മുംബൈ: മാനേജ്‌മെന്റ് നല്‍കിയ വാഗ്ദാനത്തെ തുടര്‍ന്ന് ഒറ്റ ദിവസത്തെ സമരത്തിനുശേഷം ജോലിക്ക് കയറിയ ഭാട്യ ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടു. ശമ്പളവര്‍ധന ഒഴികെ നഴ്‌സുമാരുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന ആസ്പത്രി അധികൃതരുടെ വാക്കാലുള്ള ഉറപ്പിനെത്തുടര്‍ന്നാണ് നഴ്‌സുമാര്‍ വെള്ളിയാഴ്ച കാലത്ത് ജോലിയില്‍ തിരികെ പ്രവേശിച്ചത്. എന്നാല്‍ വൈകിട്ട് മാനേജ്‌മെന്റ് നല്‍കിയ സര്‍ക്കുലറില്‍ ബോണ്ട് സമ്പ്രദായം തുടരുമെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു എന്ന് സമരക്കാര്‍ ആരോപിച്ചു.
ബോണ്ട് സമ്പ്രദായം മറ്റൊരു രീതിയിലാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നതത്രെ. പരിശോധനയ്ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ മൂന്ന് മാസത്തേക്ക് നല്‍കണം. പിരിഞ്ഞു പോകേണ്ടവര്‍ രണ്ട് മാസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണം. 24 മണിക്കൂറിനുള്ളില്‍ നോട്ടീസ് നല്‍കുന്നവര്‍ അവരുടെ രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ പണം നല്‍കണം, ഇതൊന്നും സ്വീകാര്യമല്ലാത്തവര്‍ ബാങ്ക് ഗാരന്റി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി ബോണ്ട് സമ്പ്രദായം പരിഷ്‌കരിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തതെന്ന് ഇവര്‍ ആരോപിച്ചു. പലരും ആസ്പത്രി വിട്ടേക്കുമോ എന്ന ഭയമാണ് മാനേജ്‌മെന്റിനെ ഇതിന് പ്രേരിപ്പിച്ചത് എന്നാണ് അനുമാനം. ഇതേത്തുടര്‍ന്ന് ശനിയാഴ്ച മാനേജ്‌മെന്റ് പ്രതിനിധികളുമായി വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങുകയാണ് നഴ്‌സുമാര്‍.
ബോണ്ടുകള്‍ നിര്‍ത്തലാക്കുക, ശമ്പളം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഭാട്യ ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ വ്യാഴാഴ്ച സമരം പ്രഖ്യാപിച്ചത്. എന്നാല്‍ വൈകിട്ട് സമരം താത്കാലികമായി നിര്‍ത്തി മടങ്ങിയ നഴ്‌സുമാര്‍ ആസ്പത്രി അധികൃതര്‍ ഹോസ്റ്റലിന്റെ ഗേറ്റ് അടച്ചിട്ടതിനാല്‍ പെരുവഴിയിലായി. തുടര്‍ന്ന് മാനേജ്‌മെന്റിന് മാപ്പെഴുതി നല്‍കിയാണ് ഇവര്‍ക്ക് ഹോസ്റ്റലില്‍ പ്രവേശിക്കാനായത്. എല്ലാവരും രാജിവെക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ശമ്പളം വര്‍ധിപ്പിക്കുന്ന കാര്യം ഒഴികെ മറ്റെല്ലാ കാര്യവും പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കുകയായിരുന്നു. ബോണ്ട് സമ്പ്രദായം വേണ്ടെന്നു വെക്കുക, ഡബിള്‍ ഡ്യൂട്ടി എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങളാണ് മാനേജ്‌മെന്റ് അംഗീകരിച്ചത്. കാലത്ത് എല്ലാവരും ജോലിക്ക് ഹാജരാകണമെന്നും സമരക്കാര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാവില്ലെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.
എന്നാല്‍ സമരത്തില്‍ പങ്കെടുത്ത ഭൂരിഭാഗവും രാജിക്കൊരുങ്ങുകയാണെന്ന സൂചന ലഭിച്ചതോടെയാണ് മാനേജ്‌മെന്റ് മറുകണ്ടം ചാടിയത്. തങ്ങള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ താത്പര്യമില്ലെന്നും ശമ്പളവര്‍ധന ഒരു പ്രധാനപ്രശ്‌നമാണെന്നും നഴ്‌സുമാര്‍ അറിയിച്ചിരുന്നു. മൂന്ന് വര്‍ഷമായി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് 8,000 രൂപയാണ്. മാനേജ്‌മെന്റ് നേരത്തേതന്നെ കാര്യങ്ങള്‍ തീരുമാനിച്ചാല്‍ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാമെന്നും അവര്‍ പറഞ്ഞു.
സമരത്തെ തുടര്‍ന്ന് വ്യാഴാഴ്ചതന്നെ ഹോസ്പിറ്റലിലെ ഭൂരിഭാഗം രോഗികളെയും മറ്റ് ഹോസ്പിറ്റലുകളിലേക്ക് മാറ്റിയിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ 18 പേരില്‍ 10 പേരെയും ബോംബെ ഹോസ്പിറ്റലിലേക്കാണ് മാറ്റിയത്.
No comments:
Post a Comment