നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, December 9, 2011

നൊമ്പരപ്പൂക്കള്‍!

അകാലത്തില്‍ പിരിഞ്ഞു പോയ ഞങ്ങളുടെ പ്രിയ സഹോദരിമാരുടെ    വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ആ    വേദനയില്‍  ഞങ്ങളും  പങ്കു   ചേരുന്നു  .

തീപ്പിടിത്തം: 89 മരണം;മരിച്ചവരില്‍ രണ്ട് മലയാളികളും 

ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍: 09932215296, 09831225067 

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധാക്കുരിയയിലുള്ള എ.എം.ആര്‍.ഐ ആസ്പത്രിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 89 പേര്‍ മരിച്ചു. കോട്ടയം ജില്ലയിലെ കോതനല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ വിനീത (23), ഉഴവൂര്‍ ഏച്ചേരില്‍ പരേതനായ രാജപ്പന്റെ മകള്‍ രമ്യാ രാജപ്പന്‍ (24) എന്നിവരാണ് മരിച്ച മലയാളികള്‍. എ.എം.ആര്‍.ഐ ആസ്പത്രിയിലെ നഴ്‌സുമാരായ ഇവര്‍ വ്യാഴാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.15 നാണ് അഗ്‌നിബാധ ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംഭവസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹങ്ങള്‍ ഇനിയും ആസ്പത്രിയുടെ മുകള്‍ നിലകളില്‍നിന്ന് പുറത്തെടുക്കാനുണ്ട്. മൃതദേഹങ്ങള്‍ എസ്.എസ്.കെ.എം സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റി. അന്വേഷണം നടത്തിയശേഷം ആസ്പത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് ആദ്യ വിവരം. താഴത്തെ നിലയിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ആസ്പത്രിയിലെ ഒന്നും രണ്ടും നിലകളിലേക്ക് തീ പെട്ടെന്ന് പടര്‍ന്നു. ആസ്പത്രിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് അഗ്‌നിശമനസേന നിരവധി പേരെ രക്ഷപെടുത്തി. തീവ്രപരിചരണ വിഭാഗം അടക്കമുള്ളവയില്‍ കുടുങ്ങിയ 40 ഓളം രോഗികളെയും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മണിക്കൂറുകള്‍ക്കു ശേഷമാണ് രക്ഷപെടുത്തിയത്.






25 ഫയര്‍ എന്‍ജിനുകളാണ് തീ കെടുത്തിയത്. കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍, മുനിസിപ്പല്‍ വകുപ്പ്, അഗ്‌നിശമന വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൊല്‍ക്കത്ത പോലീസ്, ദുരന്ത നിവാരണ വിഭാഗം, അഗ്‌നിശമന സേന എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാല് കെട്ടിടങ്ങളിലായി നൂറു കണക്കിന് രോഗികള്‍ ഈ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ഇടുങ്ങിയ ഇടവഴികള്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു.

അപകട സമയത്ത് രോഗികളെ പുറത്ത് കൊണ്ടുവരാനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിച്ചു. ആസ്പത്രിയില്‍ വേണ്ടത്ര അഗ്‌നിശമന സംവിധാനങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയായി. വേണ്ടത്ര ഗതാഗത സൗകര്യമോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഈ ആസ്പത്രിക്ക് അംഗീകാരം ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കുമെന്ന് മുനിസിപ്പല്‍ വകുപ്പ് മന്ത്രി ഫിര്‍ഹാദ് ഹക്കിം മാധ്യമങ്ങളോട് പറഞ്ഞു.



അഗ്‌നിബാധയെ തുടര്‍ന്ന് തിരക്കേറിയ ധാക്കുരിയ പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. രോഗികളുടെ ബന്ധുക്കളും നാട്ടുകാരും പരിഭ്രാന്തരായി പ്രദേശത്ത് തടിച്ചുകൂടി. തൊട്ടടുത്തുള്ള ചേരി നിവാസികളാണ് തീ ആദ്യംകണ്ടത്. നാലുനില കെട്ടിടത്തിലെ നിലവറയ്ക്കടുത്താണ് ആദ്യം തീ കണ്ടത്. ഇവിടെ ഗാസ് സിലിണ്ടറുകളും വയറുകളും രാസവസ്തുക്കളും ശേഖരിച്ചിരുന്നത് പെട്ടെന്ന് തീപടരാന്‍ കാരണമായി. 170 ഓളം രോഗികള്‍ അപകടം നടക്കുമ്പോള്‍ ആസ്പത്രിയില്‍ ഉണ്ടായിരുന്നുവെന്നാണ് സൂചന.

ആസ്പത്രിയുടെ ലൈസന്‍സ് റദ്ദാക്കി


കൊല്‍ക്കത്ത: നിരവധി പേര്‍ മരിക്കാനിടയായ അഗ്നിബാധ ഉണ്ടായ കൊല്‍ക്കത്ത ധാക്കുരിയയിലെ എ.എം.ആര്‍.ഐ ആസ്പത്രിയുടെ ലൈസന്‍സ് അധികൃതര്‍ റദ്ദാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്. ലൈസന്‍സ് റദ്ദാക്കുന്നത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയായതായി ദുരന്ത നിവാരണ മന്ത്രി ജാവേദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം ആസ്പത്രി അധികൃതര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 comment:

സത്യാന്വേഷി said...

കുറെ നാള്‍ മുന്‍പും ഇവിടെ തീപിടുത്തമുണ്ടായിയെന്നും പക്ഷെ സുരക്ഷയ്ക്കായി ആശുപത്രിയധികൃതര്‍ ഒന്നും ചെയ്തിരുന്നില്ലയെന്നും വായിച്ചു. സത്യമെങ്കില്‍ അതിക്രൂരം തന്നെ. പക്ഷെ ഇത് ഇന്‍ഡ്യയാണല്ലോ, നിരവധി പഴുതുകളുള്ള നിയമങ്ങളുടെ നാട്. പൂര്‍വാധികം ഭംഗിയായി ആശുപത്രി കൊള്ള തുടരും