നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Sunday, January 1, 2012

വേദനയില്‍ തൊടുന്ന മാലാഖമാര്‍ക്ക് വേദനിയ്ക്കുമ്പോള്‍....‍‍


കാരുണ്യമിയന്ന മുഖവുമായി , കയ്യിലൊരു ശരറാന്തലും തൂക്കി നിസ്സഹായരായ രോഗികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫ്ലോറന്‍സ് നൈറ്റിംഗേള്‍ എന്ന വനിതയുടെ ഉത്കൃഷ്ട ജീവിതം എന്‍റെ മുന്നിലിരുന്ന അവരുടെ പടം എന്നെ ഓര്‍മ്മിപ്പിച്ചു. എന്തൊരു ദയയാണ്, ആ മുഖത്ത്...
പറഞ്ഞു വന്നപ്പോള്‍ തന്നെ വായനക്കാര്‍ക്ക് ഇന്നത്തെ വിഷയം മനസ്സിലായി കാണുമല്ലോ, ലക്കും ലഗാനുമില്ലതെ ഓടുന്ന ഇന്നത്തെ മാലാഖമാരുടെ ദുരവസ്ഥ കണ്ട് മനം നൊന്ത് എഴുതി പോകുന്നതാണ്.
ഒരു ദിവസം ഫെയ്സ്ബുക്ക് തുറന്നപ്പോള്‍ മുഖ്യ പേജ് ക്ഷണിച്ചത് ഒരു വീഡിയോ, കാണാന്‍. വിവിധ ആശുപത്രികളിലായി മാലാഖമാരുടെ വേഷമിട്ട നഴ്സുമാര്‍ അനുഭവിക്കുന്ന ദുരവസ്ഥകള്‍ വ്യക്തമാക്കുന്ന വീഡിയോ. നിശബ്ദം സ്വന്തം ആവശ്യങ്ങള്‍ക്കായി സമരം നടത്തുന്ന അവര്‍ക്കു മേല്‍ ആര്‍ക്കും കുതിര കയറാമെന്ന് ആ ദൃശ്യങ്ങള്‍ കാണിച്ചു തന്നു. ഹെഡ് നഴ്സ് മുതല്‍ ഗുണ്ടകള്‍ വരെ ഭീഷ്ണിയും തെറി വിളിയും മര്‍ദ്ദനവുമായി പിന്നാലെ കൂടുമ്പോള്‍ ഇവര്‍ എങ്ങോട്ടേയ്ക്കാണ്, രക്ഷപെടേണ്ടത്?
ലക്ഷങ്ങള്‍ ബാങ്കില്‍ നിന്ന് വായ്പ്പയെടുത്ത് നാലഞ്ചു വര്‍ഷം നഴ്സിങ്ങ് പഠിപ്പിച്ച മാതാപിതാക്കളുടെയടുത്തേയോ? പഠനം കഴിഞ്ഞ് മകള്‍, അല്ലെങ്കില്‍ മകനു ലഭിയ്ക്കുന്ന നല്ല ശമ്പളമുള്ള മറ്റുള്ളവര്‍ക്ക് നന്‍മയുണ്ടാക്കുന്ന ജോലി സ്വപ്നം കണ്ട് കഴിയുകയാണ്, ആ പാവങ്ങള്‍, അവര്‍ക്കു മുന്നില്‍ എന്തു മറുപടിയാണ്, ഈ നിസ്സഹായരായ ഇരകള്‍ പറയുക?
പഠിച്ചു കഴിഞ്ഞിട്ടും ബോണ്ട് എന്ന വലിയൊരു ഊരാക്കുടുക്കാണ്, വന്‍കിട ഹോസ്പിറ്റലുകള്‍ നഴ്സുമാരുടെ ചുമലില്‍ കെട്ടിക്കൊടുക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ വലിയൊരു തുകയ്ക്ക് ഈടുവയ്ക്കുന്ന രീതി എത്ര നീചമാണ്. പലരും മറ്റു കോഴ്സുകള്‍ക്ക് പഠിക്കാന്‍ കഴിയാതെ പെട്ടെന്ന് ജോലി കിട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്, നഴ്സിങ്ങ് പഠനത്തിന്, വന്നു ചേരുന്നത്. പൈസയില്ലാത്ത രക്ഷകര്‍ത്താക്കള്‍ ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ ലോണ്‍ എടുത്തും ഈ കോഴ്സിന്, കുട്ടികളെ വിടും , പഠന ശേഷമുള്ള ബോണ്ടും കൂടിക്കഴിഞ്ഞാല്‍ ഏതെങ്കിലും വിദേശ രാജ്യത്ത് കുട്ടിയ്ക്ക് കിട്ടുന്ന ലക്ഷങ്ങളാകും ഈ സമയത്ത് മിക്ക രക്ഷകര്‍ത്താക്കളുടേയും മനസ്സില്‍. പക്ഷേ ബോണ്ടില്‍ നിന്ന് രക്ഷപെടാനായിട്ടു വേണ്ടേ ഒന്നു രാജ്യം കടക്കാന്‍.
ഇത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ ഒട്ടാകെ ഈ മാലാഖമാര്‍ അനുഭവിക്കുന്ന ഒരു ദുരന്ത ചിത്രമാണ്.
കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് പാസാകേണ്ട പരീക്ഷയായ ഐ എല്‍ ടി എസ്സിന്‍റെ പാസ്സ് മാര്‍ക്ക് കൂട്ടിയത്, ഇത് ഒട്ടേറെ എതിര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നു, ഇതു മൂലം ഏറ്റവും വലഞ്ഞതും നമ്മുടെ നാട്ടില്‍ നിന്ന് വിദേശ രാജ്യങ്ങളില്‍ നഴ്സിങ്ങ് ജോലികള്‍ക്കായി പോകുന്നവരാണ്. ചുരുക്കം നാട്ടിലെ ദുരിതത്തില്‍ നിന്ന് രക്ഷപെട്ടാലും ഇവര്‍ക്ക് ഒരു രക്ഷപെടല്‍ അത്ര എളുപ്പമല്ലെന്നു ചുരുക്കം. നാട്ടില്‍ മിക്ക ആശുപത്രികളിലും നഴ്സുമാരുടെ തുടക്ക വരുമാനം ആയിരത്തി അഞ്ഞൂറു മുതല്‍ തുടങ്ങും, പുറമേ സെക്ക്യൂരിറ്റി എന്നു പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങി വയ്ക്കുകയും, എന്തെങ്കിലുമൊരു ആവശ്യം പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ചെന്നാല്‍ അതില്‍ ഈടു വച്ചിരിക്കുന്ന തുക നല്‍കിയാലേ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്ന വാദവും, ഭയന്ന രക്ഷകര്‍ത്താക്കള്‍ മിക്കവരും പൈസ എങ്ങനേയും സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുമായി രക്ഷപെടുന്നു, പക്ഷേ കയ്യില്‍ പൈസ ഇല്ലാത്തവരോ, അവിടെത്തന്നെ അടിമപ്പണിയെടുത്ത് ജീവിതം കഴിക്കുന്നു.
ഇവര്‍ക്ക് ഹോസ്പിറ്റലില്‍ ലഭിയ്ക്കുന്ന ഹോസ്റ്റലാണ്, അടുത്ത പ്രശ്നം. ഈയിടെ കേരളത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലില്‍ ജോലി കിട്ടിയ മകളെ കൊണ്ടാക്കാന്‍ പോയ അമ്മ അവിടുത്തെ തന്നെ ഹോസ്പിറ്റലിനെ പറ്റി പറഞ്ഞത്, ഒരു തീപ്പട്ടി കൂടിനകത്ത് നാലും അഞ്ചും കുട്ടികള്‍ കിടക്കുന്ന ഒരു മുറിയേ പറ്റി, കട്ടിലിനടിയില്‍ പാകം ചെയ്യാനുള്ള ചീഞ്ഞതും അല്ലാത്തതുമായ പച്ചക്കറികള്‍ കുന്നു കൂടി കിടക്കുന്നു, ഒരു വശത്ത് മുഷിഞ്ഞ തുണികള്‍. കതകു തുറന്നതും പച്ചക്കറിയുടെ ചീഞ്ഞ മണം , വാടകയോ വലുതും, ഒടുവില്‍ ആ ഹോസ്റ്റലിലെ മുഷിഞ്ഞ മണം ഓര്‍മ്മയില്‍ നിന്ന് പോലും കളയാന്‍ ദിവസങ്ങള്‍ എടുത്തത്രേ. ഇതിനും പുറമേയാണ്, ഹോസ്പിറ്റലിലെ ഹെഡ് നഴ്സുമാരുടെ അതിക്രമങ്ങള്‍. പാതിരാത്രി വരെ നീളുന്ന ഫോണ്‍ സംഭാഷ്നങ്ങള്‍, ഉറക്കം, ഏതാവശ്യത്തിനും ബോണ്ടിങ്ങ് എന്ന പേരില്‍ നില്‍ക്കുന്ന കുട്ടികളെയാണ്, പറഞ്ഞു വിടുക, സഹായം ചോദിച്ചാല്‍ പകരം കിട്ടുന്നത് നല്ല വഴക്കും, പല കുട്ടികളും പേടിച്ച് കഴിയുകയാണ്, ഇത് ഒരു നഴ്സ് പറഞ്ഞ കഥ.
ഇത്ര നേരവും ഈ മാലാഖക്കുട്ടികളെ പറ്റി പറഞ്ഞത് അലിവു തോന്നുന്ന കഥയാണെങ്കില്‍ ഒരു വെറൈറ്റിയ്ക്ക് മറ്റൊന്ന്, ഒരു സ്വന്തം അനുഭവം കൂടി പറഞ്ഞു നിര്‍ത്താം. ചികിത്സയുടെ ഭാഗമായി ഭര്‍ത്താവുമൊത്ത് ഹോസ്പിറ്റലില്‍ കിടന്ന സമയത്ത് ഒരു മെയില്‍ സിസ്റ്ററും ഫെമെയില്‍ സിസ്റ്ററും കൂടി കയ്യില്‍ കാനുല ഘടിപ്പിക്കാന്‍ വരുന്നു, ബോണ്ടിങ്ങ് മാലാഖകളാണ്. ഞരമ്പന്വേഷിച്ച് കുറേ തിരഞ്ഞെങ്കിലും എങ്ങും കിട്ടാത്തതു കാരണം രണ്ടു പേരും നിരാശയിലായിരുന്നു. ഒടുവില്‍ എവിടെയോ ഒരു ഞരമ്പ് ഒത്തു വന്ന സന്തോഷത്തില്‍ ഒരാള്‍ സൂചി കുത്തിക്കയറ്റി കാനുല വച്ച്, പതുക്കെ സൂചി പുറത്തേയ്ക്ക് വലിച്ചു, എന്തോ ഒരു തടസ്സം, അതോ തോന്നിയതോ, വീണ്ടും കുത്തി നോക്കി, ഇത്തവണയും, എന്നാല്‍ ഇനി പുറത്തേയ്ക്കാവാം, അങ്ങനെ അഞ്ചോ ആറോ തവണയില്‍ കൂടുതലായപ്പോഴേക്കും കണ്ടു നിന്ന എനിക്ക് തല കറങ്ങി തുടങ്ങിയിരുന്നു, നിങ്ങളെന്താണീ ചെയ്യുന്നതെന്ന് ചോദിക്കാന്‍ തുടങ്ങും മുന്‍പ് അദ്ദേഹം ഒച്ചയുയര്‍ത്തി, ഒരു മനുഷ്യനോടാണോ നിങ്ങളീ കാണിക്കുന്നത്, തലകറങ്ങുന്നല്ലോ. പെട്ടെന്ന് സൂചി ഊരിയെടുത്ത് രണ്ടു പേരും രക്ഷപെട്ടു. ഒരു മണിക്കൂര്‍ കഴിഞ്ഞില്ല കുത്തിയ ഭാഗം വീര്‍ത്തു വന്നു, നല്ല വേദനയും. ആരോടു പരാതി പറയാന്‍, മുന്‍പും പലരില്‍ നിന്നും പോയ പല പരാതികളും ചവറ്റു കുട്ടയില്‍ വീണതു അറിയുന്നതു കൊണ്ട് കൂടുതല്‍ പണിയ്ക്ക് പോയില്ല, ചെന്നു പറഞ്ഞപ്പോള്‍ പുരട്ടിത്തന്ന ഏതോ വെളുത്ത പേയ്സ്റ്റില്‍ ഒതുങ്ങി വേദന.
ഇങ്ങനേയും കഥകള്‍. എന്താണെങ്കിലും പണ്ടത്തെ പോലെ ലോകത്തുള്ല സകല ആവലാതികളും മുഖത്തൊട്ടിച്ച ഭാവമല്ല ഇന്ന് നഴ്സുമാര്‍ക്കുള്ലത്, ബോണ്ടിങ്ങ് മാലാഖമാര്‍ എല്ലാം തന്നെ കുട്ടികളായതു കൊണ്ട് ചിരിച്ച മുഖമാണ്, അതു തന്നെ മതി രോഗിയ്ക്ക് പകുതി ആശ്വാസത്തിന്. പക്ഷേ അവരുടെ ഉള്ളില്‍ പുകയുന്ന ആ അഗ്നിപര്‍വ്വതം അധികൃതര്‍ കണ്ടില്ലെന്ന് നടിയ്ക്കുന്നത് വിഷമകരമാണ്. അവകാശം ചൊദിക്കുന്ന മാലാഖമാരെ ഗുണ്ടകളെ കൊണ്ടു തല്ലിക്കുന്ന അങ്ങേയറ്റം നിഷ്ഠൂരവും. ജോലി ചെയ്യാനുള്ള അവകാശത്തേ പോലെ തന്നെയാണ്, അതിനു ലഭിയ്ക്കുന്ന കൂലിയ്ക്കുള്ള അവകാശവും, അത് അര്‍ഹിക്കുന്നത് അവര്‍ക്ക് കൊടുത്തേ തീരൂ.
(കടപ്പാട്: മംഗളം )

No comments: