നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, February 24, 2012

ഫോര്‍ടിസ് മലര്‍ ആശുപത്രിയില്‍ നേഴ്സുമാരുടെ സമരം


ഹോസ്റ്റല്‍ ഒഴിപ്പിച്ചതിനെതിരെ ഫോര്‍ട്ടിസ് മലര്‍ ആസ്‌പത്രിയിലെ നഴ്‌സുമാര്‍ സമരത്തില്‍
ചെന്നൈ: വനിതാ നഴ്‌സുമാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അഡയാര്‍ ഫോര്‍ട്ടിസ് മലര്‍ ഹോസ്പിറ്റലിലെ നഴ്‌സിങ് ജീവനക്കാര്‍ അനിശ്ചിതകാല സമരം തുടങ്ങി. കൊട്ടിവാക്കത്തുള്ള വനിതാ ഹോസ്റ്റലില്‍ താമസിച്ചിരുന്ന നൂറോളം നഴ്‌സുമാരെ കുപ്പം ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത കെട്ടിടത്തിലേക്ക് നിര്‍ബന്ധമായി മാറ്റിയെന്ന് ആരോപിച്ചാണ് ഇരുനൂറോളം നഴ്‌സുമാര്‍ വ്യാഴാഴ്ച രാവിലെ സമരരംഗത്തിറങ്ങിയത്. അടിയന്തര ശുശ്രൂഷാ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഒഴികെയുള്ള മുഴുവന്‍ നഴ്‌സുമാരും പണിമുടക്കില്‍ അണിനിരന്നതായി സമരത്തിന് നേതൃത്വം നല്‍കുന്ന ഓള്‍ ഇന്ത്യാ പ്രൈവറ്റ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആസ്പത്രിയിലെ നഴ്‌സിങ് ജീവനക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്.
ശമ്പളവര്‍ധന ആവശ്യപ്പെട്ട് സമരത്തിന് നോട്ടീസ് നല്‍കിയതിനെത്തുടന്ന് പ്രതികാരനടപടിയെന്ന നിലയില്‍് ആസ്പത്രി അധികൃതര്‍ വനിതാ ഹോസ്റ്റല്‍ ഒഴിപ്പിക്കുകയായിരുന്നുവെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. അടിസ്ഥാന ശമ്പളവര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ഫിബ്രവരി 29മുതല്‍ പണിമുടക്കുമെന്ന് കാണിച്ച് 14ന് നഴ്‌സസ് അസോസിയേഷന്‍ ആസ്പത്രി മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കൊന്നും തയ്യാറാകാതിരുന്ന മാനേജ്‌മെന്റ് കൊട്ടിവാക്കത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വനിതാഹോസ്റ്റല്‍ മാറുകയാണെന്നും പകരം കുപ്പം ബീച്ചില്‍ താമസസൗകര്യം ഒരുക്കുകയാണെന്നും അറിയിച്ചാണ് നഴ്‌സുമാരെ ബുധനാഴ്ച ഉച്ചയോടെ ഒഴിപ്പിച്ചത്. അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായ പുതിയ കെട്ടിടത്തിലെ നന്നേ ചെറിയ മുറികളില്‍ അഞ്ചും ആറും പേരെ ഒരുമിച്ചു താമസിപ്പിക്കാനായിരുന്നുഅധികൃതരുടെ ശ്രമം. ഇതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ ബുധനാഴ്ച രാത്രിയോടെ പുതിയ താമസ സ്ഥലം ബഹിഷ്‌കരിച്ച് അഡയാറിലെ ആസ്പത്രിയിലേക്ക് കൂട്ടമായി എത്തി. രാത്രി മുഴൂവന്‍ ആസ്പത്രി കെട്ടിട പരിസരത്ത് പ്രതിഷേധവുമായി തങ്ങിയ വനിതാജീവനക്കാരെ കാണാനോ പ്രശ്‌നം ചര്‍ച്ച ചെയ്യാനോ മാനേജ്‌മെന്റ് തയ്യാറാകാത്തതിനെത്തുടര്‍ന്ന് മുഴുവന്‍ നഴ്‌സിങ് സ്റ്റാഫും പണിമുടക്കാന്‍ തീരുമാനിച്ചു. അത്യാസന്ന വിഭാഗങ്ങളില്‍ ജോലിചെയ്യുന്നവരെ സമരത്തില്‍നിന്നും ഒഴിവാക്കിയിരുന്നുവെങ്കിലും സമരം അവസാനിപ്പിക്കാതെ ആരെയും ആസ്പത്രിക്കുള്ളില്‍ പ്രവേശിപ്പിക്കില്ലെന്ന വാശിയില്‍ അടിയന്തര ചികിത്സാ വാര്‍ഡുകളിലെ രോഗികളെ പരിചരിക്കുന്നതില്‍ നിന്നും നഴ്‌സുമാരെ അധികൃതര്‍ വിലക്കിയതായി സമരക്കാര്‍ പറഞ്ഞു. വനിതാ നഴ്‌സുമാര്‍ക്ക് വാസയോഗ്യമായ ഹോസ്റ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനും ശമ്പളവര്‍ധന അടക്കുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാനും തയ്യാറായാല്‍ മാത്രമേ പണിമുടക്ക് പിന്‍വലിക്കൂവെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
(കടപ്പാട്: മാതൃഭൂമി)

No comments: