നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Tuesday, December 20, 2011

നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലും ചൂഷണം

തിരുവനന്തപുരം: സ്വകാര്യമേഖലയെ കടത്തിവെട്ടുന്ന  തരത്തില്‍ സര്‍ക്കാര്‍ മേഖലയിലും നഴ്സുമാര്‍ ചൂഷണം ചെയ്യപ്പെടുന്നു. ലീവും ഓഫും തുടങ്ങി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കാതെ വര്‍ഷങ്ങളായി ദിവസവേതനത്തിന് ജോലിയെടുക്കാന്‍ വിധിക്കപ്പെട്ടിരിക്കുകയാണ് മൂവായിരത്തോളം നഴ്സുമാര്‍.
ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ(എന്‍.ആര്‍.എച്ച്.എം)ത്തിന്‍െറ ഭാഗമായാണ് ദിവസവേതനക്കാരായി നഴ്സുമാരെ നിയമിക്കുന്നത്. രാത്രി ഡ്യൂട്ടിയും പകല്‍ ഡ്യൂട്ടിയും പൂര്‍ത്തിയാക്കി വേണം വീട്ടില്‍ പോകാന്‍. കാഷ്വല്‍ ലീവും ഓഫും ഇവര്‍ക്ക് ബാധകമല്ല. എന്തെങ്കിലും അസൗകര്യം പറഞ്ഞാല്‍ പിരിച്ചുവിടുമെന്നാണ് ഭീഷണി.
നേരത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരുന്നപ്പോള്‍ പ്രതിമാസം 7450 രൂപയായിരുന്നു ശമ്പളം. എന്നാല്‍ രണ്ടുമാസം മുമ്പ് മുഴുവന്‍ കരാര്‍ ജീവനക്കാരെയും ദിവസ വേതനക്കാരായി നിയമിച്ചു. ജോലി ചെയ്യുന്ന ദിവസങ്ങളില്‍ 250 രൂപയാണ് ശമ്പളം. ജോലി സമയം നിശ്ചയിച്ചിട്ടില്ല. അതിനാല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്നു.ആശുപത്രികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ഡ്രൈവര്‍ക്ക് ദിവസവേതനമായി 350 രൂപ നല്‍കുമ്പോഴാണ് നഴ്സുമാര്‍ക്ക് 250 രൂപ ‘കൂലി’നല്‍കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന പി.ആര്‍.ഒമാര്‍ക്കാകട്ടെ 15000 രൂപയാണ്  ശമ്പളം.
എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും കഴിഞ്ഞ് നിയമനം ലഭിച്ച് ദിവസവേതനക്കാരായി ജോലി ചെയ്യുന്നവരോട് ഡിസംബര്‍ 26ന് വീണ്ടും പരീക്ഷക്കിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പുതിയവരെ നിയമിക്കാന്‍ വേണ്ടിയാണത്രെ ഇത്.
14-15 വര്‍ഷമായി കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവരില്‍ പലരും പി.എസ്.സി പരീക്ഷയെഴുതാനുള്ള പ്രായപരിധി കഴിഞ്ഞവരാണ്.
ആശുപത്രികളും രോഗികളും വര്‍ധിച്ചെങ്കിലും നഴ്സുമാരുടെ തസ്തിക സൃഷ്ടിക്കാത്തതാണ് വര്‍ഷങ്ങളായി കരാര്‍, ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം തുടരാന്‍ കാരണമെന്ന് പറയുന്നു. ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്യുമ്പോഴും തസ്തികകള്‍ സൃഷ്ടിക്കുന്നില്ല. നേരത്തെ ആശുപത്രി വികസനസമിതി മുഖേനയായിരുന്നു നഴ്സുമാരെ നിയമിച്ചിരുന്നത്. എന്‍.ആര്‍.എച്ച്.എം നിലവില്‍ വന്നതോടെ ആ ചുമതലയില്‍നിന്ന് ആശുപത്രി വികസന സമിതികളെ ഒഴിവാക്കി. തസ്തിക സൃഷ്ടിക്കപ്പെടാത്തതിനാല്‍ പി.എസ്.സി മുഖേന നിയമനം നടക്കുന്നില്ളെന്നും പറയുന്നു. സംസ്ഥാനത്തെ ചില പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ദിവസ വേതനക്കാരായ നഴ്സുമാര്‍ മാത്രമാണുള്ളത്.
(കടപ്പാട്  : മാധ്യമം )

3 comments:

ഇ.എ.സജിം തട്ടത്തുമല said...

സംഘടിക്കുക! രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും സംഘടനകളോടും ഒക്കെ മുഖം തിരിക്കാതെ അവരുടെയൊക്കെ സഹായം തേടുക. സംഘശക്തിയില്ലാത്തവർ ചൂഷണം ചെയ്യെപ്പെടുന്നത് സ്വാഭാവികം!

Unknown said...

അതായതുത്തമാ

പോസ്റ്റില്‍ പറഞ്ഞ പലതും സത്യമാണ്, ചിലത് അത്രയൊന്നും മോശമല്ലാത്ത സത്യമാണ്.

എന്‍.ആര്‍.എച്.എം വഴി സര്‍കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് അവരര്‍ഹിക്കുന്ന ശമ്പളം കിട്ടുന്നില്ല. 7480 രൂപയാണ് അവര്‍ക്ക് പ്രതിമാസം കിട്ടുന്നത്. ഇത് സ്റ്റാഫ് നഴ്സുമാരുടെ 2006-2011 കാലത്തെ അടിസ്ഥാന ശമ്പളമാണ്. 2011 മുതല്‍ സ്റ്റാഫ് നഴ്സുമാരുടെ ശമ്പളം 13990 ആയി പരിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ എന്‍.ആര്‍.എച്.എം ശമ്പളപരിഷ്കരണം നടത്തിയിട്ടില്ല. മാത്രമല്ല സര്‍കാര്‍ മേഖലയില്‍ അടിസ്ഥാനശമ്പളത്തിനു പുറമേ ക്ഷാമബത്തയും ഉള്ളപ്പോള്‍ എന്‍.ആര്‍.എച്.എം നിയമനത്തില്‍ അതുമില്ല.

ഇവര്‍ക്ക് മറ്റു ജീവനക്കാരെപ്പോലെത്തന്നെയാണ് ജോലി സമയം. രാത്രി ഷിഫ്റ്റാണെങ്കില്‍ ഏതൊരു നഴ്സിങ് ജീവനക്കാരനും ചെയ്യുന്നതുപോലെ വൈകുന്നേരം ആറുമണി മുതല്‍ രാവിലെ എട്ടു മണി വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരും . പകല്‍ ഷിഫ്റ്റ് ആണെങ്കില്‍ ഏഴോ എട്ടോ മണിക്കൂര്‍. ഇവര്‍ക്ക് ആഴ്ചയില്‍ ഒരു ഓഫും മാസത്തില്‍ ഒന്നര കാഷ്വല്‍ ലീവുമുണ്ട്. ദിവസക്കൂലിയാണെങ്കില്‍ ഇവ കിട്ടില്ല. അപ്പോള്‍ 250 രൂപയ്ക്ക് ജോലി ചെയ്യേണ്ടി വരികയും ചെയ്യും.

താങ്കള്‍ പറഞ്ഞതുപോലെ ഡ്രൈവര്‍ക്ക് 350 രൂപ ദിവസക്കൂലിയും പബ്ലിക് റിലേഷന്‍ ഓഫീസര്‍ക്ക് 15000 രൂപ മാസശമ്പളവുമുള്ളപ്പോള്‍ നഴ്സുമാരുടെ ശമ്പളം വളരെ കുറവാണ്. പക്ഷേ താങ്കള്‍ പറഞ്ഞതുപോലുള്ള (രാത്രി ഡ്യൂട്ടിയും പകല്‍ ഡ്യൂട്ടിയും പൂര്‍ത്തിയാക്കി വേണം വീട്ടില്‍ പോകാന്‍. കാഷ്വല്‍ ലീവും ഓഫും ഇവര്‍ക്ക് ബാധകമല്ല. എന്തെങ്കിലും അസൗകര്യം പറഞ്ഞാല്‍ പിരിച്ചുവിടുമെന്നാണ് ഭീഷണി) പീഡനങ്ങള്‍ സര്‍കാര്‍ ചെലവില്‍ നടക്കുന്നതായി ഞാന്‍ കേട്ടിട്ടില്ല (എന്നു മാത്രം), ഏതെങ്കിലും ആശുപത്രി മേധാവികള്‍ സ്വകാര്യതാല്‍പര്യമെടുത്ത് അങ്ങനെ ചെയ്യുന്നില്ല എന്നും പറയാന്‍ കഴിയില്ല

എന്നാല്‍ ഇവിടെ അറിയപ്പെടാത്ത മറ്റു ചിലതുകൂടിയുണ്ട്. ആരോഗ്യമ്വ്വേഖലയില്‍ സ്റ്റാഫ് നഴ്സുമാരേക്കാള്‍ ശമ്പളം കുറവാണ് മറ്റു പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാര്‍ എന്നൊരു വിഭാഗമുണ്ട് ആരോഗ്യവകുപ്പില്‍. എന്‍.ആര്‍.എച്. എം വഴിയാണ് നിയമനമെങ്കില്‍ ഇവര്‍ക്ക് കിട്ടുന്നത് 6680 ഇന്ത്യന്‍ റുപ്പീ ആണ്. ഫാര്‍മസിസ്റ്റായും ലാബ് ടെക്നീഷ്യന്‍ ആയും ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് കിട്ടുന്ന ദിവസക്കൂലി 250 രൂപയല്ല, 200 രൂപയാണ്. വരുന്ന ദിവസങ്ങള്‍ക്ക് മാത്രം കൂലി. ദിവസക്കൂലി നിയമനമാകട്ടെ 59 ദിവസത്തേയ്ക്കാണ്. അത് സര്‍കാര്‍ നയമാണ്. താഴ്ന്ന ശമ്പളം കിട്ടുന്ന ജീവനക്കാരുടെ ദിവസക്കൂലി സര്‍ക്കാര്‍ കാലോചിതമായി പുതുക്കിയെങ്കിലും മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ ദിവസക്കൂലി സര്‍കാര്‍ പുതുക്കിയില്ല. അതിനാല്‍ പലര്‍ക്കും ഈ വിധത്തില്‍ ജോലി ചെയ്യാന്‍ താല്‍പര്യമീല്ല, സര്‍കാര്‍ മേഖലയിലെ ജോലിയാവട്ടെ, അനുദിനം കൂടിവരുന്നുണ്ട് താനും (ഹേയ് അതു പറയരുത്, നിങ്ങളൊക്കെ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നവരല്ലേ :)...

ആരോഗ്യവകുപ്പിലെ കരാര്‍ ജീവനക്കാര്‍ക്ക് മിക്കവര്‍ക്കും 6000-7500 നോട് ചുറ്റിപ്പറ്റിയാണ് ശമ്പളം. ജില്ലാ പഞ്ചായത്തിന്റെ പരിരക്ഷാ പദ്ധതിയില്‍ തദ്ദേശീയമായി തെരഞ്ഞെടുത്ത് ചെറിയ തോതില്‍ നഴ്സിങ് പരിശീലനം നല്‍കി ചിലരെ പരിരക്ഷാ നഴ്സ് എന്ന ത്സ്തികയില്‍ നിയമിക്കും. കിടപ്പിലായ രോഗികളെ (സര്‍കാര്‍ വാഹനത്തില്‍) വീട്ടില്‍ പോയി ശുശ്രൂഷിക്കുകയും മരുന്നു നല്‍കുകയും അതു സംബന്ധിച്ച റെക്കോര്‍ഡുകള്‍ എല്ലാം ശരിയാക്കി വെയ്ക്കുകയും ആണ് ജോലി. 3000 രൂപയാണ് മാസ ശമ്പളം. ആഴ്ചയില്‍ ഒരു ഓഫ്. ലീവുമില്ല, ഒരു കോപ്പുമില്ല.

ചുരുക്കത്തില്‍ നഴ്സുമാര്‍ മാത്രമല്ല, പലരുമുണ്ട് ഇങ്ങനെ. എന്നാലും താരതമ്യേന സ്വകാര്യ മേഖലയേക്കാള്‍ ഭേദമാണ് സര്‍കാര്‍ ചൂഷണങ്ങള്‍. അവിടെ യൂണിയനുകളൂണ്ട്, രാഷ്ട്രീയമുണ്ട്, അതു സംബന്ധിച്ച വ്യക്തി വൈരാഗ്യവുമുണ്ട്. അതൊരടഞ്ഞ പുസ്തകമല്ല.


ചുരുക്കത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അന്തസ്സുള്ള കൂലി കിട്ടണം എന്ന മുദ്രാവാക്യത്തിനു പിന്നില്‍ അണി ചേരുകയാണ് വേണ്ടത്. അത് വേഗമാവട്ടെ !


(മിനിമം വേതനം 10000 ആക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ പണിമുടക്ക് 28/02/12 ന്)

Angel Mary said...

@തട്ടത്തുമല,
താങ്കളുടെ ബ്ലോഗ്‌ നേരത്തെ തന്നെ ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.വായിക്കാറുമുണ്ട്.വളരെ നന്നായി എഴുതുന്നുണ്ട്.അഭിനന്ദനങള്‍! ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി!
@ അരുണ്‍ ,
വന്നതിനും വിപുലമായ അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി !