നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, December 2, 2011

മുംബൈ ഭാട്ടിയ ഹോസ്പിറ്റലില്‍ നഴ്സുമാരുടെ സമരം.

(കടപ്പാട് :മാതൃഭൂമി വാര്‍ത്ത 02.12.11)

ഭാട്ടിയ ഹോസ്‌പിറ്റലിലെ നഴ്‌സുമാരും സമരത്തില്‍
മുംബൈ: ബോണ്ടുകള്‍ നിര്‍ത്തലാക്കുക, ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുംബൈയില്‍ നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത് തുടര്‍ക്കഥയാകുന്നു. വ്യാഴാഴ്ച നഗരത്തിലെ പ്രധാന ആസ്​പത്രികളിലൊന്നായ ഭാട്ടിയാ ഹോസ്​പിറ്റലിലെ നഴ്‌സുമാരാണ് സമരം പ്രഖ്യാപിച്ചത്. 14 ദിവസങ്ങള്‍ക്ക് മുമ്പ് ആസ്​പത്രി മാനേജ്‌മെന്റിന് നല്‍കിയ നോട്ടീസിന് ഇതുവരെ മറുപടി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തങ്ങള്‍ സമരം ആരംഭിച്ചതെന്ന് ഇവിടത്തെ നഴ്‌സുമാര്‍ പറയുന്നു. 

163 നഴ്‌സുമാരാണ് ഗ്രാന്റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഭാട്ടിയാ ഹോസ്​പിറ്റലില്‍ ജോലി ചെയ്യുന്നത്. ഇതില്‍ 50 ശതമാനത്തോളവും മലയാളികളാണ്. 90 പേരോളം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.

''14 ദിവസം മുമ്പ് ഞങ്ങള്‍ ഹോസ്​പിറ്റല്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, കാര്യങ്ങള്‍ പരിഗണിക്കാമെന്ന് അവരുടെ ഭാഗത്ത് നിന്നും ഒരു ഉറപ്പും ലഭിച്ചില്ല. ഇതിനിടയില്‍ നാലു തവണ യോഗം വിളിച്ചു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാ കാര്യവും ഏപ്രില്‍ കഴിഞ്ഞിട്ട് നോക്കാമെന്ന നിലയിലാണ് മാനേജ്‌മെന്റ്. അത് തങ്ങള്‍ക്ക് സ്വീകാര്യമല്ലായിരുന്നു. അതിനാല്‍ എല്ലാവരും ഹോസ്​പിറ്റലില്‍ നിന്നും പുറത്തിറങ്ങി. ഇന്ന് മുതല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരത്തിലിരിക്കാനാണ് ഞങ്ങളുടെ തീരുമാനം'' - ഒരു സീനിയര്‍ നഴ്‌സ് ചൂണ്ടിക്കാട്ടി.

ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കുക, വേതനം വര്‍ധിപ്പിക്കുക, ഡബിള്‍ ഡ്യൂട്ടിക്ക് അതനുസരിച്ചുള്ള വേതനം നല്‍കുക തുടങ്ങി ഏഴ് ആവശ്യങ്ങളാണ് സമരക്കാര്‍ നല്‍കിയ നോട്ടീസിലുള്ളത്.

വ്യാഴാഴ്ച സമരം തുടങ്ങുമെന്നറിയാമായിരുന്നതിനാല്‍ ബുധനാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ മാനേജ്‌മെന്റ് പുറത്ത് വിട്ടില്ലെന്ന പരാതിയുയര്‍ന്നിട്ടിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് രണ്ടു നഴ്‌സുമാര്‍ മോഹാലസ്യപ്പെട്ട് വീണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. രണ്ടു വര്‍ഷത്തെ ബോണ്ടാണ് ഇവിടെ നിലവില്‍ ഉള്ളതെന്നും അതിനിടയില്‍ ജോലി വിടേണ്ടി വന്നാല്‍ 35,000 രൂപ പിഴ നല്‍കണമെന്നുമാണ് മാനേജ്‌മെന്റിന്റെ നിബന്ധന.


മുംബൈയില്‍ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ അഞ്ചാമത്തെ ഹോസ്​പിറ്റലിലാണ് നഴ്‌സുമാര്‍ സമരം നടത്തുന്നത്. കഴിഞ്ഞ മാസം ബാന്ദ്രാ കുര്‍ള കോംപ്ലക്‌സിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സ് ആയ ബീനാ ബേബി ആത്മഹത്യ ചെയ്തതോടെയാണ് ഇവിടത്തെ നഴ്‌സുമാര്‍ സമരത്തിന് തുടക്കമിട്ടത്. 150 ഓളം പേര്‍ ഇവിടത്തെ ജോലി രാജിവെച്ചു. തുടര്‍ന്ന് നടി ഐശ്യര്യാ റായിയുടെ പ്രസവം നടന്ന സെവന്‍ ഹില്‍സ് ആസ്​പത്രിയില്‍ ആയിരുന്നു സമരം. ഐശ്വര്യയെ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് നടന്ന സമരത്തില്‍ നഴ്‌സുമാരുടെ ആവശ്യങ്ങള്‍ മുഴുവന്‍ മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ബാന്ദ്രയിലെ ഗുരുനാനാക്ക് ആസ്​പത്രിയിലെ നഴ്‌സുമാരും പ്രതിഷേധവുമായി രംഗത്തെത്തി. തൊട്ടു പിന്നാലെയാണ് കല്യാണില്‍ ഫോര്‍ട്ടിസ് ആസ്​പത്രിയില്‍ സമരം ആരംഭിച്ചത്. നഗരത്തില്‍ ഇനിയും ചില ആസ്​പത്രികളിലേക്കു കൂടി സമരം വ്യാപിക്കാന്‍ ഇടയുണ്ടെന്നാണ് സൂചന. പലരും മാനേജ്‌മെന്റിനെ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചു കൊണ്ടുള്ള നോട്ടീസ് നല്‍കാനുള്ള ഒരുക്കത്തിലുമാണ്. 

No comments: