നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Saturday, December 17, 2011

കര്‍ണാടകത്തിലും നഴ്‌സുമാര്‍ സമരത്തിലേക്ക്


മൈസൂര്‍: ഉത്തരേന്ത്യയിലും കേരളത്തിലും നഴ്‌സുമാര്‍ തുടങ്ങിവെച്ച സമരം കര്‍ണാടകത്തിലേക്കും വ്യാപിക്കുന്നു. സേവന, വേതന വ്യവസ്ഥകള്‍ പുതുക്കിനിശ്ചയിക്കണമെന്നും തൊഴില്‍സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ട് നഴ്‌സസ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനവരി 14 മുതല്‍ സംസ്ഥാനത്തെ എല്ലാ ആസ്​പത്രികളിലും അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് സംഘടനാഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി.

മലയാളികളടക്കം ആയിരക്കണക്കിന് നഴ്‌സുമാരാണ് കര്‍ണാടകത്തിലെ വിവിധ ആസ്​പത്രികളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ പലരും കരാര്‍ അടിസ്ഥാനത്തിലാണ് ജോലിയില്‍ പ്രവേശിച്ചത്. മൂന്നും നാലും വര്‍ഷമായിട്ടും ഇവരുടെ വേതനം വര്‍ധിപ്പിച്ചു നല്‍കാന്‍ ആസ്​പത്രി അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല മറ്റിടങ്ങളിലേതു പോലെത്തന്നെ 12-15 മണിക്കൂര്‍ ഇവര്‍ക്കും ജോലിചെയ്യേണ്ടിവരുന്നുണ്ട്. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഇടപെടാന്‍ തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ആസ്​പത്രികളടക്കം സമരം ആരംഭിക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി പ്രദീപ് കുമാര്‍ പറഞ്ഞു. ഏറെക്കാലമായി നഴ്‌സുമാര്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പക്ഷേ, രാത്രിഷിഫ്റ്റില്‍ ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍പോലും ആസ്​പത്രി അധികൃതരോ സര്‍ക്കാറോ തയ്യാറാവുന്നില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.

സര്‍ക്കാര്‍ ആസ്​പത്രികളിലടക്കം നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ബോണ്ടിന്റെയുംമറ്റും പേരില്‍ തടഞ്ഞു വെക്കുന്നുണ്ടെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെക്കിട്ടാന്‍ പലപ്പോഴും വലിയ തുക നല്‍കേണ്ടിവരുന്നുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍ ആരോഗ്യമന്ത്രി ശ്രീരാമലുവിനെ അറിയിച്ചിരുന്നു. പരിഗണിക്കാമെന്ന് ഉറപ്പുനല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

(കടപ്പാട്:മാതൃഭൂമി,17/12/11)

No comments: