നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Friday, February 3, 2012

മേടിക്കല്‍ വീരന്മാര്‍ക്കെതിരെ സംഘടനകള്‍

ഐ.എം.എ. പിരിച്ചുവിടണം- ഐ.എന്‍.പി.എ.

തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം എസ്മപോലുള്ള കരിനിയമങ്ങള്‍ ഉപയോഗിച്ച് നേരിടണമെന്ന ഐ.എം.എ.യുടെ നിര്‍ദ്ദേശം പൊതുസമൂഹത്തിനെതിരായ വെല്ലുവിളിയാണെന്ന് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു. കോര്‍പ്പറേറ്റുകളില്‍ നിന്ന് അച്ചാരംവാങ്ങി മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ചികിത്സയേയും കച്ചവടവല്‍ക്കരിക്കുന്നതിന് കൂട്ടുനില്‍ക്കുന്ന നിലപാടിലൂടെ മെഡിക്കല്‍ സമൂഹത്തെ അപമാനിക്കുന്ന ഐ.എം.എ. പിരിച്ചുവിടണമെന്നും അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

കാലപരിധിയില്ലാതെ നഴ്‌സുമാരുടെ വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയിളവ് പ്രഖ്യാപിക്കുക, സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയ്ക്ക് തുല്യമായ് വേതനം നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐ.എന്‍.പി.എ. നേതൃത്വത്തില്‍ മാര്‍ച്ച് 30ന് നഴ്‌സുമാരുടെയും രക്ഷിതാക്കളുടെയും സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എസ്.മിനി ജോസ് പുഷ്പകുന്നേല്‍, അഡ്വ.പത്രോസ്, ഡോ.ഹരിപ്രസാദ്, മേരി ഏബ്രഹാം, കെ.ജെ.ജോസഫ് തുടങ്ങിവര്‍ സംസാരിച്ചു.

ഐ.എം.എ.യുടെ ആവശ്യം ജനാധിപത്യ വിരുദ്ധം - എന്‍.ജി.ഒ. യൂണിയന്‍

തിരുവനന്തപുരം: സ്വകാര്യ ആസ്​പത്രികളിലെ നഴ്‌സുമാരുടെ സമരത്തെ നേരിടുന്നതിന് ആസ്​പത്രികളെ അവശ്യ സേവന നിയമത്തിനു കീഴില്‍ കൊണ്ടുവരണമെന്ന ഐ.എം.എ.യുടെ ആവശ്യം ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമാണെന്ന് എന്‍.ജി.ഒ. യൂണിയന്‍. ആസ്​പത്രി മാനേജ്‌മെന്റുകളുടെ കൊടിയ ചൂഷണത്തിനും മൃഗതുല്യമായ ജീവിത സാഹചര്യങ്ങള്‍ക്കുമെതിരെയാണ് നഴ്‌സുമാര്‍ സമരരംഗത്ത് വന്നത്. ഐ.എം.എ. രംഗത്തെത്തിയത് മാനേജ്‌മെന്റുകളെ സഹായിക്കാനാണ്. ആതുരസേവന മേഖലയിലെ നൈതികതയെക്കുറിച്ച് ആകുലപ്പെടുന്ന ഐ.എം.എ. ആസ്​പത്രികള്‍ സ്തംഭിപ്പിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ സമരം ചെയ്തപ്പോള്‍ നിശബ്ദരായിരുന്നുവെന്നും എന്‍.ജി.ഒ. യൂണിയന്‍ ചൂണ്ടിക്കാട്ടി.

ഐ.എം.എ. നിലപാട് അപലപനീയം-നഴ്‌സസ് അസോസിയേഷന്‍

കോഴിക്കോട്: ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തുന്ന നഴ്‌സുമാരുടെ പ്രശ്‌നങ്ങളോട് നിഷേധാത്മകവും വസ്തുതാവിരുദ്ധവുമായി ഐ.എം.എ. പ്രതികരിക്കുന്നത് അപലപനീയമാണെന്ന് ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ഐ.എം.എ. അവകാശപ്പെടുന്നതുപോലെ ഏതാനും സ്ഥാപനങ്ങളല്ല മിനിമം വേതനം നിഷേധിക്കുന്നത്. കേരളത്തില്‍ മിനിമം വേതനം നല്‍കുന്ന വിരലിലെണ്ണാവുന്ന സ്ഥാപനങ്ങളേ പ്രവര്‍ത്തിക്കുന്നുള്ളൂ. സംസ്ഥാന തൊഴില്‍വകുപ്പുതന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്ത് ലക്ഷ്യത്തിനുവേണ്ടിയാണ് ഐ.എം.എ. വസ്തുതകള്‍ വളച്ചൊടിക്കുന്നതെന്ന് അവര്‍ ചോദിച്ചു. നഴ്‌സുമാരുടെയും മറ്റ് ആസ്​പത്രിജീവനക്കാരുടെയും വേതനം വര്‍ധിപ്പിക്കാത്തതില്‍ ഐ.എം.എ. എന്തിനാണ് അമര്‍ഷം കൊള്ളുന്നതെന്നും ഭാരവാഹികള്‍ ചോദിച്ചു. നഴ്‌സിങ് രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയമിച്ചത് നീതിനിഷേധമായി ഐ.എം.എ. കാണുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

സെക്രട്ടറി ജെ. ശ്രീദേവി, ഡോ. റോയ് കെ. ജോസ്, പി.സി. സുനിത എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.


No comments: