നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, February 24, 2012

കേള്‍ക്കൂ..മലയാളി നേഴ്സുമാരുടെ കദനകഥകള്‍...!!

(കടപ്പാട്: മറുനാടന്‍ മലയാളി)


Monday, February 20, 2012

വിജയഗാഥയുമായി ഫോര്‍ട്ടിസ് എസ്കോര്‍ട്ട്സ് നഴ്സുമാര്‍ !




മലയാളി നേഴ്സുമാരുടെ വിജയകിരീടത്തില്‍  ഒരു പൊന്‍ തൂവല്‍കൂടി ചാര്‍ത്തികൊണ്ട് ഹൃദയ ചികിത്സ രംഗത്ത്‌ ഇന്ത്യയിലെ ഭീമന്മാരായ ന്യൂഡല്‍ഹി ഫോര്‍ടിസ് എസ്കോര്‍ട്സ് ഹോസ്സ്പിടല്‍ മാനേജ്മെന്റിനെ വരച്ച വരയില്‍ നിര്‍ത്തി  അര ദിവസത്തെ സമരം അവസാനിച്ചു.
ആവശ്യങ്ങള്‍ മുന്‍ കൂട്ടി  അറിയിച്ചു അനുകൂല തീരുമാനത്തിനായി കാത്തിരിക്കുനതിനിടയിലാണ് ആകസ്മികമായി ഇന്ന് സമരം ആരംഭിക്കേണ്ടി  വന്നത്.നേഴ്സുമാര്‍ യോജിച്ചു സംഘടന പ്രവര്‍ത്തനത്തിന് തയ്യാരാവുന്നതിനിടയിലാണ്  ഇതിനു നേതൃത്വം കൊടുത്തുവെന്ന് പറഞ്ഞു കൊണ്ട് കൊണ്ട് നാല് പേരെ പുറത്താക്കാന്‍ മനെജ്മെന്ടു ശ്രമിച്ചത്‌.എന്നാല്‍ നേഴ്സുമാരുടെ മുന്‍പെങ്ങും ഇല്ലാത്ത വിധമുള്ള ഐക്യത്തെ പറ്റി വിവരമില്ലാതിരുന്ന മനജ്മെന്റ്റ് തീക്കൊള്ളികൊണ്ടാണ് പുറം ചോറിയുന്നതെന്ന് മിനുട്ടുകള്‍ കൊണ്ട് തിരിച്ചറിഞ്ഞു. രോഗികളോടൊപ്പം  ആശുപത്രിയുടെയും ഹൃദയ താളം നിലക്കാന്‍ പോകുന്നുവെന്ന സത്യം മനജ്മെന്റിനെ  അപ്പാടെ പിടിച്ചു കുലുക്കി എന്ന് വേണം പറയാന്‍ .ഈ സമരത്തിന്റെ വിജയത്തില്‍ വളരെ നിര്‍ണായകമായ ഒരു പങ്കു വഹിച്ചത് മുതിര്‍ന്ന നെഴ്സുമാരുടെയും ചില ഡോക്ടര്‍മാരുടെയും അനുകൂലമായ മാനസിക പിന്തുനയാണെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.മുന്‍പൊക്കെ സമരത്തെ അട്ടിമറിച്ചു പാവപ്പെട്ട നെഴ്സുമാരെ പീഡിപ്പിക്കുന്നതില്‍ വകുപ്പ് മേധാവികളായ ചില മലയാളി മൂരാച്ചിമാരുടെ   പങ്കു വലുതായിരുന്നുവെന്നു സമരക്കാര്‍ക്ക് അറിയാം. എന്നാല്‍ ഇത്തവണ അത്തരമൊരു സമീപനം അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നത് സമരം ചെയ്ത നെഴ്സുംമാരെ സംബന്ധിച്ചിടത്തോളം   ആശ്വാസം പകരുന്ന ഒന്നായിരുന്നു.മാനസികമായി അവരും,പ്രത്യക്ഷത്തില്‍ അല്ലെങ്കിലും  ഇത്തവണ സമരക്കാരോടൊപ്പം നിന്നു. കേരളത്തിലെ സമരവിജയങ്ങള്‍ അവര്‍ക്ക് ഒരു മുന്നരിയിപ്പായിട്ടുണ്ടാവണം. മനജ്മെന്റ്റ് വച്ച് നീട്ടുന്ന നക്കാപ്പിച്ചയെക്കാള്‍ തങ്ങളുടെ   സഹോദരിമാരുടെ അവകാശങ്ങള്‍  വലുതാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നല്ലത്. ധിക്കാരപരമായ നടപടികളിലൂടെ നെഴ്സുമാരെ ഇനിയും അടക്കിയിരുത്താം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് മൌട്യമാണ്.ഇത്തരം വകുത് മേധാവികളുടെ ആവശ്യമില്ലാത്ത ധിക്കാരത്തിനു മുന്‍പില്‍ വഴങ്ങാതിരികാനും ഇത്തരക്കാരെ ഒറ്റപ്പെടുത്താനും ഉള്ള  ശ്രമം ഉണ്ടാകണം എന്ന് നെഴ്സുമാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. പലപ്പോഴും മനജ്മെന്റിനു വേണ്ടി പാദസേവ ചെയ്യുന്ന ഇത്തരക്കാര്‍ ഒപ്പം ജോലിചെയ്യുന്ന പാവപ്പെട്ട നേഴ്സുമാരുടെ കഷ്ടപ്പാടുകളെ പറ്റി  നേരിട്ടറിയുന്നവര്‍ ആണെങ്കിലും അത് മനജ്മെന്റിനെ അറിയിക്കുന്നതില്‍ ഒന്നും ചെയാറില്ല എന്നതാണ് കഷ്ടം.എന്തായാലും ഇനിയെങ്കിലും അതിനു മാറ്റമുണ്ടാവും എന്ന് പ്രതീക്ഷിക്കാം.എന്തായാലും തങ്ങളുടെ വിജയത്തില്‍ നേഴ്സുമാര്‍ അത്യാഹ്ലാദത്തിലാണ്.
സംഘടന രൂപീകരിച്ചു അവകാശങ്ങള്‍ക്ക് വേണ്ടി ഒരുമിച്ചു പോരാടാനാണ് ഫോര്‍ടിസ് എസ്കോര്‍ട്ട്സിലെ നേഴ്സുമാരുടെ തീരുമാനം.സംഘടനയില്‍ അംഗമാവുന്നവരുടെ  അവകാശ സംരക്ഷണത്തിനു വേണ്ടി ഒരുമിച്ചു നില്‍ക്കുകയും ഏതറ്റം വരെ പൊരുതാനുമുള്ള തീരുമാനം നേഴ്സുമാര്‍ക്ക് പുതിയ കരുത്തും ആത്മവിശ്വാസവും പകരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.ഇത്തരമൊരു അനുകൂല സാഹചര്യത്തില്‍ നേഴ്സുമാര്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും തങ്ങളുടെ പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കു വെച്ച് ഉടനടി പരിഹാരം കാണുകയുമാണ് അഭികാമ്യം.
ഈ സമരത്തില്‍ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും ആശംസകള്‍!ഈ ഐക്യവും കൂട്ടായ്മയും  തുടര്‍ന്നും കാത്തു സൂക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.  

Sunday, February 5, 2012

United Nurses Association(UNA)


ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തിന് അര്‍ഹമായ കേരളത്തിനു സാമൂഹിക വിപ്ലവത്തിന്റെ ചരിത്രത്തിലും സവിശേഷമായ ഒരു സ്ഥാനമുണ്ട്. കീഴാളരുടെയും അധസ്ഥിതരുടെയും സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉയര്‍ത്തെഴുന്നെല്‍പ്പിന്റെ വലിയ വിപ്ലവ ചരിത്രം നമുക്ക് അവകാശപ്പെടാനുണ്ട്. പല സാമൂഹിക മുന്നേറ്റത്തിലും മുന്‍പേ നടന്നവര്‍ എന്ന നിലയില്‍ മലയാളിക്ക് അഭിമാനിക്കാം. ആതുരസേവന രംഗത്തും  വിദ്യാഭ്യാസ രംഗത്തും സാമൂഹിക രംഗത്തും  നാം  അസൂയാവഹമായ  നേട്ടം കൈ വരിച്ചത്‌  ഈ മുന്‍പേ നടക്കാനുള്ള നമ്മുടെ സ്വതസിദ്ധമായ കഴിവുകൊണ്ടാണ്‌. എന്നാല്‍  നേട്ടങ്ങള്‍  മാത്രം ലക്ഷ്യമാക്കിയുള്ള ഓട്ടത്തില്‍  മലയാളി എല്ലാ മാനുഷിക വികാരങ്ങളെയും  മറക്കുന്നതാണ്  നാം പിന്നീട് കണ്ടത്. പണത്തിനായുള്ള അത്ത്യാര്‍ത്തിയില്‍ ആരെയും ഞെക്കിപ്പിഴിയുന്ന നിലയിലേക്ക് മലയാളി അധപ്പധിക്കുന്നതാണ് നാം കണ്ടത്.
ഇതിന്റെ ഏറ്റവും നല്ല മാതൃകകള്‍ ആരോഗ്യ രംഗത്താണ് നാം കണ്ടത്. ആരോഗ്യ മേഖലയുടെ നട്ടെല്ലും ജീവശ്വാസവും എല്ലാമായ നേഴ്സുമാര്‍ എന്ന അസംഘടിത   വര്‍ഗത്തിന്റെ ജീവരക്തം ഊറ്റിക്കുടിച്ച് ആശുപത്രി മുതലാളിമാര്‍ എന്ന രക്തരക്ഷസുകള്‍ ചീര്‍ത്തു കൊഴുക്കുന്നത് നാം നിസംഗതയോടെ നോക്കി നിന്നു. നമ്മുടെ സഹോദരിമാര്‍,ഭാര്യമാര്‍,അമ്മമാര്‍,സഹോദരന്മാര്‍  ഉള്‍പ്പെടുന്ന നേഴ്സുമാര്‍ ശാരീരികമായും  മാനസികമായും പീഡിപ്പിക്കപ്പെടുന്നത്  നാം മലയാളികള്‍ കണ്ടില്ലെന്നു  നടിച്ചു  മാറി  നടന്നു.പക്ഷെ അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന സാമാന്യ തത്വം നാം മറന്നു. അതാണ്‌  ഇന്ന് ആരോഗ്യ മേഖലയില്‍  നാം തുടങ്ങി വച്ച  ഈ സമരം. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നിശബ്ദരായി ,നിസംഗതരായി നാം യാതനകള്‍ അനുഭവിക്കുകയും മറ്റുള്ളവര്‍ അത് കണ്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ നമ്മുടെ വേദനകള്‍ മനസിലാക്കുകയും  ഒപ്പം നമ്മുടെ ശക്തി തിരിച്ചറിയുകയും ചെയ്ത യു എന്‍ എ എന്ന സംഘടനയുടെ കീഴില്‍ നാം ഇന്ന് ഒത്തൊരുമയോടെ നമ്മുടെ അവകാശങ്ങള്‍ക്കായി പൊരുതുകയാണ്. ഈ അവകാശ സമരത്തില്‍ ഒരുമിച്ചു ചേരാന്‍ എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.


എന്തുകൊണ്ട് യു എന്‍ എ?

മോഷ്ട്ടിക്കുന്നവനും  പിടിച്ചുപറിക്കാരനും വരെ യൂണിയനും സംഘടനകളും നേതാകന്മാരും ഉള്ള കേരളത്തില്‍ എന്തുകൊണ്ട് നേഴ്സുമാര്‍ എന്നാ ലക്ഷങ്ങള്‍ വരുന്ന വിഭാഗത്തിനു കൂട്ടയ്മയോ നേതാക്കന്മാരോ ഇതേവരെ ഉണ്ടായില്ല എന്നത് നാം ചിന്തിക്കേണ്ടതാണ്.പലതുണ്ട് കാരണം .ബഹുഭൂരിപക്ഷം വരുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന നേഴ്സിംഗ് മേഖല ഒരു വോട്ടു ബാങ്ക് അല്ല എന്നത് വളരെ വ്യക്തമായിരുന്നു.സ്നേഹത്തിന്റെ, സഹനത്തിന്റെ ബാലപാഠങ്ങള്‍  പഠിച്ചു നേഴ്സിംഗ് ഒരു യൂണിയന്‍ പ്രവര്‍ത്തനം അല്ല,മറിച്ചു വിശുദ്ധമായ ഒരു സേവനമാനെന്നു വിശ്വസിച്ചു ഇവിടെ എത്തിയവരാണ് ഭൂരിപക്ഷം.മുറിവുകളില്‍ സാന്ത്വന സ്പര്‍ശം പകരുന്ന ഈ കരങ്ങളില്‍ കൊടികളോ   കല്ലോ എല്പ്പികുക അത്ര എളുപ്പമുള്ള ഒന്നല്ല എന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അറിയാം.പിടിച്ചുപറിയുടെ യൂണിയന്‍ തത്ത്വങ്ങള്‍  സമാധാനത്തിന്റെ ഈ വെള്ളരിപ്രാവുകളെ ബോധ്യപ്പെടുത്തുക ചെറിയ കാര്യമല്ല എന്നതും ഇത്തരക്കാരെ നേഴ്സിംഗ് മേഖലയെ അവഗണിക്കാന്‍ പ്രേരിപ്പിചിട്ടുണ്ടാകും.പക്ഷെ ക്ഷമയുടെ,സഹനത്തിന്റെ നെല്ലിപ്പലകയോളം എത്തിയിട്ടും ഈ ചൂഷിത വിഭാഗത്തെ ഒന്ന് തിരിഞ്ഞു നോക്കാന്‍ ഒരു രാഷ്ട്രീയ  പാര്‍ട്ടിയും എത്തിയില്ല എന്നത്  നാം മറന്നു കൂടാ.ചില രാഷ്ട്രീയ പാര്‍ട്ടികളുടെ വാലായ ചില തട്ടിക്കൂട്ട് സംഘടനകള്‍ ഈ മേഖലയില്‍ ഉണ്ടായിരുന്നെങ്കിലും നമ്മുടെ നീറുന്ന അടിസ്ഥാന പ്രശ്നങ്ങളെ മന്സിലാക്കുകയോ ഒന്നും ചെയ്തതില്ല.
ഇവിടെയാണ്‌ യു എന്‍ യുടെ പ്രസക്തി. ഒരു നിയോഗം പോലെ,ഒരു സന്നിഗ്ധ ഘട്ടത്തില്‍,സമരം എന്ന അവസാന ആയുധം എടുക്കേണ്ടി വന്ന ഒരു ദശാസന്ധിയില്‍,   നെഴ്സുമാര്‍ക്കിടയില്‍ നിന്നും  തിളയ്ക്കുന്ന യൌവ്വനത്തിന്റെ പ്രതീകങ്ങളായി ഉയര്‍ന്നു വന്ന ചുണക്കുട്ടന്മാര്‍,അവരായിരുന്നു യു എന്‍ എ എന്ന മൂന്നക്ഷരം തങ്ങളുടെ രക്ഷാമന്ത്രമായി നേഴ്സുമാരുടെ നാവില്‍ എഴുതി ചേര്‍ത്തത്,കാതില്‍ ഓതി നല്‍കിയത്.പരാജയത്തിന്റെ കയ്പുനീര്‍ മാത്രം കുടിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണ് തങ്ങള്‍ എന്ന  മിഥ്യാ ധാരണയില്‍ നിന്ന്,  വിജയസോപാനത്തിലെക്കുള്ള ദൂരം കയ്യെത്തും അകലത്തിലാണെന്ന് നെഴ്സുമാരെ ബോധ്യപ്പെടുത്തിയതാണ് അവരുടെ വിജയ രഹസ്യം. തൊഴില്‍ നഷ്ട്ടപ്പെടുമെന്ന ഭീതിയില്‍ നിന്നും,തങ്ങള്‍ക്കു ഒന്നും നഷ്ട്ടപ്പെടാനില്ല എന്ന വിശ്വാസത്തിലേക്ക് അവരെ കൈ പിടിച്ചുയര്‍ത്താനായി എന്നതാണ് യു എന്‍ എ യുടെ ശക്തി.ഒന്നോ രണ്ടോ പേരില്‍ തുടങ്ങിയ ഈ പ്രസ്ഥാനം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ലക്ഷങ്ങളിലേക്ക് വളര്‍ന്നു പോകുന്നത് അത്ഭുതത്തോടെ നാമും ആശങ്കയോടെ രാഷ്ട്രീയ പാര്‍ട്ടികളും മാനേജ്മെന്റുകളും നോക്കിനിന്നത് വര്‍ത്തമാനകാല ചരിത്രം.ഒന്നുറപ്പാണ്.ഇനിയുള്ള നെഴ്സുംമാരുടെ ചരിത്രം യു എന്‍ എ എന്ന ജനകീയ സംഘടനയുടെ ചരിത്രവും ആയി കൂട്ടി വായിക്കേണ്ടി വരും.യു എന്‍ എ എന്ന സംഘടനെയേ അവഗണിച്ചു ഇനി കേരളത്തിലെ നേഴ്സുമാരുടെ ഒരു കാര്യങ്ങളിലും ആര്‍ക്കും ഇടപെടാനാവില്ല.തീയില്‍  കുരുത്തു,രക്തപുഴയില്‍ ചവുട്ടി തന്നെയാണ് ഈ പ്രസ്ഥാനത്തിന്റെ വരവ്.ഒരു വ്യത്യാസം മാത്രം മറ്റുള്ളവന്റെ ചോരയിലല്ല,സ്വന്തം ചോര ചിന്തി തന്നെയാണ് ചുണക്കുട്ടന്മാര്‍ ഈ പ്രസ്ഥാനത്തിന് ജീവരക്തം പകര്‍ന്നത്.ഭീഷണികളെയും കോടികളുടെ പ്രലോഭനങ്ങളെയും സമചിത്തതയോടെ നേരിട്ടും അവഗണിച്ചും ഈ പ്രസ്ഥാനം കേരള ചരിത്രത്തില്‍ തങ്ങളുടെ പേര് തങ്കലിപികളില്‍  എഴുതിച്ചേര്‍ത്തു കഴിഞ്ഞു.
വരൂ, ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്.ആകുലതകളില്ലാത്ത ഒരു തൊഴില്‍ സാഹചര്യം സൃഷ്ട്ടിക്കാനുള്ള ഞങ്ങളുടെ ഈ എളിയ ശ്രമത്തില്‍ ഒരു കൈ സഹായം.നമുക്ക്  കൈകോര്‍ത്തു നീങ്ങാം.സ്നേഹസ്പര്‍ശം പകരേണ്ട നമുടെ കരങ്ങള്‍ തളരാതിരിക്കാന്‍ , വിറക്കാത്ത കരങ്ങളോടെ നമുക്ക് സാന്ത്വനത്തിന്റെ ലേപനങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ അശാന്തമല്ലാത്ത ഒരു മനസ്സ്  നമുക്ക് ഉണ്ടാകണം. അതിനു നമ്മുടെ തൊഴില്‍ സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്,നിയമങ്ങള്‍ മാറേണ്ടതുണ്ട്,കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്.അതിനായുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍.
നിങ്ങള്‍ക്ക് ഞങ്ങളോടൊപ്പം ചേരാം.



Please Follow This Link To Join Hand With The One and Only Organisation Which Fights For The Rights Of Nurses:-  http://unaindia.org/


പുതുതായി എത്തുന്നവര്‍ക്ക് വേണ്ടി:- ഇത്രയധികം അംഗങ്ങള്‍ ഉണ്ടായിട്ടും,പലരും ഈ സൈറ്റില്‍ ജോയിന്‍ ചെയ്തു കാണുന്നില്ല.അതെ സമയം ഫേസ് ബുക്ക്‌ കൂട്ടായ്മയില്‍ ധാരാളം പേര്‍ ചേരുന്നുമുണ്ട്.  പലര്‍ക്കും എങ്ങനെയാണ് ഇവിടെ ജോയിന്‍ ചെയ്യേണ്ടത് എന്നറിയില്ല എന്ന് തോന്നുന്നു.അതുകൊണ്ട് പുതുതായി വരുന്നവര്‍ക്ക് ഒരു ചെറിയ സഹായം എന്ന നിലയിലാണ് ഈ ശ്രമം.

ഇതാണ് യു എന്‍ എ യുടെ website: www.unaindia.org
ഇതില്‍ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ ടൈപ്പ് ചെയ്തോ നിങ്ങള്‍ക്ക് യു എന്‍ എ യുടെ സൈറ്റിലെത്താം.
ഇതാണ് യു എന്‍ എ യുടെ  ഹോം പേജ് 
ഇവിടെ തലക്കെട്ടിനു മുകളിലായി ഇടതു വശത്ത്‌ കാണുന്ന Sign Up ല്‍ ക്ലിക്ക് ചെയ്യുക ആവശ്യമായ വിവരങ്ങള്‍ നല്‍കി നിങ്ങള്‍ക്ക് ഇവിടെ അംഗങ്ങളാകാം.
നിങ്ങള്‍ അംഗങ്ങലാകുന്നതോടൊപ്പം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഇത് ഷെയര്‍ ചെയ്തു കൊടുക്കുക.കൂടുതല്‍ നമ്മളോടൊപ്പം ചേരട്ടെ.
ഒരു നല്ല നാളെക്കായി നമുക്ക് ഒന്നിച്ചു പൊരുതാം!

Friday, February 3, 2012

അണയാത്ത സമരവീര്യവുമായി ലേക്ക്ഷോറിലെ നഴ്സുമാര്‍! സമരം തകര്‍ക്കാന്‍ മാനജ്മെന്റ്റ് !


(വാര്‍ത്ത കടപ്പാട്: മറുനാടന്‍ മലയാളി)


നേഴ്സുമാരുടെ ഐക്യം തകര്‍ക്കാന്‍ ഗൂഡശ്രമം.


(വാര്‍ത്ത കടപ്പാട്: മറുനാടന്‍ മലയാളി)

മേടിക്കല്‍ വീരന്മാര്‍ക്കെതിരെ സംഘടനകള്‍

ഐ.എം.എ. പിരിച്ചുവിടണം- ഐ.എന്‍.പി.എ.

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം എസ്മപോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് നേരിടണമെന്ന ഐ.എം.എ.യുടെ നിര്‍ദ്ദേശം പൊതുസമൂഹത്തിനെതിരായ വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് അച്ചാരംവാങ്ങി മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ചികിത്സയേയും കച്ചവടവല്‍ക്കരിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന നിലപാടിലൂടെ മെഡിക്കല്‍ സമൂഹത്തെ അപമാനിക്കുന്ന ഐ.എം.എ. പിരിച്ചുവിടണമെന്നും അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കാലപരിധിയില്ലാതെ നഴ്‌സുമാരുടെ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവ് പ്രഖ്യാപിക്കുക, സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ് വേതനം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.പി.എ. നേതൃത്വത്തില്‍ മാര്‍ച്ച് 30ന് നഴ്‌സുമാരുടെയും രക്ഷിതാക്കളുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.മിനി ജോസ് പുഷ്പകുന്നേല്‍, അഡ്വ.പത്രോസ്, ഡോ.ഹരിപ്രസാദ്, മേരി ഏബ്രഹാം, കെ.ജെ.ജോസഫ് തുടങ്ങിവര്‍ സംസാരിച്ചു.

ഐ.എം.എ.യുടെ ആവശ്യം ജനാധിപത്യ വിരുദ്ധം - എന്‍.ജി.ഒ. യൂണിയന്‍

തിരുവനന്തപുരം: സ്വകാര്യ ആസ്​പത്രികളിലെ നഴ്‌സുമാരുടെ സമരത്തെ നേരിടുന്നതിന് ആസ്​പത്രികളെ അവശ്യ സേവന നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന ഐ.എം.എ.യുടെ ആവശ്യം ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണെന്ന് എന്‍.ജി.ഒ. യൂണിയന്‍. ആസ്​പത്രി മാനേജ്‌മെന്റുകളുടെ കൊടിയ ചൂഷണത്തിനും മൃഗതുല്യമായ ജീവിത സാഹചര്യങ്ങള്‍ക്കുമെതിരെയാണ് നഴ്‌സുമാര്‍ സമരരംഗത്ത് വന്നത്. ഐ.എം.എ. രംഗത്തെത്തിയത് മാനേജ്‌മെന്റുകളെ സഹായിക്കാനാണ്. ആതുരസേവന മേഖലയിലെ നൈതികതയെക്കുറിച്ച് ആകുലപ്പെടുന്ന ഐ.എം.എ. ആസ്​പത്രികള്‍ സ്തംഭിപ്പിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ സമരം ചെയ്തപ്പോള്‍ നിശബ്ദരായിരുന്നുവെന്നും എന്‍.ജി.ഒ. യൂണിയന്‍ ചൂണ്ടിക്കാട്ടി.

ഐ.എം.എ. നിലപാട് അപലപനീയം-നഴ്‌സസ് അസോസിയേഷന്‍

കോഴിക്കോട്: ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങളോട് നിഷേധാത്മകവും വസ്തുതാവിരുദ്ധവുമായി ഐ.എം.എ. പ്രതികരിക്കുന്നത് അപലപനീയമാണെന്ന് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ഐ.എം.എ. അവകാശപ്പെടുന്നതുപോലെ ഏതാനും സ്ഥാപനങ്ങളല്ല മിനിമം വേതനം നിഷേധിക്കുന്നത്. കേരളത്തില്‍ മിനിമം വേതനം നല്‍കുന്ന വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. സംസ്ഥാന തൊഴില്‍വകുപ്പുതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്ത് ലക്ഷ്യത്തിനുവേണ്ടിയാണ് ഐ.എം.എ. വസ്തുതകള്‍ വളച്ചൊടിക്കുന്നതെന്ന് അവര്‍ ചോദിച്ചു. നഴ്‌സുമാരുടെയും മറ്റ് ആസ്​പത്രിജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കാത്തതില്‍ ഐ.എം.എ. എന്തിനാണ് അമര്‍ഷം കൊള്ളുന്നതെന്നും ഭാരവാഹികള്‍ ചോദിച്ചു. നഴ്‌സിങ് രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയമിച്ചത് നീതിനിഷേധമായി ഐ.എം.എ. കാണുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

സെക്രട്ടറി ജെ. ശ്രീദേവി, ഡോ. റോയ് കെ. ജോസ്, പി.സി. സുനിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


നഴ്സുമാരുടെ സമര വിജയം പങ്കുവെയ്ക്കാന്‍ രാഷ്ട്രീയക്കാര്‍!

പാവങ്ങളുടെ ശക്തി വര്‍ധിക്കുന്നുവെന്നും സമരം വിജയിക്കുന്നുവെന്നും കണ്ടപ്പോള്‍ പ്രസ്താവനാ വീരന്മാര്‍ എല്ലാം തലപൊക്കി തുടങ്ങി. ഇതുവരെ ആര്‍ക്കും നെഴ്സുമാരെ വേണ്ടായിരുന്നു.നാം സൂക്ഷിക്കേണ്ടിയിരിക്കുന്നു . നമുക്കിടയില്‍ നുഴഞ്ഞു കയറാന്‍ ഇനി രാഷ്ട്രീയക്കാര്‍ വരും.നമുക്ക് വേണ്ടി പൊരുതാന്‍ ഒരു യു എന്‍ എ മാത്രമേ ഉണ്ടായിരുന്നുള്ളൂ.നാം ഇപ്പോള്‍ യു എന്‍ എ യോടൊപ്പം നില്‍ക്കേണ്ടത് നമ്മുടെ കടമയാണ്. നമുക്കിടയില്‍ വിഭാഗീയതയോ രാഷ്ട്രീയമോ ഉണ്ടാകേണ്ടത് മനജെമെന്റുകളുടെയും സ്ഥാപിത താല്പര്യക്കരുടെയും ആവശ്യമാണ്‌. നാം അത് തിരിച്ചറിഞ്ഞു ഒന്നിച്ചു നില്‍ക്കുക.അഭിനവ എട്ടുകാലി മമ്മൂഞ്ഞുമാര്‍ 'അതും ഞമ്മളാ' എന്നും പറഞ്ഞു നമ്മുടെ വിജയം പങ്കു വയ്ക്കാന്‍ വരുന്നത് തിരിച്ചറിയുക.
യു എന്‍ യുടെ ധീര പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍! 

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം- സി.പി.എം.

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് . തൊഴില്‍ നിയമങ്ങളുടെയും വ്യവസ്ഥകളുടെയും നഗ്‌നമായ ലംഘനത്തിനെതിരായിട്ടാണ് നഴ്‌സുമാര്‍ സമരം ചെയ്യുന്നത്. 2009 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ വേജസ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പോലും നല്‍കുന്നതിന് പല സ്വകാര്യ ആസ്​പത്രികളും തയ്യാറാവുന്നില്ല.

മലയാളികളായ 11 ലക്ഷം നഴ്‌സുമാരില്‍ ഒമ്പതുലക്ഷം പേരും വിദ്യാഭ്യാസ വായ്പയുടെ ഭാരം പേറുന്നവരാണ്. ഇപ്പോള്‍ പലയിടത്തും ലഭിക്കുന്ന ശമ്പളം വെച്ച് അവര്‍ക്കൊരിക്കലും വായ്പ തിരിച്ചടയ്ക്കാനുമാവില്ല. ഇത് കൃഷിക്കാരുടെ എന്ന പോലെ കടക്കെണിയില്‍പ്പെട്ട് നഴ്‌സുമാരും ആത്മഹത്യ ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് രൂപപ്പെടുന്നുത്. ന്യായമായ ആവശ്യങ്ങള്‍ക്ക് നഴ്‌സുമാര്‍ നടത്തുന്ന പ്രക്ഷോഭത്തിന് എല്ലാ സഹായങ്ങളും നല്‍കാന്‍ ജനാധിപത്യ കേരളം മുന്നോട്ട് വരണമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

നഴ്‌സുമാരുടെ പണിമുടക്കിനെ പിന്തുണയ്ക്കണം- സി.ഐ.ടി.യു.

തിരുവനന്തപുരം: സ്വകാര്യ ആസ്​പത്രികളിലെ നഴ്‌സുമാരുടെ പണിമുടക്ക് സമരത്തെ പിന്തുണയ്ക്കണമെന്ന് സി.ഐ.ടി.യു.

വേതന വര്‍ദ്ധനവ് അടക്കം നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ സമരം. ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കാതെ സമരത്തെ പോലീസിനെയും കോടതിയേയും ഉപയോഗിച്ച് തകര്‍ക്കാനാണ് ഉടമകള്‍ ശ്രമിക്കുന്നതെന്നും സി.ഐ.ടി.യു. ആരോപിച്ചു.

നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം-കെ.പി.എ. മജീദ്

കോഴിക്കോട്: സംസ്ഥാനത്തെ വിവിധ സ്വകാര്യ ആസ്​പത്രികളില്‍ നടക്കുന്ന നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. സമരംമൂലം ആസ്​പത്രി പ്രവര്‍ത്തനം അവതാളത്തിലാകുന്നത് സംസ്ഥാനത്ത് നിത്യസംഭവമാകുകയാണ്. അത്യാഹിതവിഭാഗങ്ങളുടെ പ്രവര്‍ത്തനംപോലും മുടങ്ങുന്നു. നഴ്‌സുമാരുടെ ന്യായമായ ആവശ്യങ്ങള്‍ പരഗണിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാകണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാത്ത മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(വാര്‍ത്ത കടപ്പാട്: മാതൃഭൂമി)