നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Saturday, December 10, 2011

മുംബൈയില്‍ നഴ്‌സിന്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു


ന്യൂഡല്‍ഹി: ആശുപത്രി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന്‌ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. തൊടുപുഴ തട്ടക്കുഴ സ്വദേശിനി മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ നഴ്‌സായിരുന്ന ബീന ബേബിയാണ്‌ കഴിഞ്ഞ ഒക്‌ടോബര്‍ 18ന്‌ ആത്മഹത്യ ചെയ്‌തത്‌.

ജോലി സംബന്ധമായ പീഡനം മൂലം ബീന ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന്‌ മുംബൈയിലും ഡല്‍ഹിയടക്കമുള്ള നഗരങ്ങളിലും നഴ്‌സുമാര്‍ മെച്ചപ്പെട്ട സേവന വേതന വ്യവസ്‌ഥകളും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട്‌ സമരം ചെയ്‌തു വരികയാണ്‌.

ബീനയുടെ മരണവുമായി ബന്ധപ്പെട്ട്‌ വിശദമായ റിപ്പോര്‍ട്ട്‌ നാലാഴ്‌ചയ്‌ക്കകം സമര്‍പ്പിക്കണമെന്നാണ്‌ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഹാരാഷ്‌ട്ര, കേരള സംസ്‌ഥാനങ്ങളിലെ ആരോഗ്യ, തൊഴില്‍ വകുപ്പ്‌ സെക്രട്ടറിമാരോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. രാജ്യമെമ്പാടും നഴ്‌സുമാര്‍ക്ക്‌ നേരിടേണ്ടി വരുന്നത്‌ ഗുരുതരമായ സാമൂഹിക പ്രശ്‌നമാണെന്ന്‌ സുപ്രീം കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. നഴ്‌സുമാര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആന്റോ ആന്റണി എം.പിയാണ്‌ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്‌.
(വാര്‍ത്ത കടപ്പാട്: മംഗളം 10/12/11)

No comments: