നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Tuesday, November 29, 2011

കേരളത്തിലും നേഴ്സുമാരുടെ സമരം!



നേഴ്‌സുമാരുടെ സമരത്തിനുനേരെ ഗുണ്ടാ ആക്രമണം

പരിക്കേറ്റ ഗര്‍ഭിണിയായ നേഴ്‌സ് ആസ്​പത്രിയില്‍








കൊല്ലം: ശങ്കേഴ്‌സ് ആസ്​പത്രിയില്‍ നേഴ്‌സുമാര്‍ നടത്തിവന്ന സമരത്തിനുനേരെ ഗുണ്ടാ ആക്രമണം. ഗര്‍ഭിണിയായ സ്റ്റാഫ് നേഴ്‌സടക്കം നിരവധി നേഴ്‌സുമാര്‍ക്ക് മര്‍ദ്ദനമേറ്റു. പരിക്കേറ്റ സ്റ്റാഫ് നേഴ്‌സ് കിളികൊല്ലൂര്‍ കന്നിമേല്‍ ചക്കമല്ലില്‍ അശ്വതി(26)യെ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വതിയുടെ പരാതിയിന്മേല്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.


വിവിധ ആവശ്യങ്ങളുന്നയിച്ച് ആസ്​പത്രിയിലെ നേഴ്‌സുമാര്‍ സമരം നടത്തിവരികയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ പുറത്തുനിന്ന് ആസ്​പത്രിയിലെത്തിയ അക്രമിസംഘം സമരത്തില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നെന്ന് നേഴ്‌സുമാര്‍ പറഞ്ഞു.








അശ്വതിയെ മര്‍ദ്ദിക്കുകയും ചെടിച്ചട്ടികള്‍ക്ക് മുകളിലേക്ക് തള്ളിയിടുകയുമായിരുന്നു. മീര എന്ന നേഴ്‌സിനെ മര്‍ദ്ദിക്കുന്നതുകണ്ട് അവിടേക്ക് ചെന്നപ്പോഴാണ് മര്‍ദ്ദനമേറ്റതെന്ന് അശ്വതി പറഞ്ഞു. രാഖി എന്ന നേഴ്‌സിനും മര്‍ദ്ദനമേറ്റു. മര്‍ദ്ദിക്കുന്നതുകണ്ട് മകളുടെ അടുത്തെത്തിയ അച്ഛനെയും സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും രോഗികളുടെയും മുന്നില്‍ വച്ചായിരുന്നു അക്രമം. സംഭവമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞു. ഒരു ഗുണ്ടാനേതാവിന്റെ നേതൃത്വത്തിലാണ് സംഘം അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.


അക്രമത്തില്‍ പ്രതിഷേധിച്ച് നേഴ്‌സുമാര്‍ ആസ്​പത്രിക്ക് മുന്നില്‍ റോഡ് ഉപരോധിച്ചു. പോലീസ് എത്തി ഇവരുമായി ചര്‍ച്ച നടത്തിയശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.


(കടപ്പാട്: മാതൃഭൂമി 29/11/11)

1 comment:

ദി റം ഡയറി said...

നേഴ്സുമാരോട് കാട്ടുന്ന അവഗണനകള്‍ക്കും അക്രമത്തിനും എതിരെ താങ്കള്‍ ഉയര്‍ത്തുന്ന ശബ്ദം ഫലപ്രാപ്തിയിലെത്തട്ടെ. ഹോസപിറ്റലുകാരുടെ ഈ ഗുണ്ടാവിളയാട്ടങ്ങള്‍ ലോകം മുഴുവനും അറിയട്ടെ. ബ്ലോഗിന് ആശംശകള്‍.