നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Sunday, January 29, 2012

നെഴ്സുമാര്‍ക്കെതിരെ മേടിക്കല്‍(മെഡിക്കല്‍) വീരന്മാര്‍.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി!ഇതൊരു പഴഞ്ചൊല്ലാണ്.പക്ഷെ ഇത് കേരളത്തിലെ ഡോക്ടര്മാരുടെ  കാര്യത്തില്‍ നൂറു ശതമാനം ശരിയാണ്.രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്ന നിലയിലാണ് ഇന്നലെ ഒരു പ്രസ്താവനയുമായി ഇന്ത്യന്‍ മേടിക്കല്‍(മെഡിക്കല്‍?) അസോസിയേഷന്‍ രംഗത്ത് വന്നിരിക്കുന്നത്.ഇത് തികച്ചും ഒരു ഗൂഡാലോചനയുടെ ഭാഗം ആണെന്ന് വളരെ വ്യക്തമാണ്. സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നേഴ്സുമാര്‍ നടത്തുന്ന സമരത്തിന്റെ കാര്യത്തില്‍ ഈ മേടിക്കല്‍ വീരന്മാര്‍ക്കു ഇതെന്താ  ഇത്ര വലിയ ആശങ്ക?
സ്വകാര്യ മേഖലയിലെ നേഴ്സുമാരുടെ പ്രശ്നങ്ങള്‍ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.എത്രയോ കാലങ്ങളായി ഒരേ ആവശ്യങ്ങള്‍ തങ്ങള്‍ ഉയര്‍ത്തുന്നു.ഇതുവരെ ഇതിലൊന്നും പ്രതികരിക്കാതിരുന്ന മേടിക്കലുകാര്‍ ഇപ്പോഴെന്തേ വിറളി പിടിക്കുന്നു.കേരളത്തില്‍ മെഡിക്കല്‍/പാരാ മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ അടിസ്ഥാന  ശമ്പളം സംബന്ധിച്ച് നിയമമുണ്ട്.മറ്റു തൊഴില്‍ മേഖലകളിലും ഈ നിയമം ഉണ്ട്. മറ്റിടങ്ങളില്‍, പ്രത്യകിച്ചു പുരുഷാധിപത്യം ഉള്ള മേഖലകളില്‍ നിയമം  നടപ്പാക്കുന്നതില്‍ ആര്‍ക്കും പരാതിയില്ല.ആരും അത് ചോദ്യം ചെയ്യാന്‍ പോലും  തയ്യാറാകാറില്ല. കാരണം അവിടെയുള്ളവര്‍ക്ക് യൂണിയനുകള്‍ ഉണ്ട്,കൈക്കരുത്തുണ്ട്.ഇതൊന്നുമില്ലാത്ത സാധാരണ കൂലി തൊഴിലാളികള്‍ക്ക്  പോലും ഇന്ന് ദിവസം 450/500 രൂപ വേതനമുണ്ട്.  ഇവിടെ അശക്തരും അസംഘടിതരുമായ നേഴ്സുമാരാണ് ഈ ചൂഷണത്തിന് വിധേയരാകുന്നത്  എന്നത് കൊണ്ട് ഇതുവരെ ആരും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ നേഴ്സുമാര്‍  സംഘടിതരാകുന്നതും അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമെന്ന ഭയവും മാനേജ്മെന്റുകളെ വിറളി പിടിപ്പിക്കും എന്നത് ന്യായമായ കാര്യം.കാരണം ഇനി പണിയെടുക്കാന്‍ അടിമകളെ കിട്ടില്ല എന്നത് അവരെ  ആശങ്കപ്പെടുത്തുക തന്നെ ചെയ്യും.
പക്ഷെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന  ശമ്പളം വാങ്ങുന്ന വിഭാഗങ്ങളില്‍ ഒന്നായ മേടിക്കല്‍ അസോസിയേഷന്‍ ഈ വിഷയത്തില്‍ ഇത്ര കടുത്ത നിലപാട് എടുക്കേണ്ട ആവശ്യമെന്താണ്? എട്ടു മണിക്കൂര്‍ ജോലി നേഴ്സുമാരുടെ കാര്യത്തില്‍ അംഗീകരിക്കാന്‍ കഴിയില്ലത്രേ!അതെന്തു ന്യായമാണ് സാറുമ്മാരെ? ലോകത്തെല്ലായിടത്തും നടപ്പുള്ള കാര്യം ഇവിടെ നടക്കില്ലെന്നു പറയാന്‍ നിങ്ങളാരാണ്‌? ഒന്നും  പഠിക്കാത്ത, പറമ്പില്‍ കിളക്കാന്‍ വരുന്ന തൊഴിലാളി വരെ ഇന്ന് ആറു മുതല്‍ ഏഴു മണിക്കൂര്‍ ജോലി ചെയ്തു ദിവസം അഞ്ഞൂറ് രൂപയും  വാങ്ങി  പോകുമ്പോഴാണ് പഠിച്ചു യോഗ്യതയുള്ള ഞങ്ങള്‍ പന്ത്രണ്ടും പതിനാറും പിന്നെ നിന്റെയൊക്കെ സൗകര്യം പോലെ ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്തു നീയൊക്കെ ഇട്ടു തരുന്ന അപ്പകഷ്ണവും നക്കിയിട്ടു പോകേണ്ടത്.അല്ലെ സാറുമ്മാരെ? അതോ നേഴ്സുമാര്‍ നിന്റെയൊക്കെ വീട്ടു വേലക്കാര്‍ ആണെന്ന് കരുതിയോ? ലോകം മാറിയിട്ടും നിന്റെയൊക്കെ മനസിലെ മാടമ്പി മനോഭാവം മാറിയില്ലേ? ഇന്ന് കേരളത്തിലെ ഡാക്കിട്ടര്‍മാരുടെ യോഗ്യത  എല്ലാവര്ക്കും അറിയാം.അപ്പന്മാരോ കുടുംബക്കാരോ നാട്ടുകാരെ പറ്റിച്ചോ ഗള്‍ഫിലെ അറബികളെ പറ്റിച്ചോ ഉണ്ടാക്കിയ പൂത്ത  കാശിന്റെ പിന്‍ബലത്തില്‍ വിലയ്ക്ക്  വാങ്ങിച്ച 'മേടിക്കല്‍' സീറ്റില്‍ കുത്തിയിരുന്നു പരീക്ഷ പോലും പാസാകാന്‍ കഴിയാത്ത മണ്ണുണ്ണികള്‍ ആണ് ഇന്ന് കേരളത്തിലെ സാറുമ്മാര്‍ എന്ന് രഹസ്യമായ പരസ്യം അല്ലേ.യോഗ്യതാ പരീക്ഷ പാസായ മണ്ടന്മാര്‍ ആരെങ്കിലും  ഇന്ന് നിലവില്‍ കേരളത്തിലെ സ്വകാര്യ മേടിക്കല്‍ കോളേജില്‍ പഠിക്കുന്നുണ്ടോ? എന്നിട്ടും ഈ നെഴ്സുമാരെ കാണുമ്പോള്‍ എന്തെ ഇത്ര ചൊറിച്ചില്‍? ഞങ്ങളും കണ്ടിട്ടുണ്ട്, എമെര്‍ജെന്‍സി സാഹചര്യങ്ങളില്‍ കുന്തം വിഴുങ്ങിയ പോലെ, പിറകില്‍ നില്‍ക്കുന്ന നെഴ്സുംമാരെ ദയനീയമായി നോക്കുന്ന ഡാക്കിടര്‍മാരെ. പലപ്പോഴും ഞങ്ങളുടെ കൈപുണ്യമോ  പാവം രോഗികളുടെ  കുടുംബക്കാരുടെ പ്രാര്‍ഥനയോ അല്ലേ അവരുടെയും പിന്നെ നിങ്ങളുടെയും ജീവന്‍ രക്ഷിച്ചിട്ടുള്ളത്? 
പിന്നെ ധാര്‍മികതയുടെ പ്രശ്നം.അത് വിട്ടു കളഞ്ഞേക്കൂ പുണ്യാളന്‍മാരെ.അതൊക്കെ ഈ ലോകത്ത് നിന്ന് തന്നെ പോയി പരലോകത്ത് എത്തിയിട്ടുണ്ട്.മാത്രവുമല്ല ഇത് ഞങ്ങള്‍ക്ക് മാത്രം വേണ്ട ഒരു  ചരക്ക്   ഒന്നുമല്ലല്ലോ.പാവങ്ങള്‍ ഞങ്ങള്‍ സമരം ചെയ്യുമ്പോള്‍ അത് അധാര്‍മ്മികം ആണ് അല്ലേ? രോഗിക്ക് വേണ്ടാത്ത മരുന്ന് കുറിച്ച് കൊടുത്ത് മരുന്ന് കമ്പനിയുടെ അമേധ്യം വരെ വാങ്ങി നക്കുമ്പോള്‍ എവിടെയാണ് ധാര്‍മികത? ഒരു വിരലു മുറിഞ്ഞാല്‍ ആശുപത്രി മുതലാളിയുടെ   ആവശ്യ   പ്രകാരം  സി  ടി സ്കാന്‍  വരെ ചെയ്യിക്കുന്നത് എന്ത് ധാര്മികതയാണ് സാറേ? അതും പോരാഞ്ഞു പുറത്തെ സി ടി സ്കാന്‍ മുതലാളിമാരെ കൊണ്ട് ആയിരത്തിയഞ്ഞൂറു രൂപ ചിലവുള്ള സ്കാനിങ്ങിനു ആറായിരം രൂപ വാങ്ങിപ്പിച്ചു അതിലും കയ്യിട്ടു നക്കുന്നത് ഏതു മെഡിക്കല്‍  എത്തിക്സ് ആണ് ഏമാനേ? ഒരു അസുഖം വന്ന കുറ്റത്തിന് പാവപ്പെട്ട രോഗികളെ കൊണ്ട്  അടിയാധാരം വരെ പണയം വെയ്പ്പിക്കുന്നത് 'ഹിപ്പോക്രടിക് ഓത്തിന്റെ'   ഭാഗമാണോ കശാപ്പുകാരെ? പാവപ്പെട്ടവന്റെ കിഡ്നി വരെ ചുരണ്ടി എടുക്കുന്നത് നിന്റെയൊക്കെ കുടുംബത്തിന്റെ എഴയലത്തൂടെ മനുഷ്യത്വമോ ധാര്‍മികതയോ പോയിട്ടില്ല എന്നതിന്റെ തെളിവല്ലേ?     കാശ് കൂടുതല്‍ വാങ്ങുന്ന,ഇനി കാശില്ലെങ്കില്‍ പാവപ്പെട്ട രോഗികളുടെ അടിവസ്ത്രം വരെ ഊരി വാങ്ങുന്ന മനജെമെന്റുകളും സര്‍ക്കാര്‍ ഡോക്ടറന്മാരും 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' അങ്ങ് വീട്ടില്‍ പോയി നടത്തിയാല്‍ മതി. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഞങ്ങളോട്  വേണ്ട. ഞങ്ങള്‍ക്ക് നേരെ 'എസ്മ' പ്രയോഗിക്കാതെ പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടു വാരി നക്കി കൊഴുപ്പ് കേറി ചീര്‍ത്തിരിക്കുന്ന നിന്റെയൊക്കെ മുതലാളിമാര്‍ക്ക് വല്ല 'എനിമ'യും വച്ച്  കൊടുക്ക്‌. ഇതാണ് ഇന്ത്യന്‍ മേടിക്കല്‍ അസോസിയേഷന് പറ്റിയ പണി.
  
 ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി. ഇനി തിരിഞ്ഞു നോട്ടമില്ല.ഞങ്ങള്‍ മുന്‍പോട്ടാണ്.ഇരുളടഞ്ഞ ഒരു ഭൂതകാലത്തില്‍ നിന്നും പ്രകാശം പരക്കുന്ന ഒരു പുതിയ പ്രഭാതത്തിലേക്ക്‌.അടിമത്വത്തിന്റെ ചങ്ങലകള്‍  പൊട്ടിച്ചെറിഞ്ഞു ഞങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ പൊന്‍ പുലരിയിലേക്ക് ചുവടു വയ്ക്കുകയാണ്.ഈ സ്വാതന്ത്ര്യ സമരത്തില്‍ ഞങ്ങള്‍ക്ക് വേണ്ടി ചോര ചിന്തിയ,മര്‍ദ്ദനം ഏറ്റ ഞങ്ങളുടെ സഹോദരങ്ങളെ മറന്നു ഇനി ഞങ്ങള്‍ക്ക് പിന്‍പോട്ടു നടക്കാനാവില്ല. അത് ഞങ്ങള്‍ അവരോടു  ചെയ്യുന്ന നന്ദികേടാണ്. വിജയത്തിന്റെ വക്കോളം ഞങ്ങളെ കൈ പിടിച്ചുയര്‍ത്തിയ ആ സഹോദരങ്ങളെ വഴിയിലുപേക്ഷിച്ച് പോകാന്‍ ഞങ്ങള്‍ക്കാവില്ല.അതെ,ഞങ്ങള്‍ സമര മുഖത്തേയ്ക്കു തന്നെയാണ്. ഇതു കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ചവിട്ടി മെതിക്കപ്പെട്ട  ഒരു സമൂഹത്തിന്റെ ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ സമര കാഹളമാണ്. ചരിത്രത്തിന്റെ പാഠഭേദങ്ങള്‍  വായിച്ചറിഞ്ഞിട്ടില്ലാത്തവര്‍  ഞങ്ങളുടെ സമരത്തെ അവഹേളിക്കട്ടെ.പക്ഷെ എകാധിപതികളെ കടപുഴക്കി വീശിയടിച്ച  അറബ് വസന്തം പോലെ,മുല്ലപ്പൂ വിപ്ലവം പോലെ കേരളത്തിലും ജാതി- മത-ദൈവ കോമരങ്ങളും കഴുത്തറപ്പന്‍ കശാപ്പുകാരും  നടത്തുന്ന അസ്വാതന്ത്ര്യത്തിന്റെ തടവറകള്‍ കടന്നു വിപ്ലവത്തിന്റെ ശുദ്ധവായു വീശിയടിക്കും.കാലത്തിനു നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന പലരും ഇതില്‍ കടപുഴകി വീഴും .അത് ചരിത്രത്തിന്റെ നിയോഗമാണ്. നിലാവില്‍ ഓരിയിടുന്ന ഡാക്കിട്ടര്‍ നായകള്‍ ഇത് മനസിലാക്കിയാല്‍   നന്ന്.
  

സമരം ആളിക്കത്തും ,തകര്‍ക്കാന്‍ മാനജ്മെന്റുകള്‍!




(കടപ്പാട് : മറുനാടന്‍ മലയാളി)

Saturday, January 28, 2012

നേഴ്സുമാര്‍ വീണ്ടും സമരമുഖത്തേയ്ക്ക് !

കേരളം  വീണ്ടും സമരചൂടിലേക്ക്. നേഴ്സുമാര്‍ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞു എന്നത് ഇപ്പോഴും അംഗീകരിക്കാന്‍ കഴിയാത്ത മനജ്മെന്റുകള്‍ തീക്കൊള്ളികൊണ്ട്  തല  ചൊറിയുകയാണ്.ഇതിനു കൊടുക്കേണ്ടി വരുന്ന വില  വളരെ  വലുതായിരിക്കുമെന്ന് ശക്തമായ ഭാഷയില്‍ തന്നെ നാം ഇവരെ ബോധ്യപ്പെടുത്തെണ്ടതുണ്ട്. നാം ഇനിയും അടിമനുകത്തിന്‍ കീഴില്‍  ജോലി ചെയേണ്ട കാര്യമില്ല . നമ്മുടെ അവകാശങ്ങളെ പറ്റി നാം ഉത്തമ ബോധ്യമുള്ളവര്‍ ആകണം. അത് എവിടെയും തുറന്നു പറയാന്‍ ശക്തരാകുകയും ചെയ്യേണ്ടിയിരിക്കുന്നു.ഈ സമരത്തിനു എല്ലാ ഭാവുകങ്ങളും വിജയാശംസകളും.

(കടപ്പാട്: മറുനാടന്‍ മലയാളി)

Wednesday, January 25, 2012

സമര പോരാട്ടങ്ങളുടെ വീര കഥകളുമായി യു എന്‍ എ

പീഡനങ്ങളെയും പ്രലോഭനങ്ങളെയും ത്രിണവത്കരിച്ചു   നേഴ്സുമാര്‍ക്ക് അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ യു എന്‍ എ യുടെ എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും അനുമോദനങ്ങള്‍! സമരങ്ങളും വിജയങ്ങളും  നല്‍കിയ പുതിയ ആത്മ വീര്യം കെടാതെ കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരിലേക്ക് പകര്‍ന്നു  കൊടുക്കുകയും ചെയ്യാന്‍ നമുക്ക് കൈകോര്‍ത്തു പോരാടാം. നമ്മുടെ സഹോദരങ്ങള്‍ക്ക്‌ ആത്മാഭിമാനത്തിന്റെ പുതിയ തീനാളം ജ്വലിപ്പിച്ചു നല്‍കിയ ഈ സഹോദരങ്ങളോടൊപ്പം ചേരാന്‍ എല്ലാ സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു.


(വാര്‍ത്ത കടപ്പാട്: മറുനാടന്‍ മലയാളി)

Friday, January 20, 2012

ദില്ലിയും മുംബൈയും നന്നാക്കാന്‍ കേരള നിയമസഭ സമിതി!

കൊള്ളാം,ഇനി  ഇതിന്റെ കുറവ് കൂടിയേ ഉണ്ടായിരുന്നൊള്ളൂ.കേരളത്തില്‍ ഒരു നിയമം ഉള്ളത് നടപ്പാക്കി പാവം നെഴ്സുമാരെ സഹായിക്കാന്‍ പറ്റാത്ത മാന്യന്മാര്‍ ഇനി ഡല്‍ഹിയിലെയും മുംബയിലെയും നഴ്സുമാരെ സഹായിക്കുംപോലും.ഇവര് വന്നു റിപ്പോര്‍ട്ട് ഉണ്ടാക്കി നിയമസഭയുടെ മേശപ്പുറത്തു വച്ചാല്‍ ഇവിടുത്തെ എല്ലാ പ്രശ്നവും തീരും!പാവം നികുതിദായകന്റെ പണം വെട്ടിവിഴുങ്ങാന്‍ ഓരോ വഴികള്‍.വരുന്നവരെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.പീഡന കേസില്‍ പേര് പറഞ്ഞു കേട്ടവരെയും നിയമസഭയില്‍ പോലും പെണ്ണുങ്ങള്‍ക്ക്‌ സമാധാനം കൊടുക്കാത്തവരെയും സ്ത്രൈണ വികാരം(കള്ള കണ്ണീര്‍! അത് ഞങ്ങളുടെ മാത്രം ആയുധം അല്ലെന്നു തെളിയിച്ചവര്‍ക്ക് സ്തുതി!)  ഉള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്തിയത് നന്നായി!.

കഷ്ടം! ഇതെല്ലാം  അനുഭവിക്കാന്‍ നേഴ്സുമാരുടെ ജന്മം ഇനിയും ബാക്കി.........!!!
എന്തായാലും നമ്മുടെ  നികുതി  പണം ചിലവാക്കി ഉള്ള വരവാണ്.കഴിയുന്ന എല്ലാവരും പോയി പങ്കെടുത്തു ഈ പ്രഹസന പരിപാടി അവര്‍ക്കൊരു അവിസ്മരണീയ അനുഭവമാക്കി മാറ്റണം.ചുമ്മാ നാട്ടില്‍ പോയി പത്രസമ്മേളനം വിളിച്ച് നമ്മുടെ കദന കഥകളൊക്കെ വിളിച്ച് പറഞ്ഞോളും. അങ്ങേനെയെങ്കിലും നാല് പേര്‍ നമ്മുടെ കഥകള്‍ അറിയട്ടെ.!
അതല്ലാതെ ഇത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.

Friday, January 13, 2012

അഭിമാനത്തോടെ പറയൂ..ഞങ്ങള്‍ അടിമകളല്ല,ഞങ്ങളെ വിലയ്ക്ക് വാങ്ങാനാവില്ല!!

ഇനി ഈ സമരാശ്വത്തെ പിടിച്ചു കെട്ടുക എളുപ്പമല്ല.കാര്യങ്ങളൊക്കെ മനജുമെന്റുകളുടെ കയ്യില്‍ നിന്നും വിട്ടു പോയി. നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങളെ പറ്റി ബോധമുള്ളവര്‍ ആയിരിക്കുന്നു.തങ്ങള്‍ അടിമകളല്ല എന്നവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.സ്വാഭിമാനം വീണ്ടെടുത്ത ഒരു തലമുറയെ ഇനി അടിമ നുകത്തിന്‍ കീഴില്‍ തളച്ചിടാമെന്ന് വിചാരിക്കുന്നത് മൌട്യമാണ്,ആനമണ്ടത്തരമാണ്. കുഞ്ഞാടുകളെ പ്പോലും കൂടെ നിര്‍ത്താന്‍ കഴിയാത്തവര്‍ ഇനി നെഴ്സുമാരെ അപ്പകഷ്ണം കാട്ടി പറ്റിക്കാം എന്ന് വെറുതെ പോലും കരുതരുത്.ജാഗ്രതൈ!

അഭിമാനം വിറ്റു തുലക്കാതെ സമര രംഗത്ത് ഉറച്ചു നിന്ന് പൊരുതിയ സുഹൃത്തുക്കള്‍ക്ക് അഭിവാദ്യങ്ങള്‍!


Thursday, January 12, 2012

യു എന്‍ എ യ്ക്കു അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍! ലിറ്റില്‍ ഫ്ലവര്‍ സമരം തീര്‍ന്നു

കര്‍ത്താവിനെ പോലും പേടിയില്ലാത്ത പാതിരിമാര്‍ കോടതിയെ പേടിച്ചു കീഴടങ്ങി! കര്‍ത്താവ്‌ പഠിപ്പിച്ച കാര്യങ്ങള്‍ മറന്നു പോയ പാതിരിമാരെ സമാധാന സുവിശേഷം പഠിപ്പിച്ച എല്ലാവര്ക്കും അനുമോദനങ്ങള്‍!
 അമൃതയിലെ സമര വാര്‍ത്തകള്‍ നല്‍കിയും ക്രിസ്ത്യന്‍  മാനെജ്മെന്റ്  ആശുപത്രികളിലെ വാര്‍ത്തകള്‍ മുക്കിയും അച്ചായന്‍ /മുത്തശ്ശി പത്രങ്ങള്‍ ഈ സമരത്തോടുള്ള സമീപനം വ്യക്തമാക്കിയപ്പോള്‍ ,ആദ്യന്തം ഈ സമര വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച 'മറുനാടന്‍ മലയാളി'ക്ക് ഞങ്ങളുടെ പ്രത്യേക അഭിനന്ദനങള്‍!
ചോരയില്‍ മുക്കി സമരത്തെ അടിച്ചമര്‍ത്താം  എന്ന് വിചാരിച്ച മാനജ്മെന്റുകളെ  സഹന സമരത്തിലൂടെ കെട്ടുകെട്ടിച്ച യു എന്‍ എ യ്ക്കും അതിന്റെ സാരഥികള്‍ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!


(വാര്‍ത്ത/കടപ്പാട്: മറുനാടന്‍ മലയാളി)

കുഞ്ഞാടുകളെ വലയിലാക്കി ചെന്നായ്ക്കള്‍! പക്ഷെ പണി പാളി....!!

ഇപ്പോഴും പതിനാറാം നൂറ്റാണ്ടിലെ കത്തോലിക്കാസഭയുടെ പ്രേതം കൂടിയ ഒരു പാതിരിയും കുറെ വഴിതെറ്റിയ കുഞ്ഞാടുകളും! ഒരു ന്യായമായ ആവശ്യത്തിനു  വേണ്ടി സമരം ചെയ്യുന്ന പാവം നെഴ്സുംമാരുടെ സമരം തകര്‍ക്കാന്‍ കച്ച കെട്ടി ഇറങ്ങിയതാണ്. 123 പള്ളികളില്‍ നിന്നും അഴിച്ചു  വിട്ട മുട്ടനാടുകളും കുഞ്ഞാടുകളുമാണ്  ഈ വരുന്നത്. എണ്ണാമെങ്കില്‍  എണ്ണിക്കോ!  ഈ കൊടിയും പിടിച്ചു വരുന്ന അമ്മച്ചിമാരുടെ   വീട്ടിലൊന്നും  നേഴ്സുമാര്‍  ഇല്ലേ ? വേണ്ടാത്ത അസുഖവും പിടിച്ച് ആശുപത്രിയില്‍ വന്നു കിടക്കുമ്പോള്‍ സ്വന്തം മക്കള് പോലും  തൊടാന്‍ അറക്കുന്ന അവസ്ഥയില്‍ ശുശ്രൂഷിക്കുന്ന  ഈ പാവങ്ങള്‍ എന്ന് മുതലാണ്‌ നിങ്ങളുടെ ശത്രുക്കളായത്? കഷ്ടം! 
(കടപ്പാട്: മറുനാടന്‍ മലയാളി)

ആളുകള്‍ ഈ വൃത്തികെട്ട പ്രകടനത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നറിയേണ്ടേ? വായനക്കാരുടെ പ്രതികരണങ്ങള്‍ കാണാം. ഇവിടെ ക്ലിക്ക് ചെയ്യൂ

Wednesday, January 11, 2012

കേരളം നെഴ്സുമാരോട് ചെയ്യുന്നത്...!!

(കടപ്പാട്: മനോരമ)


നഴ്‌സുമാര്‍ക്ക് മിനിമം വേതനം: സത്യവാങ്മൂലം നല്‍കണം

കൊച്ചി: നഴ്‌സുമാര്‍ക്ക് 2009-ലെ വിജ്ഞാപനത്തില്‍ പറയുന്ന മിനിമം വേതനം നല്‍കുന്നുവെന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആസ്​പത്രി ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരത്തിന്റെ പേരില്‍ ആസ്​പത്രിക്കു മുന്നില്‍ ഗതാഗത തടസ്സമുണ്ടാകുന്നുവെന്ന് കാണിച്ച് ആസ്​പത്രി ഡയറക്ടര്‍ നല്‍കിയ ഉപ ഹര്‍ജിയിലാണിത്. നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് വാദത്തിനിടെ ആസ്​പത്രി അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ ആസ്​പത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. 
നഴ്‌സുമാരുടെ സംഘടനയ്ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ ആസ്​പത്രി വളപ്പില്‍ത്തന്നെ സ്ഥലം നല്‍കാനും കോടതി നിര്‍ദേശിച്ചു. ആസ്​പത്രിവളപ്പില്‍ മൈക്ക് ഉപയോഗിക്കില്ലെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. 
സമരത്തിന്റെ പേരില്‍ രോഗികളുടെയും ഡോക്ടര്‍മാരുടെയും സമരം ചെയ്യാത്ത നഴ്‌സുമാരുടെയും ആസ്​പത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്​പിറ്റല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടം നല്‍കിയ ഹര്‍ജിയിലായിരുന്നു ഇത്. ഈ ഉത്തരവ് വിപുലീകരിച്ചു കിട്ടാനായി ആസ്​പത്രി അധികൃതര്‍ നല്‍കിയ ഉപ ഹര്‍ജിയിലാണ് ഇപ്പോഴത്തെ നിര്‍ദേശം. 

കര്‍ണാടകത്തിലും നേഴ്സുമാരുടെ സമരം


കര്‍ണാടകത്തില്‍ നഴ്‌സുമാര്‍ 14 മുതല്‍ സമരത്തിലേക്ക്

വേതനവര്‍ധന ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യം 

ബാംഗ്ലൂര്‍: ഉത്തരേന്ത്യയിലും കേരളത്തിലും നഴ്‌സുമാര്‍ തുടങ്ങിവെച്ച സമരം കര്‍ണാടകത്തിലേക്കും വ്യാപിക്കുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 14 മുതല്‍ സമരം തുടങ്ങാനാണ് തീരുമാനം. കര്‍ണാടകത്തില്‍ മൊത്തം നഴ്‌സുമാരുടെ എണ്ണത്തില്‍ എഴുപതു ശതമാനം മലയാളികളാണ്. ഇവരില്‍ ഭൂരിഭാഗത്തിനും ജോലിസുരക്ഷ ഉറപ്പില്ല. മറ്റുള്ളവരുടെ വേദനകളില്‍ ആശ്വാസം നല്‍കുന്ന തങ്ങളുടെ സ്വന്തം ദുരിതം കാണാന്‍ ആരുമില്ലെന്ന അവസ്ഥയാണെന്ന് ബാംഗ്ലൂരിലെ പ്രമുഖ സ്വകാര്യ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന മാവേലിക്കര സ്വദേശിനി ദീപ എം. തങ്കച്ചന്‍ പറയുന്നു.
മൂന്നും നാലും വര്‍ഷമായിട്ടും നഴ്‌സുമാരുടെ വേതനം വര്‍ധിപ്പിച്ചു നല്‍കാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല 12-15 മണിക്കൂര്‍ ഇവര്‍ ജോലി ചെയ്യേണ്ടി വരുന്നു. അധികജോലിക്ക് കൂടുതല്‍ വേതനമോ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
കേരളത്തിലും ഡല്‍ഹിയിലും മുംബൈയിലും നടന്ന സമരങ്ങള്‍ തങ്ങള്‍ക്ക് പ്രചോദനം നല്‍കിയതായി കോട്ടയം സ്വദേശി ദീപു എസ്. കുമാര്‍ പറഞ്ഞു. അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി തങ്ങള്‍ സംഘടിക്കുമെന്ന് ദീപു പറഞ്ഞു.

സേവന, വേതന വ്യവസ്ഥകള്‍ പുതുക്കി നിശ്ചയിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ട് നഴ്‌സസ് അസോസിയേഷന്‍ 14 മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ എല്ലാ ആസ്പത്രികളിലും അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
മലയാളികളടക്കം പതിനായിരക്കണക്കിന് നഴ്‌സുമാരാണ് കര്‍ണാടകത്തിലെ വിവിധ ആസ്പത്രികളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ പലരും കരാര്‍ അടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ആസ്പത്രികളടക്കമുള്ളയിടങ്ങളില്‍ സമരം ആരംഭിക്കുമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ പറഞ്ഞു.
രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍പോലും ആസ്പത്രി അധികൃതരോ സര്‍ക്കാറോ തയ്യാറാവുന്നില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ആസ്പത്രികളിലടക്കം നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ടിന്റെയും മറ്റും പേരില്‍ തടഞ്ഞുവെക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെക്കിട്ടാന്‍ പലപ്പോഴും വലിയ തുക നല്‍കേണ്ടിവരുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെടാമെന്ന് ആരോഗ്യവകുപ്പ് ഉറപ്പുനല്‍കിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

Monday, January 9, 2012

നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക! അക്ഷരം പ്രതി പാലിച്ചു ലിറ്റില്‍ ഫ്ലവര്‍!

നിന്റെ ശത്രുവിനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ  അനുയായികളും പുരോഹിത വര്‍ഗവും എവിടെയെത്തി നില്‍ക്കുന്നു എന്നറിയണമെങ്കില്‍ വരൂ, ലിറ്റില്‍ ഫ്ലവറി ലേക്ക്  ! വര്‍ഷങ്ങളായി, അനുസരണയോടെ, കിട്ടുന്ന നക്കാപ്പിച്ചയ്ക്ക് പണിയെടുത്തിരുന്ന നഴ്സുമാര്‍ തങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചപ്പോള്‍ അവരെ നേരിടുന്നത് തികഞ്ഞ ശത്രുക്കളെപ്പോലെ. ഈ അടിമകളോട്  ഇവരുടെ മനോഭാവം ഇങ്ങനെയാണെങ്കില്‍ യഥാര്‍ത്ഥ ശത്രുക്കളോടെ എങ്ങനെയായിരിക്കും? ഒരു കരണത്തടിക്കുന്നവനെ  മറു കാരണം കൂടി കാണിച്ചുകൊടുക്കാന്‍ ഉപദേശിച്ച കര്‍ത്താവിന്റെ ശിഷ്യന്മാര്‍ പാവം നഴ്സുമാരുടെ   കരണത്ത്   മാത്രമല്ല വയറ്റത്തും കൂടി അടിക്കുകയാണ്.കര്‍ത്താവെ ഇവരോട് പൊറുക്കേണമേ!

Thursday, January 5, 2012

അങ്ങാടിയില്‍ തോറ്റതിന് നേഴ്സിന്റെ നെഞ്ചത്ത്‌!


മരിക്കാന്‍ ഒരുങ്ങി  പുറപ്പെട്ടവന്റെ ജീവന്‍ രക്ഷിക്കാന്‍ നേഴ്സ് എന്താ ഭൂമിയിലെ ദൈവമോ? ചാവാന്‍ തുടങ്ങുന്നവന്  നേഴ്സ് വേണം.അവരാണ് അപ്പോള്‍ ഭൂമിയിലെ മാലാഖമാര്‍...അല്ലെങ്കിലോ എന്തൊരു പുംഗ്ജം ..!! 

(വാര്‍ത്ത: മറുനാടന്‍ മലയാളി)

നെഴ്സുമാരെ തോല്‍പ്പിക്കാന്‍ ലിറ്റില്‍ ഫ്ലവര്‍ പൂട്ടിക്കെട്ടുമെന്നു മാനെജ്മെന്റ്


(വാര്‍ത്ത : മറുനാടന്‍  മലയാളി)

Wednesday, January 4, 2012

ലിറ്റില്‍ ഫ്ലവറില്‍ നഴ്സുമാരുടെ സമരം ആളിപടരുന്നു

(വാര്‍ത്ത കടപ്പാട്: മറുനാടന്‍ മലയാളി)

പാരാമെഡിക്കല്‍ നഴ്‌സിങ് കോഴ്‌സുകള്‍ക്ക് പ്രത്യേക സര്‍വകലാശാല


ബാംഗ്ലൂര്‍: പാരാമെഡിക്കല്‍ നഴ്‌സിങ് കോഴ്‌സുകള്‍ക്കായി പ്രത്യേക സര്‍വകലാശാല ഈ വര്‍ഷം ആരംഭിക്കുമെന്ന് മന്ത്രി രാമദാസ് അറിയിച്ചു. നിലവില്‍ മെഡിക്കല്‍ സര്‍വകലാശാലയുടെ കീഴിലാണ് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്നത്. ഇത്തരം കോഴ്‌സുകള്‍ക്കായി പ്രത്യേക സര്‍വകലാശാല ആരംഭിക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഡോ. ദേവിഷെട്ടിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 
കഴിഞ്ഞ ദിവസം കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നഴ്‌സിങ്, പാരാ മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്രത്യേക സര്‍വകലാശാല ആരംഭിക്കണമെന്ന് ശുപാര്‍ശ ചെയ്തു. കോഴ്‌സുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഈ മേഖലയില്‍ നടക്കുന്ന ക്രമക്കേടുകള്‍ക്ക് പരിഹാരം കാണുന്നതിനും പ്രത്യേക സര്‍വകലാശാലയാണ് ഉചിതമെന്നാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.
(വാര്‍ത്ത: മാതൃഭൂമി)

Tuesday, January 3, 2012

ലിറ്റില്‍ ഫ്ലവര്‍ സമരം രണ്ടാം ദിവസത്തിലേക്ക്




നഴ്സുമാരുടെ സമരത്തിനു പിന്തുണയുമായി പിയാനോ


(വാര്‍ത്ത : മറുനാടന്‍ മലയാളി)

തീപിടിച്ച മനസ്സുമായി അവര്‍ മടങ്ങി.........!!!


(വാര്‍ത്ത : മറുനാടന്‍ മലയാളി)

നഴ്‌സുമാരുടെ സമരം: എ.ഐ.ടി.യു.സി. പിന്തുണയ്ക്കുമെന്ന് കാനം രാജേന്ദ്രന്‍


കൊച്ചി: സേവന വേതന വ്യവസ്ഥകള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തെ എ.ഐ.ടി.യു.സി. പിന്തുണയ്ക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമരം ഹൈക്കോടതി കവലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ 2009ല്‍ അംഗീകരിക്കപ്പെട്ടതാണ്. അതനുസരിച്ചുള്ള മിനിമം കൂലി പലേടത്തും നടപ്പാക്കിയിട്ടില്ലെന്ന് കാനം പറഞ്ഞു. 

മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് മീനാക്ഷി തമ്പാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കമല സദാനനന്‍, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.എ. കുമാരന്‍, അഡ്വ. സേതുലക്ഷ്മി, അഡ്വ. വസന്ത, വി. വിജയമ്മ, വിമല ടീച്ചര്‍, ഷീല വിജയകുമാര്‍, രമണി ജോര്‍ജ്, ലീനാമ്മ ഉദയകുമാര്‍, എന്‍. ഉഷ, കെ.എം. ദിനകരന്‍, കെ.കെ. അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.
(വാര്‍ത്ത: മാതൃഭൂമി)

Monday, January 2, 2012

ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍


അങ്കമാലി: അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആസ്പത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. 

70 ശതമാനം നഴ്‌സുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘടന നേതാക്കള്‍ പറഞ്ഞു. ആവശ്യങ്ങള്‍ ഉന്നയിച്ച് നഴ്‌സുമാരുടെ സംഘടന ആസ്പത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ നാലുപേര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചുവെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്നാണ് സമരം നടത്താന്‍ നഴ്‌സുമാര്‍ തീരുമാനിച്ചത്.
(കടപ്പാട് :  മാതൃഭൂമി)

(കടപ്പാട് : മറുനാടന്‍ മലയാളി)

Sunday, January 1, 2012

Nursing Council Circular against Service Bond


വേദനയില്‍ തൊടുന്ന മാലാഖമാര്‍ക്ക് വേദനിയ്ക്കുമ്പോള്‍....‍‍


കാരുണ്യമിയന്ന മുഖവുമായി , കയ്യിലൊരു ശരറാന്തലും തൂക്കി നിസ്സഹായരായ രോഗികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫ്ലോറന്‍സ് നൈറ്റിംഗേള്‍ എന്ന വനിതയുടെ ഉത്കൃഷ്ട ജീവിതം എന്‍റെ മുന്നിലിരുന്ന അവരുടെ പടം എന്നെ ഓര്‍മ്മിപ്പിച്ചു. എന്തൊരു ദയയാണ്, ആ മുഖത്ത്...
പറഞ്ഞു വന്നപ്പോള്‍ തന്നെ വായനക്കാര്‍ക്ക് ഇന്നത്തെ വിഷയം മനസ്സിലായി കാണുമല്ലോ, ലക്കും ലഗാനുമില്ലതെ ഓടുന്ന ഇന്നത്തെ മാലാഖമാരുടെ ദുരവസ്ഥ കണ്ട് മനം നൊന്ത് എഴുതി പോകുന്നതാണ്.
ഒരു ദിവസം ഫെയ്സ്ബുക്ക് തുറന്നപ്പോള്‍ മുഖ്യ പേജ് ക്ഷണിച്ചത് ഒരു വീഡിയോ, കാണാന്‍. വിവിധ ആശുപത്രികളിലായി മാലാഖമാരുടെ വേഷമിട്ട നഴ്സുമാര്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ വ്യക്തമാക്കുന്ന വീഡിയോ. നിശബ്ദം സ്വന്തം ആവശ്യങ്ങള്‍ക്കായി സമരം നടത്തുന്ന അവര്‍ക്കു മേല്‍ ആര്‍ക്കും കുതിര കയറാമെന്ന് ആ ദൃശ്യങ്ങള്‍ കാണിച്ചു തന്നു. ഹെഡ് നഴ്സ് മുതല്‍ ഗുണ്ടകള്‍ വരെ ഭീഷ്ണിയും തെറി വിളിയും മര്‍ദ്ദനവുമായി പിന്നാലെ കൂടുമ്പോള്‍ ഇവര്‍ എങ്ങോട്ടേയ്ക്കാണ്, രക്ഷപെടേണ്ടത്?
ലക്ഷങ്ങള്‍ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് നാലഞ്ചു വര്‍ഷം നഴ്സിങ്ങ് പഠിപ്പിച്ച മാതാപിതാക്കളുടെയടുത്തേയോ? പഠനം കഴിഞ്ഞ് മകള്‍, അല്ലെങ്കില്‍ മകനു ലഭിയ്ക്കുന്ന നല്ല ശമ്പളമുള്ള മറ്റുള്ളവര്‍ക്ക് നന്‍മയുണ്ടാക്കുന്ന ജോലി സ്വപ്നം കണ്ട് കഴിയുകയാണ്, ആ പാവങ്ങള്‍, അവര്‍ക്കു മുന്നില്‍ എന്തു മറുപടിയാണ്, ഈ നിസ്സഹായരായ ഇരകള്‍ പറയുക?
പഠിച്ചു കഴിഞ്ഞിട്ടും ബോണ്ട് എന്ന വലിയൊരു ഊരാക്കുടുക്കാണ്, വന്‍കിട ഹോസ്പിറ്റലുകള്‍ നഴ്സുമാരുടെ ചുമലില്‍ കെട്ടിക്കൊടുക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വലിയൊരു തുകയ്ക്ക് ഈടുവയ്ക്കുന്ന രീതി എത്ര നീചമാണ്. പലരും മറ്റു കോഴ്സുകള്‍ക്ക് പഠിക്കാന്‍ കഴിയാതെ പെട്ടെന്ന് ജോലി കിട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്, നഴ്സിങ്ങ് പഠനത്തിന്, വന്നു ചേരുന്നത്. പൈസയില്ലാത്ത രക്ഷകര്‍ത്താക്കള്‍ ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ ലോണ്‍ എടുത്തും ഈ കോഴ്സിന്, കുട്ടികളെ വിടും , പഠന ശേഷമുള്ള ബോണ്ടും കൂടിക്കഴിഞ്ഞാല്‍ ഏതെങ്കിലും വിദേശ രാജ്യത്ത് കുട്ടിയ്ക്ക് കിട്ടുന്ന ലക്ഷങ്ങളാകും ഈ സമയത്ത് മിക്ക രക്ഷകര്‍ത്താക്കളുടേയും മനസ്സില്‍. പക്ഷേ ബോണ്ടില്‍ നിന്ന് രക്ഷപെടാനായിട്ടു വേണ്ടേ ഒന്നു രാജ്യം കടക്കാന്‍.
ഇത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒട്ടാകെ ഈ മാലാഖമാര്‍ അനുഭവിക്കുന്ന ഒരു ദുരന്ത ചിത്രമാണ്.
കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പാസാകേണ്ട പരീക്ഷയായ ഐ എല്‍ ടി എസ്സിന്‍റെ പാസ്സ് മാര്‍ക്ക് കൂട്ടിയത്, ഇത് ഒട്ടേറെ എതിര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നു, ഇതു മൂലം ഏറ്റവും വലഞ്ഞതും നമ്മുടെ നാട്ടില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ നഴ്സിങ്ങ് ജോലികള്‍ക്കായി പോകുന്നവരാണ്. ചുരുക്കം നാട്ടിലെ ദുരിതത്തില്‍ നിന്ന് രക്ഷപെട്ടാലും ഇവര്‍ക്ക് ഒരു രക്ഷപെടല്‍ അത്ര എളുപ്പമല്ലെന്നു ചുരുക്കം. നാട്ടില്‍ മിക്ക ആശുപത്രികളിലും നഴ്സുമാരുടെ തുടക്ക വരുമാനം ആയിരത്തി അഞ്ഞൂറു മുതല്‍ തുടങ്ങും, പുറമേ സെക്ക്യൂരിറ്റി എന്നു പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങി വയ്ക്കുകയും, എന്തെങ്കിലുമൊരു ആവശ്യം പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ചെന്നാല്‍ അതില്‍ ഈടു വച്ചിരിക്കുന്ന തുക നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന വാദവും, ഭയന്ന രക്ഷകര്‍ത്താക്കള്‍ മിക്കവരും പൈസ എങ്ങനേയും സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുമായി രക്ഷപെടുന്നു, പക്ഷേ കയ്യില്‍ പൈസ ഇല്ലാത്തവരോ, അവിടെത്തന്നെ അടിമപ്പണിയെടുത്ത് ജീവിതം കഴിക്കുന്നു.
ഇവര്‍ക്ക് ഹോസ്പിറ്റലില്‍ ലഭിയ്ക്കുന്ന ഹോസ്റ്റലാണ്, അടുത്ത പ്രശ്നം. ഈയിടെ കേരളത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലില്‍ ജോലി കിട്ടിയ മകളെ കൊണ്ടാക്കാന്‍ പോയ അമ്മ അവിടുത്തെ തന്നെ ഹോസ്പിറ്റലിനെ പറ്റി പറഞ്ഞത്, ഒരു തീപ്പട്ടി കൂടിനകത്ത് നാലും അഞ്ചും കുട്ടികള്‍ കിടക്കുന്ന ഒരു മുറിയേ പറ്റി, കട്ടിലിനടിയില്‍ പാകം ചെയ്യാനുള്ള ചീഞ്ഞതും അല്ലാത്തതുമായ പച്ചക്കറികള്‍ കുന്നു കൂടി കിടക്കുന്നു, ഒരു വശത്ത് മുഷിഞ്ഞ തുണികള്‍. കതകു തുറന്നതും പച്ചക്കറിയുടെ ചീഞ്ഞ മണം , വാടകയോ വലുതും, ഒടുവില്‍ ആ ഹോസ്റ്റലിലെ മുഷിഞ്ഞ മണം ഓര്‍മ്മയില്‍ നിന്ന് പോലും കളയാന്‍ ദിവസങ്ങള്‍ എടുത്തത്രേ. ഇതിനും പുറമേയാണ്, ഹോസ്പിറ്റലിലെ ഹെഡ് നഴ്സുമാരുടെ അതിക്രമങ്ങള്‍. പാതിരാത്രി വരെ നീളുന്ന ഫോണ്‍ സംഭാഷ്നങ്ങള്‍, ഉറക്കം, ഏതാവശ്യത്തിനും ബോണ്ടിങ്ങ് എന്ന പേരില്‍ നില്‍ക്കുന്ന കുട്ടികളെയാണ്, പറഞ്ഞു വിടുക, സഹായം ചോദിച്ചാല്‍ പകരം കിട്ടുന്നത് നല്ല വഴക്കും, പല കുട്ടികളും പേടിച്ച് കഴിയുകയാണ്, ഇത് ഒരു നഴ്സ് പറഞ്ഞ കഥ.
ഇത്ര നേരവും ഈ മാലാഖക്കുട്ടികളെ പറ്റി പറഞ്ഞത് അലിവു തോന്നുന്ന കഥയാണെങ്കില്‍ ഒരു വെറൈറ്റിയ്ക്ക് മറ്റൊന്ന്, ഒരു സ്വന്തം അനുഭവം കൂടി പറഞ്ഞു നിര്‍ത്താം. ചികിത്സയുടെ ഭാഗമായി ഭര്‍ത്താവുമൊത്ത് ഹോസ്പിറ്റലില്‍ കിടന്ന സമയത്ത് ഒരു മെയില്‍ സിസ്റ്ററും ഫെമെയില്‍ സിസ്റ്ററും കൂടി കയ്യില്‍ കാനുല ഘടിപ്പിക്കാന്‍ വരുന്നു, ബോണ്ടിങ്ങ് മാലാഖകളാണ്. ഞരമ്പന്വേഷിച്ച് കുറേ തിരഞ്ഞെങ്കിലും എങ്ങും കിട്ടാത്തതു കാരണം രണ്ടു പേരും നിരാശയിലായിരുന്നു. ഒടുവില്‍ എവിടെയോ ഒരു ഞരമ്പ് ഒത്തു വന്ന സന്തോഷത്തില്‍ ഒരാള്‍ സൂചി കുത്തിക്കയറ്റി കാനുല വച്ച്, പതുക്കെ സൂചി പുറത്തേയ്ക്ക് വലിച്ചു, എന്തോ ഒരു തടസ്സം, അതോ തോന്നിയതോ, വീണ്ടും കുത്തി നോക്കി, ഇത്തവണയും, എന്നാല്‍ ഇനി പുറത്തേയ്ക്കാവാം, അങ്ങനെ അഞ്ചോ ആറോ തവണയില്‍ കൂടുതലായപ്പോഴേക്കും കണ്ടു നിന്ന എനിക്ക് തല കറങ്ങി തുടങ്ങിയിരുന്നു, നിങ്ങളെന്താണീ ചെയ്യുന്നതെന്ന് ചോദിക്കാന്‍ തുടങ്ങും മുന്‍പ് അദ്ദേഹം ഒച്ചയുയര്‍ത്തി, ഒരു മനുഷ്യനോടാണോ നിങ്ങളീ കാണിക്കുന്നത്, തലകറങ്ങുന്നല്ലോ. പെട്ടെന്ന് സൂചി ഊരിയെടുത്ത് രണ്ടു പേരും രക്ഷപെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞില്ല കുത്തിയ ഭാഗം വീര്‍ത്തു വന്നു, നല്ല വേദനയും. ആരോടു പരാതി പറയാന്‍, മുന്‍പും പലരില്‍ നിന്നും പോയ പല പരാതികളും ചവറ്റു കുട്ടയില്‍ വീണതു അറിയുന്നതു കൊണ്ട് കൂടുതല്‍ പണിയ്ക്ക് പോയില്ല, ചെന്നു പറഞ്ഞപ്പോള്‍ പുരട്ടിത്തന്ന ഏതോ വെളുത്ത പേയ്സ്റ്റില്‍ ഒതുങ്ങി വേദന.
ഇങ്ങനേയും കഥകള്‍. എന്താണെങ്കിലും പണ്ടത്തെ പോലെ ലോകത്തുള്ല സകല ആവലാതികളും മുഖത്തൊട്ടിച്ച ഭാവമല്ല ഇന്ന് നഴ്സുമാര്‍ക്കുള്ലത്, ബോണ്ടിങ്ങ് മാലാഖമാര്‍ എല്ലാം തന്നെ കുട്ടികളായതു കൊണ്ട് ചിരിച്ച മുഖമാണ്, അതു തന്നെ മതി രോഗിയ്ക്ക് പകുതി ആശ്വാസത്തിന്. പക്ഷേ അവരുടെ ഉള്ളില്‍ പുകയുന്ന ആ അഗ്നിപര്‍വ്വതം അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നത് വിഷമകരമാണ്. അവകാശം ചൊദിക്കുന്ന മാലാഖമാരെ ഗുണ്ടകളെ കൊണ്ടു തല്ലിക്കുന്ന അങ്ങേയറ്റം നിഷ്ഠൂരവും. ജോലി ചെയ്യാനുള്ള അവകാശത്തേ പോലെ തന്നെയാണ്, അതിനു ലഭിയ്ക്കുന്ന കൂലിയ്ക്കുള്ള അവകാശവും, അത് അര്‍ഹിക്കുന്നത് അവര്‍ക്ക് കൊടുത്തേ തീരൂ.
(കടപ്പാട്: മംഗളം )

നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശംവയ്‌ക്കരുതെന്നും വാങ്ങിയവ തിരിച്ചു നല്‍കണമെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ക്കു സംസ്‌ഥാന ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. കൊല്ലം സ്വദേശിനിയായ ആന്‍സി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ്‌ സര്‍ട്ടിഫിക്കറ്റ്‌ തടഞ്ഞുവയ്‌ക്കല്‍ പ്രശ്‌നത്തിനു ഡല്‍ഹിയില്‍ ശാശ്വത പരിഹാരമായത്‌. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ ഭൂരിപക്ഷവും മലയാളികളാണ്‌.
ഉത്തരവ്‌ കൈപ്പറ്റി 14 ദിവസത്തിനകം സ്വീകരിച്ച നടപടികളെക്കുറിച്ച്‌ വിവരം അറിയിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കാന്‍സര്‍ ബാധിതയായ അമ്മയെ ശുശ്രൂഷിക്കാന്‍ ജോലി മതിയാക്കി നാട്ടിലേയ്‌ക്കു പോകാന്‍ സര്‍ട്ടിഫിക്കറ്റ്‌ ചോദിച്ചപ്പോള്‍ ആശുപത്രി അധികൃതര്‍ അരലക്ഷം രൂപയാണ്‌ ആന്‍സിയോട്‌ ആവശ്യപ്പെട്ടത്‌. തുക നല്‍കാന്‍ വിസമ്മതിച്ച ഇവര്‍ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിക്കുകയും അഡ്വ. ജോസ്‌ ഏബ്രഹാം മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്‌തു.
നഴ്‌സുമാരുടെ സംരക്ഷണത്തിന്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മൂന്നുമാസത്തിനകം സമര്‍പ്പിക്കാന്‍ സംസ്‌ഥാന ആരോഗ്യ മന്ത്രാലയത്തിനു ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ഈ നിര്‍ദേശത്തെത്തുടര്‍ന്നാണു പുതിയ നടപടി. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ്‌ തടഞ്ഞുവയ്‌ക്കുക, ബോണ്ട്‌ സമ്പ്രദായം തുടങ്ങിയ നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കേസിനു മന്ത്രാലയത്തിന്റെ നടപടി ഗുണം ചെയ്യുമെന്ന്‌ അഡ്വ. ജോസ്‌ ഏബ്രഹാം പറഞ്ഞു. സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുന്ന ഹര്‍ജി 21 നു പരിഗണിക്കും.
(കടപ്പാട്:മംഗളം,01.01.2012)