നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Wednesday, December 14, 2011

മലയാളി നഴ്‌സുമാര്‍ നീതിതേടി ഡല്‍ഹി ഹൈക്കോടതിയില്‍


ഭരണാധികാരികളില്‍ നിന്നും നാം നീതി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.അതൊരു ആകാശകുസുമം മാത്രമാണ്   .നീതിപീഠം   മാത്രമാണ്   ഇനി   നമുക്ക്   ശരണം  .ഓരോരുത്തരും   തങ്ങളുടെ   പ്രശ്ന  പരിഹാരത്തിനായി  നീതിപീടത്തിന്റെ   മുന്‍പില്‍  എത്തേണ്ട  അവസ്ഥ  നമ്മുടെ  നാടിന്റെ  ഭരണകൂടം  ഏതു അവസ്ഥയില്‍  എത്തിയിരിക്കുന്നു   എന്നതിന്റെ  തെളിവാണ്. നമുക്ക് കോടതിയെ  തന്നെ  ശരണം പ്രാപിക്കാം.

രണ്ടു മലയാളി നഴ്‌സുമാര്‍ നീതിതേടി ഡല്‍ഹി ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി:ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ച് നഗരത്തിലെ ആസ്പത്രികള്‍ മലയാളികളടക്കമുള്ള നഴ്‌സുമാരെ പീഡിപ്പിക്കുന്നു. രണ്ടു മലയാളി നഴ്‌സുമാര്‍ കൂടി ഈ വിഷയത്തില്‍ ചൊവ്വാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആലുവ സ്വദേശിനി ലീന പാപ്പച്ചന്‍, കാസര്‍കോട് സ്വദേശി ജസീന്താബായി എന്നിവരാണ് ഹര്‍ജിക്കാര്‍. പ്രവാസി ലീഗല്‍ സെല്‍ മുഖേനയാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. 

മൂല്‍ഛന്ദ് ആസ്പത്രിയില്‍ ജൂനിയര്‍ നഴ്‌സായ ലീന പാപ്പച്ചന്‍ മറ്റൊരു ആസ്പത്രിയില്‍ നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് രാജിവെച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു നല്‍കില്ലെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റു നല്‍കണമെങ്കില്‍ അരലക്ഷം രൂപ കെട്ടിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഡല്‍ഹി ഹൈക്കോടതിയുടെ വിധിപ്പകര്‍പ്പു കാണിച്ചിട്ടും സര്‍ട്ടിഫിക്കറ്റു നല്‍കാന്‍ ആസ്പത്രി അധികൃതര്‍ തയ്യാറായില്ല. ജസീന്താബായിക്കും ഇതേ അനുഭവമായിരുന്നു. നഴ്‌സുമാര്‍ പലതവണ അഭ്യര്‍ഥിച്ചിട്ടും ആസ്പത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല. തുടര്‍ന്ന് നഴ്‌സുമാര്‍ പ്രവാസി ലീഗല്‍ സെല്ലിനെ സമീപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നഴ്‌സുമാര്‍ക്കായി അഡ്വ. ജോസ് എബ്രഹാം ഹാജരായി. 

ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുലിന്റെ ബെഞ്ച് ബുധനാഴ്ച ഹര്‍ജി പരിഗണിക്കും. അപ്പോളോ ആസ്പത്രിയിലെ നഴ്‌സായ ആന്‍സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവുണ്ടായത്. അമ്മയ്ക്ക് അസുഖം ബാധിച്ചതിനാല്‍ ഡല്‍ഹി വിടാന്‍ തീരുമാനിച്ച ആന്‍സി ജോലി രാജിവെച്ചിരുന്നു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അരലക്ഷം രൂപ നല്‍കണമെന്ന് ആസ്പത്രി വാശിപിടിച്ചു. തുടര്‍ന്ന് ആന്‍സി ഹൈക്കോടതിയെ സമീപിച്ചു. സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെച്ചത് നിയമവിരുദ്ധമാണെന്ന്‌വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഇതുവരെ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. ആസ്പത്രികള്‍ നഴ്‌സിങ് ജീവനക്കാരെ ചൂഷണം ചെയ്യുന്നത് ഇപ്പോഴും തുടരുന്നുവെന്നാണ് ലീനയുടെയും ജസീന്താബായിയുടെയും അനുഭവങ്ങള്‍ നല്‍കുന്ന പാഠം. ഇതിനെതിരെയാണ് പ്രവാസി ലീഗല്‍ സെല്ലിന്റെ ഹര്‍ജി.
(വാര്‍ത്ത കടപ്പാട്: മാതൃഭൂമി 14/12/11)

No comments: