നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Sunday, December 25, 2011

എലൈറ്റ്‌ ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍ത്തു


സമര വിജയം നേടിയ നേഴ്സുമാര്‍ക്ക് അഭിവാദ്യങ്ങള്‍!
തൃശൂര്‍: യു.എന്‍.എ.യുടെ നേതൃത്വത്തില്‍ നാലു ദിവസമായി കൂര്‍ക്കഞ്ചേരി എലൈറ്റ്‌ മിഷന്‍ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍ത്തു. യൂണിയന്റെ ആവശ്യങ്ങള്‍ ഇന്നലെ വൈകിട്ട്‌ നടന്ന ചര്‍ച്ചയില്‍ മനേജ്‌മെന്റ്‌ പരിഗണിച്ചതിനെത്തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചത്‌. കോണ്‍ട്രാക്‌ട് സമ്പ്രദായം നിര്‍ത്തലാക്കാനും പുറത്താക്കിയ രണ്ടു നഴ്‌സുമാരെ തിരിച്ചെടുക്കാനും രണ്ടുവര്‍ഷം കഴിഞ്ഞ എല്ലാ നഴ്‌സുമാരെയും സ്‌ഥിരമാക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ജനുവരി ഒന്നുമുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരുമെന്നും ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.

ചര്‍ച്ചയില്‍ എലൈറ്റ്‌ മിഷന്‍ ആശുപത്രി എം.ഡി. ഡോ. കെ.കെ. മോഹന്‍ദാസ്‌, ഡിസ്‌ട്രിക്‌ട് ലേബര്‍ ഓഫീസര്‍, യു.എന്‍.എ. നേതാക്കള്‍, മറ്റു രാഷ്‌ട്രീയ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ആശുപത്രിയിലെ 250 ഓളം നഴ്‌സുമാര്‍ അനിശ്‌ചിതകാലസമരം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചു. മൂന്നുദിവസം മുമ്പാണ്‌ യുണൈറ്റഡ്‌ നഴ്‌സസിന്റെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നിലെ മൈതാനത്തു സമരം ആരംഭിച്ചത്‌. ജീവനക്കാര്‍ സമരത്തിലായതോടെ നഴ്‌സിംഗ്‌ വിദ്യാര്‍ഥികളെക്കൊണ്ട്‌ വിശ്രമമില്ലാതെ പണിയെടുപ്പിച്ച്‌ രോഗികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു അധികൃതരെന്ന്‌ പരാതിയുണ്ടായിരുന്നു.

വിശ്രമ വേളകളില്ലാതെ പണിയെടുത്ത്‌ വിദ്യാര്‍ഥികള്‍ കുഴഞ്ഞുവീണതോടെയാണു ആശുപത്രി പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്‌. വിദ്യാര്‍ഥികള്‍ക്കു ക്രിസ്‌മസ്‌ അവധി പോലും നല്‍കില്ലെന്ന കടുംപിടിത്തത്തിലായിരുന്നു അധികാരികള്‍. രോഗികള്‍ ആശുപത്രിവിട്ടു പ്രശ്‌നം പുറംലോകം അറിയാതിരിക്കാന്‍ ചികിത്സയ്‌ക്കു മതിയായ ജീവനക്കാരുണ്ടെന്നു നുണപ്രചാരണം നടത്തി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള തത്രപ്പാടിലായിരുന്നു ആശുപത്രിയും മാനേജ്‌മെന്റും.

ക്രിസ്‌മസ്‌ അവധിക്കായുള്ള ജീവനക്കാര്‍ പുറത്തു പോയതോടെ തല്‍ക്കാലത്തേക്കു പിടിച്ചുനില്‍ക്കാനുള്ള കച്ചിത്തുരുമ്പുമില്ലാതെയായി. സമരത്തെത്തുടര്‍ന്ന്‌ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയാണെന്ന്‌ മനസിലാക്കിയ അധികൃതര്‍ ഒത്തു തീര്‍പ്പിലേക്കെത്തുകയായിരുന്നു.

No comments: