നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Wednesday, January 11, 2012

നഴ്‌സുമാര്‍ക്ക് മിനിമം വേതനം: സത്യവാങ്മൂലം നല്‍കണം

കൊച്ചി: നഴ്‌സുമാര്‍ക്ക് 2009-ലെ വിജ്ഞാപനത്തില്‍ പറയുന്ന മിനിമം വേതനം നല്‍കുന്നുവെന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആസ്​പത്രി ഡയറക്ടര്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സമരത്തിന്റെ പേരില്‍ ആസ്​പത്രിക്കു മുന്നില്‍ ഗതാഗത തടസ്സമുണ്ടാകുന്നുവെന്ന് കാണിച്ച് ആസ്​പത്രി ഡയറക്ടര്‍ നല്‍കിയ ഉപ ഹര്‍ജിയിലാണിത്. നഴ്‌സുമാര്‍ക്ക് മിനിമം വേതനം നല്‍കുന്നുണ്ടെന്ന് വാദത്തിനിടെ ആസ്​പത്രി അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ ആസ്​പത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. 
നഴ്‌സുമാരുടെ സംഘടനയ്ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ ആസ്​പത്രി വളപ്പില്‍ത്തന്നെ സ്ഥലം നല്‍കാനും കോടതി നിര്‍ദേശിച്ചു. ആസ്​പത്രിവളപ്പില്‍ മൈക്ക് ഉപയോഗിക്കില്ലെന്ന് സമരം ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകില്ലെന്നും അറിയിച്ചു. ഈ ഉറപ്പ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. 
സമരത്തിന്റെ പേരില്‍ രോഗികളുടെയും ഡോക്ടര്‍മാരുടെയും സമരം ചെയ്യാത്ത നഴ്‌സുമാരുടെയും ആസ്​പത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്​പിറ്റല്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടം നല്‍കിയ ഹര്‍ജിയിലായിരുന്നു ഇത്. ഈ ഉത്തരവ് വിപുലീകരിച്ചു കിട്ടാനായി ആസ്​പത്രി അധികൃതര്‍ നല്‍കിയ ഉപ ഹര്‍ജിയിലാണ് ഇപ്പോഴത്തെ നിര്‍ദേശം. 

No comments: