നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Thursday, December 1, 2011

വെള്ള വസ്ത്രങ്ങളില്‍ വിങ്ങും ഹൃദയങ്ങള്‍ ! - 2

(കടപ്പാട്: മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച പരമ്പര)


പീഡാനുഭവങ്ങള്‍ തുടര്‍ക്കഥ

പ്രതിഷേധവുമായി നഴ്‌സുമാര്‍ പ്രത്യക്ഷമായി തെരുവിലിറങ്ങുമ്പോള്‍ മാത്രമാണ് രാഷ്ട്രീയനേതൃത്വത്തിന്റെയും ജനപ്രതിനിധികളുടെയുമൊക്കെ പിന്തുണ. രാജ്യമെമ്പാടുമുള്ള ഈ തൊഴില്‍ചൂഷണം തടയാന്‍ ഇതുവരെയും ആത്മാര്‍ഥശ്രമങ്ങളുണ്ടായിട്ടില്ല.

ന്യൂഡല്‍ഹി ബത്ര ആസ്പത്രിയിലെ സംഘടിതനീക്കത്തിന്റെ പ്രതിധ്വനി തലസ്ഥാനത്തെ തന്നെ മഹാരാജ അഗ്രസേന്‍, മാതാ ചന്നന്‍ദേവി, മെട്രോ എന്നീ ആസ്പത്രികളിലെ നഴ്‌സിങ് പ്രക്ഷോഭങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു. 2010 ജനവരിയിലായിരുന്നു ഈ ആസ്പത്രികളിലെ സമരങ്ങളെല്ലാം. ലജ്പത്‌നഗര്‍ മെട്രോ ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, പ്രീത് വിഹാര്‍ മെട്രോ ഹോസ്പിറ്റല്‍ ആന്‍ഡ് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, നാരായണ ആര്‍.എല്‍.കെ.സി. നോയ്ഡയിലെ മെട്രോ ഹോസ്പിറ്റല്‍ ആന്‍ഡ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട്, മെട്രോ മള്‍ട്ടി സ്‌പെഷാലിറ്റി സെന്റര്‍ എന്നീ ആസ്പത്രികളില്‍ ഒരേസമയം തുടര്‍ച്ചയായി മൂന്നുദിവസം നഴ്‌സുമാര്‍ പണിമുടക്കി.

മാസം 3,000-4,500 രൂപയായിരുന്നു ഇവിടെ ശമ്പളം. ഇതില്‍ 500 രൂപ പി.എഫിന്റെ പേരില്‍ ആസ്പത്രി ഈടാക്കും. ദിവസവും 11-12 മണിക്കൂര്‍ ജോലി. ശമ്പളവര്‍ധന ആവശ്യപ്പെട്ടായിരുന്നു പണിമുടക്ക്. 2010 ജനവരി 11-ന് പണിമുടക്കുമെന്ന് നഴ്‌സുമാര്‍ നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, തലേദിവസം ജോലിക്കെത്തിയ ഇവരെ പിന്നെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. എല്ലാവരെയും ഒരു മുറിയില്‍ പൂട്ടിയിട്ടു. രാത്രിയില്‍ ഹോസ്റ്റലുകളില്‍ കയറി ഗുണ്ടാസംഘം നഴ്‌സുമാരെ ഭീഷണിപ്പെടുത്തി. ചോദ്യം ചെയ്ത പുരുഷനഴ്‌സുമാര്‍ക്ക് ക്രൂരമായി മര്‍ദനവുമേറ്റു. ആസ്പത്രി പരിസരത്ത് സമരക്കാരുടെ ചോരപ്പാടുകള്‍ വീണു. ഒടുവില്‍ നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ചര്‍ച്ച നടത്തി സമരം ഒത്തുതീര്‍പ്പാക്കി. അന്ന് സമരം ചെയ്തവര്‍ക്ക് ശമ്പളം കൂട്ടി ലഭിച്ചെങ്കിലും പിന്നീട് ജോലിയില്‍ കയറിയവര്‍ ബോണ്ടില്‍ നിന്നോ സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെക്കലില്‍ നിന്നോ ഒഴിവാക്കപ്പെട്ടില്ല. ലാഭത്തിന്റെ കണക്കുപുസ്തകം മാത്രം തുറന്നിരിക്കുന്നവര്‍ക്കുമുന്നില്‍ ബധിര കര്‍ണങ്ങളിലെ മാറ്റൊലിയാവുകയാണ് ഈ വിലാപങ്ങള്‍.

കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തൊഴില്‍രഹിതനാണ് പത്തനംതിട്ട കടയാര്‍ സ്വദേശി സിജു തോമസ്. ശമ്പളം കൂട്ടാമെന്ന് വാക്കുതന്ന ആസ്പത്രി മാനേജ്‌മെന്റിനെ അക്കാര്യം ഓര്‍മിപ്പിച്ചതു മാത്രമാണ് ഈ യുവാവു ചെയ്ത തെറ്റ്. ഡല്‍ഹിയിലെയും സമീപദേശങ്ങളിലെയും ആസ്പത്രികളില്‍ പ്രക്ഷോഭപരമ്പരകള്‍ക്ക് തുടക്കമിട്ട ബത്ര സമരത്തിന്റെ നേതാവായിരുന്നു സിജു. ഒന്നര മാസത്തിനുള്ളില്‍ ശമ്പളം കൂട്ടാമെന്നു പറഞ്ഞ ആസ്പത്രിക്കാര്‍ അതു നടപ്പാക്കാതിരുന്നപ്പോള്‍ നിവേദനം നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ സസ്‌പെന്‍ഷനായിരുന്നു മറുപടി. മറ്റെന്തോ കാരണമുണ്ടാക്കിയായിരുന്നു ഈ നടപടി. ബത്രയില്‍ അഞ്ഞൂറോളം നഴ്‌സുമാര്‍ സമരം നടത്തിയെങ്കിലും ഐ.സി.യു.വിലെ നൂറോളം പേര്‍ക്ക് 3,000 രൂപ കൂട്ടിയതൊഴിച്ചാല്‍ മറ്റു വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. സമരത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടെങ്കിലും സിജു വെറുതെയിരുന്നില്ല. സ്വകാര്യ ആസ്പത്രികളിലെ നഴ്‌സുമാരെ സംഘടിപ്പിച്ച് ഡല്‍ഹി പ്രൈവറ്റ് നഴ്‌സസ് അസോസിയേഷന്‍ രൂപവത്കരിച്ചു. നഴ്‌സിങ് ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ സംഘടന.




അവകാശങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ സിജുവിന്റേതുപോലെയുള്ള അനുഭവങ്ങള്‍ തുടര്‍ക്കഥയാവുന്നു. കരോള്‍ബാഗിലെ ഒരു സ്വകാര്യ ആസ്പത്രിയില്‍ യൂണിയനുണ്ടാക്കിയതിന് നഴ്‌സിങ് സൂപ്രണ്ടടക്കം ഏഴു പേരെ ഈയിടെ പുറത്താക്കി. പ്രശ്‌നത്തില്‍ ലേബര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് നഴ്‌സുമാര്‍. ഹൈദരാബാദിലെ ഒരാസ്പത്രിയില്‍ 2,500-3,000 രൂപ ശമ്പളം പോരെന്ന് പറഞ്ഞ് 20 വനിതാ നഴ്‌സുമാര്‍ പ്രതിഷേധിച്ചപ്പോള്‍ അവരെ ഒറ്റമുറിയില്‍ പൂട്ടിയിട്ടാണ് മാനേജ്‌മെന്റ് കലി തീര്‍ത്തത്.

ആസ്പത്രികളില്‍ പുരുഷ നഴ്‌സുമാരെ നിയമിക്കാന്‍ തയ്യാറാവുന്നില്ലെന്നാണ് സമരപരമ്പരകളുടെ ആരുമറിയാത്ത മറ്റൊരു ദുരന്തഫലം. അവരാണത്രെ സമരത്തിനു പ്രേരിപ്പിക്കുന്നവര്‍. എന്നാല്‍, ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തിന് ലിംഗഭേദമില്ലെന്ന് തെളിയിക്കുന്നതായിരുന്നു മുംബൈയില്‍ ബീനയുടെ മരണത്തെത്തുടര്‍ന്നുള്ള പ്രക്ഷോഭം. നിയമങ്ങള്‍ കാറ്റില്‍പ്പറത്താന്‍ ആസ്പത്രികള്‍ക്ക് ഒരു മടിയുമില്ല. സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നതും ബോണ്ട് ഏര്‍പ്പെടുത്തുന്നതും നിയമവിരുദ്ധമാണെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ ഉത്തരവിറക്കിയിട്ട് ആറു മാസം പോലുമായിട്ടില്ല. കൗണ്‍സില്‍ അംഗം കൂടിയായ ആന്റോ ആന്റണി എം.പി.യുടെ ഇടപെടലിനെത്തുടര്‍ന്നായിരുന്നു ഈ ഉത്തരവ്. ആസ്പത്രികളുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള ശിക്ഷാനടപടിയും കൗണ്‍സില്‍ നിര്‍ദേശിച്ചു. എന്നാല്‍, ഇപ്പോഴും ഉത്തരവു പാലിക്കാതെ ഒട്ടേറെ ആസ്പത്രികളുണ്ട്. ഉത്തരവു നടപ്പാക്കാത്തതിനാല്‍ 12 ആസ്പത്രികള്‍ക്കെതിരെ കൗണ്‍സിലിന് നോട്ടീസയയ്‌ക്കേണ്ടി വന്നു. സ്വന്തമായി നഴ്‌സിങ് കോളേജുള്ള ആസ്പത്രികള്‍ക്ക് മാത്രമേ ഉത്തരവു ബാധകമാവൂവെന്നുള്ള പരിമിതിയുണ്ടെങ്കിലും ഒരു വിഭാഗം നഴ്‌സുമാര്‍ക്കെങ്കിലും ആശ്വാസമേകുന്നതാണ് നഴ്‌സിങ് കൗണ്‍സില്‍ നിര്‍ദേശം.

നഴ്‌സിങ് രംഗത്തെ തൊഴില്‍ചൂഷണം തടയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിച്ചിട്ടുള്ള നിവേദനങ്ങള്‍ക്ക് കണക്കുണ്ടാവില്ല. എല്ലാം ഫയലില്‍ ഉറങ്ങുന്നു. നഴ്‌സുമാരുടെ തൊഴില്‍സുരക്ഷയ്ക്കായി നിയമനിര്‍മാണം വേണമെന്ന് ആന്റോ ആന്റണി നാലുവട്ടം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. ഇതുവരെ കാര്യമായി നടപടിയുണ്ടായിട്ടില്ല. ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വകാര്യ നഴ്‌സിങ് ബില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. മുംബൈയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി ദേശീയ വനിതാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ അടുത്തിടെ ദേശീയ വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. തൊഴില്‍ചൂഷണം അക്കമിട്ടു നിരത്തിയുള്ള പരാതിയില്‍ ഇതുവരെ നടപടിയുണ്ടായില്ല.

സ്വകാര്യ ആസ്പത്രികളില്‍ യൂണിയനുകള്‍ അനുവദനീയമല്ല. എങ്കിലും ഒന്നിച്ചുനില്‍ക്കണമെന്ന ബോധം നഴ്‌സുമാരില്‍ വളര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ ഫേസ്ബുക്കില്‍ അക്കൗണ്ടു തുറന്നപ്പോള്‍ ദുഃഖങ്ങളും പ്രശ്‌നങ്ങളും പങ്കുവെക്കാന്‍ സൗഹൃദക്കൂട്ടത്തില്‍ ചേര്‍ന്നത് പതിനായിരത്തോളം നഴ്‌സുമാരാണെന്ന് കോ-ഓര്‍ഡിനേറ്റര്‍ ടീനു മേരി ജോസിന്റെ അനുഭവപാഠം.

നഴ്‌സുമാര്‍ക്കിടയില്‍ അരക്ഷിതബോധം രൂക്ഷമായതിനാല്‍ തീവ്രനിലപാടുള്ള സംഘടനകളും അവര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ നീക്കം തുടങ്ങിയിരിക്കുന്നു. കൊല്‍ക്കത്ത മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലും കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ആസ്പത്രിയിലുമൊക്കെ സമീപകാലത്ത് നഴ്‌സുമാര്‍ പണിമുടക്കിയിരുന്നു. ഇവിടങ്ങളിലെല്ലാം പ്രശ്‌നപരിഹാരത്തിനായി നക്‌സല്‍ അനുഭാവമുള്ള തൊഴിലാളി സംഘടനകള്‍ ശ്രമിച്ചിരുന്നുവത്രെ. ഇതൊരു മുന്നറിയിപ്പു കൂടിയായി കാണേണ്ടിയിരിക്കുന്നു.

തൊഴില്‍നിയമങ്ങള്‍ കാറ്റില്‍പ്പറക്കുമ്പോഴും സര്‍ക്കാറിന് മൗനം 

'നിങ്ങള്‍ക്കെങ്ങനെ നഴ്‌സുമാരെ അടിമകളാക്കാന്‍ കഴിയും?' -ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയുടേതാണ് ഈ ചോദ്യം. ഇന്ദ്രപ്രസ്ഥ അപ്പോളോ ആസ്പത്രിയില്‍ മലയാളി നഴ്‌സായ ആന്‍സിയുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചതിനെതിരെ ഇക്കഴിഞ്ഞ ജൂലായില്‍ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
സാകേതിലെ മാക്‌സ് ആസ്പത്രി സര്‍ട്ടിഫിക്കറ്റ് പിടിച്ചുവെച്ചപ്പോള്‍ മയൂരി മണിയന്‍, മിജോ ജോസഫ് എന്നിവരുടെ കേസ്‌കേട്ട ഹൈക്കോടതിയിലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന നഴ്‌സുമാരോട് പെരുമാറേണ്ടത് ഇത്തരത്തിലല്ലെന്ന് സര്‍ക്കാറിനും ആസ്പത്രിക്കും മുന്നറിയിപ്പു നല്‍കി. ഈ വര്‍ഷം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികളും നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചും ബോണ്ട് റദ്ദാക്കാന്‍ പണം ചോദിച്ചുമുള്ള ആസ്പത്രികളുടെ നടപടിക്കെതിരെയായിരുന്നു. പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഈ ഹര്‍ജികളിലെല്ലാം ആസ്പത്രികളുടേത് നിയമവിരുദ്ധ നടപടിയാണെന്ന് കോടതി നിരീക്ഷിച്ചു.

ആന്‍സിയുടെ പരാതി പരിഗണിച്ച് ജസ്റ്റിസ് ദീപക് മിശ്ര നഴ്‌സുമാരുടെ തൊഴില്‍സുരക്ഷയ്ക്കായി മൂന്നു മാസത്തിനുള്ളില്‍ മാര്‍ഗരേഖയുണ്ടാക്കണമെന്ന് ഡല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ജൂലായ് 20ന് പുറപ്പെടുവിച്ച ഈ ഉത്തരവ് സര്‍ക്കാര്‍ പാലിച്ചില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നോട്ടീസയച്ചിട്ടും ഫലമുണ്ടായില്ലെന്നും പ്രവാസി ലീഗല്‍ സെല്‍ അധ്യക്ഷന്‍ അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. കോടതി ഇടപെടലിനെ തുടര്‍ന്ന് മാക്‌സും മറ്റു ചില ആസ്പത്രികളും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കാന്‍ തയ്യാറായി. എന്നാല്‍ പുതുതായി നിയമിക്കപ്പെടുന്നവരോട് ബോണ്ടിനു പകരം ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. ഭരണഘടന പൗരന് ഉറപ്പു വരുത്തുന്ന തൊഴിലെടുക്കാനുള്ള അവകാശം (വകുപ്പ് 19), നിര്‍ബന്ധിതതൊഴില്‍ പാടില്ല (വകുപ്പ് 23), ജീവിക്കാനുള്ള അവകാശം (വകുപ്പ് 21), വിവേചനം പാടില്ല (വകുപ്പ് 15) എന്നിവയെല്ലാം കാറ്റില്‍പ്പറത്തുകയാണ് മിക്ക സ്വകാര്യ ആസ്പത്രികളും. 30 ദിവസത്തിന്റെ ഇടവേളയില്‍ ശമ്പളം കൊടുക്കണമെന്നുള്ള തൊഴില്‍നിയമത്തിലെ വ്യവസ്ഥ പോലും പാലിക്കപ്പെടുന്നില്ല.

നഴ്‌സുമാരുടെ തൊഴില്‍ക്ഷേമത്തിനും സുരക്ഷയ്ക്കുമായി നിലവില്‍ നിയമങ്ങളൊന്നുമില്ലെന്നതാണ് ദുഃഖകരമായ വസ്തുത. സ്വകാര്യ മേഖലയിലെ ആരോഗ്യശൃംഖലയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനുമായി കേന്ദ്രസര്‍ക്കാര്‍'ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് (രജിസ്‌ട്രേഷന്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട്-2010' പാസ്സാക്കിയിരുന്നു. ആരും നിയന്ത്രിക്കാനില്ലാതെ കുത്തഴിഞ്ഞുകിടക്കുകയാണ് സ്വകാര്യ ആരോഗ്യരംഗമെന്ന് നിയമത്തില്‍ത്തന്നെ പരാമര്‍ശിക്കുന്നു. നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാരെ പൊതുജനസേവകരായി നിയമം നിര്‍വചിക്കുന്നു. നഴ്‌സുമാരുടെ തൊഴില്‍സുരക്ഷയ്ക്കായുള്ള ചട്ടം കൂടി ഉള്‍പ്പെടുത്തി നിയമം പരിഷ്‌കരിക്കണമെന്ന് പൊതുതാത്പര്യഹര്‍ജി ആവശ്യപ്പെട്ടു. ഇതൊരു പ്രായോഗിക പരിഹാരമാര്‍ഗമായതിനാല്‍ കേസില്‍ കക്ഷി ചേരാനാണ് നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്റെയും ഡല്‍ഹി പ്രൈവറ്റ് നഴ്‌സസ് അസോസിയേഷന്റെയുമൊക്കെ തീരുമാനം.
തൊഴില്‍നിയമങ്ങളെയും സാമൂഹികനീതിയെയും ആസ്പത്രികള്‍ പകല്‍വെളിച്ചത്തില്‍ വെല്ലുവിളിക്കുമ്പോള്‍ സര്‍ക്കാറിന് നടപ്പാക്കാവുന്ന ഒട്ടേറെ പരിഹാരമാര്‍ഗങ്ങള്‍ വിവിധ സംഘടനകള്‍ നിര്‍ദേശിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ജനപ്രതിനിധികള്‍ക്കും ലഭിച്ച നിവേദനങ്ങള്‍ പരതിയാല്‍ത്തന്നെ പോംവഴികള്‍ ലഭിക്കും. മിനിമം വേതനം, മെഡിക്കല്‍ ആനുകൂല്യം, രോഗി-നഴ്‌സ് അനുപാതം എന്നിവ വ്യക്തമായി വ്യവസ്ഥ ചെയ്യുന്ന സമഗ്ര നഴ്‌സിങ് നിയമമാണ് അനിവാര്യമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അംഗം കൂടിയായ ആന്റോ ആന്റണി എം.പി. ചൂണ്ടിക്കാട്ടി. നിയമത്തിനു പുറമെ ദേശീയ-സംസ്ഥാനതലങ്ങളില്‍ നിരീക്ഷണ ബോര്‍ഡ് രൂപവത്കരിക്കണമെന്നാണ് നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഉഷ കൃഷ്ണകുമാറിന്റെ അഭിപ്രായം. നഴ്‌സിങ് ബിരുദവും പ്രായോഗികപരിചയവും കണക്കാക്കിയുള്ള ശമ്പളവര്‍ധന നടപ്പാക്കണമെന്നാണ് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍ കോ-ഓഡിനേറ്റര്‍ മേരി ടീനു സെബാസ്റ്റ്യന്‍ പങ്കുവെച്ച ആശയം. ഇതിനായി കേഡര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നഴ്‌സുമാരുടെ മിനിമം വേതനം 15,000 രൂപയാക്കുക, രണ്ടു വര്‍ഷം കൂടുമ്പോള്‍ 20 ശതമാനം വര്‍ധന നടപ്പാക്കുക, പരിചയസമ്പന്നരായ നഴ്‌സുമാരെ നിയമിക്കുമ്പോള്‍ 20 ശതമാനം ശമ്പളക്കൂടുതല്‍ നല്‍കുക, ഐ.സി.യു., ഒ.പി., അത്യാഹിതവിഭാഗങ്ങളിലുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ അലവന്‍സ്, വാര്‍ഡുകളില്‍ 5:1 ആയും ഐ.സി.യു.വില്‍ 1:1 ആയും രോഗി-നഴ്‌സ് അനുപാതം നിശ്ചയിക്കുക, വര്‍ഷത്തില്‍ 30 ദിവസം ശമ്പളത്തോടെയുള്ള അവധിയും 12 ദിവസം വീതം മെഡിക്കല്‍, കാഷ്വല്‍ അവധികളും സൗജന്യ വൈദ്യചികിത്സയും അനുവദിക്കുക, കരാര്‍ നിയമനം റദ്ദാക്കുക, സര്‍ക്കാര്‍, നഴ്‌സിങ് പ്രതിനിധികളുള്ള പരാതി പരിഹാരഫോറം ഏര്‍പ്പെടുത്തുക, നഴ്‌സുമാര്‍ ഒന്നിലധികം സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഡല്‍ഹി പ്രൈവറ്റ് നഴ്‌സസ് അസോസിയേഷന്‍ ഉന്നയിച്ചു. കിടക്കകളുടെ എണ്ണമനുസരിച്ച് ആസ്പത്രികളെ വേര്‍തിരിക്കുക, നഴ്‌സിങ് ഹെല്‍പ്പ്‌ലൈന്‍, വിദേശറിക്രൂട്ട്‌മെന്റ് സുതാര്യമാക്കാന്‍ വിവരവിനിമയ സംവിധാനവും ടോള്‍ഫ്രീ നമ്പറും ഏര്‍പ്പെടുത്തുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍.

17.5 ലക്ഷമാണ് രാജ്യത്തെമ്പാടും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള നഴ്‌സുമാര്‍. ഇതില്‍ 12 ലക്ഷത്തോളം പേര്‍ മലയാളികള്‍. അനൗദ്യോഗികകണക്കില്‍ ഇതിലുമേറെ. ഇവരെല്ലാം ദിനംപ്രതി ചൂഷണത്തിന് ഇരകളാവുമ്പോള്‍ സര്‍ക്കാറിനും സമൂഹത്തിനും എങ്ങനെ വെറുതെയിരിക്കാനാവും?
'കേരളത്തില്‍ നിന്നുള്ള തീവണ്ടികള്‍ ഡല്‍ഹിയില്‍ എത്തുന്നിടത്തോളം കാലം ഇവിടെ നഴ്‌സുമാര്‍ക്ക് ക്ഷാമവുമുണ്ടാവില്ല' -കിഴക്കന്‍ ഡല്‍ഹിയിലെ ഒരാസ്പത്രി പി.എഫ്. വെട്ടിക്കുന്നതിനെ മലയാളി നഴ്‌സുമാര്‍ ചോദ്യം ചെയ്തപ്പോള്‍ ഉടമസ്ഥനായ ഡോക്ടറുടെ മറുപടി ഇതായിരുന്നു. മലയാളി നഴ്‌സുമാരെയും പേറി വണ്ടികള്‍ വന്നു കൊണ്ടേയിരിക്കുന്നു. ആസ്പത്രിവരാന്തകളിലെ വിതുമ്പലുകള്‍ വ്യര്‍ഥമാവുന്നു. നമുക്കു വേണ്ടത് ആരോഗ്യസേവനമോ ആത്മഹത്യകളോ? മറുപടി പറയേണ്ടത് സര്‍ക്കാറാണ്. 

No comments: