവര്‍ത്തനം അല്ല,മറിച്ചു വിശുദ്ധമായ ഒരു സേവനമാനെന്നു വിശ്വസിച്ചു ഇവിടെ എത്തിയവരാണ് ഭൂരിപക്ഷം.മുറിവുകളില്‍ സാന്ത്വന സ്പര്‍ശം പകരുന്ന ഈ കരങ്ങളില്‍ കൊടികളോ   കല്ലോ എല്പ്പികുക അത്ര എളുപ്പമുള്ള ഒന്നല്ല എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.പിടിച്ചുപറിയുടെ യൂണിയന്‍ തത്ത്വങ്ങള്‍  സമാധാനത്തിന്റെ ഈ വെള്ളരിപ്രാവുകളെ ബോധ്യപ്പെടുത്തുക ചെറിയ കാര്യമല്ല എന്നതും ഇത്തരക്കാരെ നേഴ്സിംഗ് മേഖലയെ അവഗണിക്കാന്‍ പ്രേരിപ്പിചിട്ടുണ്ടാകും.പക്ഷെ ക്ഷമയുടെ,സഹനത്തിന്റെ നെല്ലിപ്പലകയോളം എത്തിയിട്ടും ഈ ചൂഷിത വിഭാഗത്തെ ഒന്ന് തിരിഞ്ഞു നോക്കാന്‍ ഒരു രാഷ്ട്രീയ  പാര്‍ട്ടിയും എത്തിയില്ല എന്നത്  നാം മറന്നു കൂടാ.ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായ ചില തട്ടിക്കൂട്ട് സംഘടനകള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നെങ്കിലും നമ്മുടെ നീറുന്ന അടിസ്ഥാന പ്രശ്നങ്ങളെ മന്സിലാക്കുകയോ ഒന്നും ചെയ്തതില്ല.
ഇവിടെയാണ്‌ യു എന്‍ യുടെ പ്രസക്തി. ഒരു നിയോഗം പോലെ,ഒരു സന്നിഗ്ധ ഘട്ടത്തില്‍,സമരം എന്ന അവസാന ആയുധം എടുക്കേണ്ടി വന്ന ഒരു ദശാസന്ധിയില്‍,   നെഴ്സുമാര്‍ക്കിടയില്‍ നിന്നും  തിളയ്ക്കുന്ന യൌവ്വനത്തിന്റെ പ്രതീകങ്ങളായി ഉയര്‍ന്നു വന്ന ചുണക്കുട്ടന്മാര്‍,അവരായിരുന്നു യു എന്‍ എ എന്ന മൂന്നക്ഷരം തങ്ങളുടെ രക്ഷാമന്ത്രമായി നേഴ്സുമാരുടെ നാവില്‍ എഴുതി ചേര്‍ത്തത്,കാതില്‍ ഓതി നല്‍കിയത്.പരാജയത്തിന്റെ കയ്പുനീര്‍ മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് തങ്ങള്‍ എന്ന  മിഥ്യാ ധാരണയില്‍ നിന്ന്,  വിജയസോപാനത്തിലെക്കുള്ള ദൂരം കയ്യെത്തും അകലത്തിലാണെന്ന് നെഴ്സുമാരെ ബോധ്യപ്പെടുത്തിയതാണ് അവരുടെ വിജയ രഹസ്യം. തൊഴില്‍ നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ നിന്നും,തങ്ങള്‍ക്കു ഒന്നും നഷ്ട്ടപ്പെടാനില്ല എന്ന വിശ്വാസത്തിലേക്ക് അവരെ കൈ പിടിച്ചുയര്‍ത്താനായി എന്നതാണ് യു എന്‍ എ യുടെ ശക്തി.ഒന്നോ രണ്ടോ പേരില്‍ തുടങ്ങിയ ഈ പ്രസ്ഥാനം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലക്ഷങ്ങളിലേക്ക് വളര്‍ന്നു പോകുന്നത് അത്ഭുതത്തോടെ നാമും ആശങ്കയോടെ രാഷ്ട്രീയ പാര്‍ട്ടികളും മാനേജ്മെന്റുകളും നോക്കിനിന്നത് വര്‍ത്തമാനകാല ചരിത്രം.ഒന്നുറപ്പാണ്.ഇനിയുള്ള നെഴ്സുംമാരുടെ ചരിത്രം യു എന്‍ എ എന്ന ജനകീയ സംഘടനയുടെ ചരിത്രവും ആയി കൂട്ടി വായിക്കേണ്ടി വരും.യു എന്‍ എ എന്ന സംഘടനെയേ അവഗണിച്ചു ഇനി കേരളത്തിലെ നേഴ്സുമാരുടെ ഒരു കാര്യങ്ങളിലും ആര്‍ക്കും ഇടപെടാനാവില്ല.തീയില്‍  കുരുത്തു,രക്തപുഴയില്‍ ചവുട്ടി തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ വരവ്.ഒരു വ്യത്യാസം മാത്രം മറ്റുള്ളവന്റെ ചോരയിലല്ല,സ്വന്തം ചോര ചിന്തി തന്നെയാണ് ചുണക്കുട്ടന്മാര്‍ ഈ പ്രസ്ഥാനത്തിന് ജീവരക്തം പകര്‍ന്നത്.ഭീഷണികളെയും കോടികളുടെ പ്രലോഭനങ്ങളെയും സമചിത്തതയോടെ നേരിട്ടും അവഗണിച്ചും ഈ പ്രസ്ഥാനം കേരള ചരിത്രത്തില്‍ തങ്ങളുടെ പേര് തങ്കലിപികളില്‍  എഴുതിച്ചേര്‍ത്തു കഴിഞ്ഞു.
വരൂ, ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്.ആകുലതകളില്ലാത്ത ഒരു തൊഴില്‍ സാഹചര്യം സൃഷ്ട്ടിക്കാനുള്ള ഞങ്ങളുടെ ഈ എളിയ ശ്രമത്തില്‍ ഒരു കൈ സഹായം.നമുക്ക്  കൈകോര്‍ത്തു നീങ്ങാം.സ്നേഹസ്പര്‍ശം പകരേണ്ട നമുടെ കരങ്ങള്‍ തളരാതിരിക്കാന്‍ , വിറക്കാത്ത കരങ്ങളോടെ നമുക്ക് സാന്ത്വനത്തിന്റെ ലേപനങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അശാന്തമല്ലാത്ത ഒരു മനസ്സ്  നമുക്ക് ഉണ്ടാകണം. അതിനു നമ്മുടെ തൊഴില്‍ സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്,നിയമങ്ങള്‍ മാറേണ്ടതുണ്ട്,കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്.അതിനായുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.
നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ചേരാം.



Please Follow This Link To Join Hand With The One and Only Organisation Which Fights For The Rights Of Nurses:-  http://unaindia.org/


പുതുതായി എത്തുന്നവര്‍ക്ക് വേണ്ടി:- ഇത്രയധികം അംഗങ്ങള്‍ ഉണ്ടായിട്ടും,പലരും ഈ സൈറ്റില്‍ ജോയിന്‍ ചെയ്തു കാണുന്നില്ല.അതെ സമയം ഫേസ് ബുക്ക്‌ കൂട്ടായ്മയില്‍ ധാരാളം പേര്‍ ചേരുന്നുമുണ്ട്.  പലര്‍ക്കും എങ്ങനെയാണ് ഇവിടെ ജോയിന്‍ ചെയ്യേണ്ടത് എന്നറിയില്ല എന്ന് തോന്നുന്നു.അതുകൊണ്ട് പുതുതായി വരുന്നവര്‍ക്ക് ഒരു ചെറിയ സഹായം എന്ന നിലയിലാണ് ഈ ശ്രമം.

ഇതാണ് യു എന്‍ എ യുടെ website: www.unaindia.org
ഇതില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ ടൈപ്പ് ചെയ്തോ നിങ്ങള്‍ക്ക് യു എന്‍ എ യുടെ സൈറ്റിലെത്താം.
ഇതാണ് യു എന്‍ എ യുടെ  ഹോം പേജ് 
ഇവിടെ തലക്കെട്ടിനു മുകളിലായി ഇടതു വശത്ത്‌ കാണുന്ന Sign Up ല്‍ ക്ലിക്ക് ചെയ്യുക ആവശ്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ക്ക് ഇവിടെ അംഗങ്ങളാകാം.
നിങ്ങള്‍ അംഗങ്ങലാകുന്നതോടൊപ്പം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇത് ഷെയര്‍ ചെയ്തു കൊടുക്കുക.കൂടുതല്‍ നമ്മളോടൊപ്പം ചേരട്ടെ.
ഒരു നല്ല നാളെക്കായി നമുക്ക് ഒന്നിച്ചു പൊരുതാം!