നിങ്ങളുടെ മുറിവില്‍ ആശ്വാസത്തിന്റെ ലേപനം പുരട്ടുന്ന ഞങ്ങളുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഞങ്ങളോടൊപ്പം അണിചേരൂ...!!!.സ്വാഗതം!

Monday, December 19, 2011

നേഴ്സുമാര്‍- ആധുനിക ലോകത്തിലെ അടിമകള്‍



പണ്ടു പണ്ട് നടന്ന കാര്യമാണ്്. പക്ഷേ, കേള്‍ക്കുമ്പോള്‍ ഇപ്പോഴും അദ്ഭുതം തോന്നും. എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലെ ചില സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒരു സമരം നടത്തി. ശമ്പളവര്‍ധനയോ തൊഴില്‍സാഹചര്യം മെച്ചപ്പെടുത്തലോ ആയിരുന്നില്ല ആവശ്യം. പിന്നെയോ, നഴ്‌സുമാരുടെ യൂനിഫോം ഫ്രോക്കില്‍നിന്ന് മാറ്റി സാരിയും ഓവര്‍കോട്ടുമാക്കിയതിന്റെ പ്രതിഷേധമായിരുന്നു അത്. അത്രയും നാള്‍ കോട്ടിടാനുള്ള അവകാശം ഡോക്ടര്‍മാര്‍ക്ക് മാത്രമാണ് ഉണ്ടായിരുന്നത്. നഴ്‌സുമാര്‍ കോട്ടിട്ടാല്‍ ഡോക്ടര്‍മാര്‍ക്ക് കുറച്ചിലാകുമെന്നതായിരുന്നു സമരത്തിനു പിന്നിലെ ചേതോവികാരം. നഴ്‌സുമാരുടെ കോട്ട് എടുത്തുമാറ്റുംവരെ ഞങ്ങള്‍ കോട്ടിടില്ല എന്നായിരുന്നു വാശി. പക്ഷേ, സമരം വിജയിച്ചില്ല. നഴ്‌സുമാര്‍ വെള്ളസാരി ഉടുക്കുന്നതിനാല്‍ അവരെ തിരിച്ചറിയാന്‍ പ്രയാസമില്ല എന്ന ന്യായത്തില്‍ സമരം പൊളിഞ്ഞു. പതിറ്റാണ്ടുകള്‍ക്കിപ്പുറം, ഏതാനും മാസം മുമ്പ്,  ദല്‍ഹിയിലെ ചില ആശുപത്രി അധികൃതര്‍ അവിടത്തെ നഴ്‌സുമാര്‍ക്ക് വിചിത്രമായ ഒരു നിര്‍ദേശം നല്‍കി: എല്ലാവരും കഴിയുന്നത്ര മനോഹരമായി അണിഞ്ഞൊരുങ്ങിവേണം ജോലിക്കെത്താന്‍.  ഓപറേഷന്‍ തിയറ്ററിലും തീവ്ര പരിചരണവിഭാഗത്തിലും ഉള്ളവരടക്കം ലിപ്‌സ്റ്റിക് ഇടണം. പരിശോധനാകിറ്റില്‍ ലിപ്‌സ്റ്റിക് കരുതണം. തെര്‍മോമീറ്റര്‍, അത്യാവശ്യ മരുന്നുകള്‍, പേന, പെന്‍സില്‍ തുടങ്ങിയവ കരുതേണ്ട സ്ഥാനത്താണ് ലിപ്‌സ്റ്റിക് കരുതണമെന്ന കര്‍ശന നിര്‍ദേശം. തീര്‍ന്നില്ല, ഔദ്യോഗിക പരിപാടികളില്‍ സാരിയോ ചുരിദാറോ അണിയരുത്. പകരം, ഫ്രോക്കോ മിഡിയോ ആകാം. ദല്‍ഹിയിലെ അന്താരാഷ്ട്ര പ്രശസ്തമായ ആശുപത്രിയാണ് ഈ രീതിക്ക് തുടക്കമിട്ടത്. പതിയെ ഇത് രാജ്യംമുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. സാന്ത്വനം എന്ന വാക്കിന്റെ ആള്‍ രൂപങ്ങളെയാണ് ഇത്രകാലം നാം നഴ്‌സ് എന്ന വാക്കുകൊണ്ട്  ഉദ്ദേശിച്ചിരുന്നത്.  രോഗവിമുക്തിയുണ്ടാകുന്നവിധത്തില്‍  ഒരു രോഗി ജീവിക്കുന്ന ചുറ്റുപാടിനെ രൂപപ്പെടുത്തുന്ന പ്രക്രിയ എന്നാണ് ആധുനിക നഴ്‌സിങ്ങിന്റെ മാതാവ് എന്നറിയപ്പെടുന്ന ഫേ്‌ളാറന്‍സ് നൈറ്റിംഗേല്‍ നഴ്‌സിങ്ങിന് നല്‍കിയിരിക്കുന്ന നിര്‍വചനം. എന്നാല്‍, ആധുനികയുഗത്തില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് രോഗി ഉപഭോക്താവും നഴ്‌സുമാര്‍ അവരെ ആകര്‍ഷിക്കുന്ന 'കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടിവു'കളുമാണ്. രോഗിയെ പരിചരിക്കാന്‍ മാത്രമല്ല അവര്‍ക്ക് കണ്ടാസ്വദിക്കാനുമുള്ള ഉപകരണംകൂടിയാവുകയാണ് ആധുനിക നഴ്‌സ്.
നഴ്‌സിങ് എന്ന സ്വപ്നലോകം
പണ്ടൊക്കെ നഴ്‌സാണ് എന്നുപറയുന്നത് അത്ര നല്ല ജോലിയായല്ല പൊതുജനം കണ്ടിരുന്നത്. മലയാളികളുടെ ഹീനമായ മുന്‍വിധികളായിരുന്നു ഇതിനു കാരണം. പുരുഷന്മാരെ തൊട്ടുപരിചരിക്കേണ്ടിവരുന്നത്, രാത്രിജോലി, പുരുഷ ഡോക്ടറുമായി പലപ്പോഴും ഒറ്റക്ക് ഒരിടം പങ്കിടേണ്ടി വരുക തുടങ്ങി ജോലിക്കുള്ള പ്രത്യേക സ്വഭാവവും  നല്ല ജീവിതനിലവാരത്തോട് നാട്ടുകാര്‍ക്കുണ്ടായ അസൂയയും ചേര്‍ന്നപ്പോഴാണ്  ഈ കാഴ്ചപ്പാട് രൂപപ്പെട്ടത്. എങ്കിലും, നഴ്‌സിങ്‌പോലെ മലയാളി സ്ത്രീകള്‍ക്ക് ഇത്ര ആത്മവിശ്വാസം നല്‍കിയ മറ്റൊരു ജോലിയുണ്ടോയെന്ന് സംശയമാണ്. കേരളത്തിലെ വനിതകള്‍ക്ക് കിട്ടിയ ആദ്യത്തെ തൊഴിലുറപ്പുപദ്ധതിയാണ് നഴ്‌സിങ് എന്നും പറയാം. ജോലിയാവശ്യത്തിന് വിദേശത്തേക്കുള്ള കുടിയേറ്റത്തിന് തുടക്കമിട്ടതുപോലും നഴ്‌സുമാരിലൂടെയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വിദേശ മിഷനറിമാരാണ് ഇതിന്് അരങ്ങൊരുക്കിയത്. ദൈവകാരുണ്യ പ്രവൃത്തിയെന്ന നിലക്ക് രോഗീശുശ്രൂഷക്ക് നല്ല കുടുംബത്തിലെ ക്രിസ്ത്യാനി പെണ്‍കുട്ടികളെ അമേരിക്കയിലേക്കാണ് പ്രധാനമായും കൊണ്ടുപോയിരുന്നത്. ഇത് അവരുടെ സാമ്പത്തികനിലവാരം കുത്തനെ ഉയര്‍ത്തി. കുടുംബത്തിന്റെ മുഖ്യവരുമാനസ്രോതസ്സായതോടെ മറ്റ് കുടുംബാംഗങ്ങളുടെ സമീപനത്തിലും മാറ്റം വന്നു. പുരുഷ മേധാവിത്വത്തില്‍നിന്ന് രക്ഷപ്പെട്ട ഇവര്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ തുടങ്ങി. ഇത് കൂടുതല്‍ സ്ത്രീകളെ ഈ ജോലിയിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരുന്നു. റബര്‍ നടുന്നതിനെക്കാള്‍ എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ നഴ്‌സിങ് പഠിച്ചാല്‍ സാധിക്കും എന്ന് മധ്യതിരുവിതാംകൂറുകാര്‍ തിരിച്ചറിയുന്നതിനു മുമ്പ് എല്ലാ അര്‍ഥത്തിലും ആതുരസേവനംതന്നെയായിരുന്നു ഇത്. അല്‍പം ദീനാനുകമ്പയും സഹജീവിസ്‌നേഹവുമുള്ളവര്‍ മാത്രമേ ഈ ജീവിതം തെരഞ്ഞെടുത്തിരുന്നുള്ളൂ. കുഷ്ഠരോഗിയുടെ പഴുത്തളിഞ്ഞ മുറിവില്‍നിന്ന് പുഴുക്കളെ പുറത്തെടുക്കാനും ക്ഷയരോഗി തുപ്പുന്ന മഞ്ഞനിറമുള്ള കഫം തുടച്ചുനീക്കാനുമൊക്കെ കുറച്ചു മനക്കട്ടിയും ആവശ്യമായിരുന്നു. അതുകൊണ്ടുതന്നെ, ഇതിലും ദയനീയ ജീവിതംനയിക്കാന്‍ വിധിക്കപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ രണ്ടും കല്‍പിച്ച് ഈ രംഗത്തേക്ക് ഇറങ്ങിത്തുടങ്ങി. മറ്റുനാടുകളെ അപേക്ഷിച്ച് സ്വതവേ അടങ്ങിയൊതുങ്ങി കഴിയാന്‍ ശീലിക്കപ്പെടുന്ന മലയാളി പെണ്‍കുട്ടികള്‍ക്ക് ലോകത്തെമ്പാടുമുള്ള ആരോഗ്യമേഖലയില്‍ ഒരു പ്രത്യേക സ്വീകാര്യത കിട്ടുകയും ചെയ്തു. നഴ്‌സിങ് പഠിച്ചാല്‍ പട്ടിണി കിടക്കേണ്ടിവരില്ല എന്ന വിശ്വാസത്തിന്റെ സ്ഥാനത്ത് നഴ്‌സായാല്‍ കാശുവാരാം എന്ന്  ഉറപ്പായതിനാല്‍ താല്‍പര്യമുള്ളവരും ഇല്ലാത്തവരുമെല്ലാം ശുശ്രൂഷകരാകാന്‍ തിക്കിത്തിരക്കി. വൈദ്യശുശ്രൂഷയെന്നാല്‍ ദൈവശുശ്രൂഷതന്നെയാണെന്ന പഴയ കാഴ്ചപ്പാടോ,  കാരുണ്യപ്രവര്‍ത്തനംവഴികിട്ടുന്ന പുണ്യമോ ആയിരുന്നില്ല. മറിച്ച്, വിദേശത്തേക്ക് കടന്നാല്‍ പ്രതിമാസം കിട്ടുന്ന ലക്ഷങ്ങളായിരുന്നു ഇവരുടെ മുഖ്യലക്ഷ്യം. തുടക്കത്തില്‍ ഇതൊരു നല്ല കാര്യമായിരുന്നു. വന്‍തോതില്‍ വിദേശനാണ്യം നമ്മുടെ നാട്ടിലെത്തി. യൂറോയും  ഡോളറും റിയാലും ദിനാറുമൊക്കെ പലര്‍ക്കും രണ്ടാം കറന്‍സിയായി. ഇതൊക്കെകണ്ട് കണ്ണുമഞ്ഞളിച്ച മാതാപിതാക്കള്‍ക്ക് മക്കളെ എങ്ങനെയും നഴ്‌സാക്കിയാല്‍ മതിയെന്നായി. സാമ്പത്തിക അന്തരമൊന്നും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല.  മറ്റ് പലതിലുമെന്നപോലെ കിട്ടിയ അവസരം കളയാതെ സമൂഹത്തിലെ തട്ടിപ്പുകാര്‍ ഈ ഭ്രമവും മുതലെടുത്തു. ഇതോടെ എല്ലാം തകിടംമറിഞ്ഞു. ആവശ്യക്കാര്‍ക്കെല്ലാം നാട്ടില്‍ പഠനത്തിന് സൗകര്യമില്ലാതിരുന്നത് മറുനാട്ടിലെ നഴ്‌സിങ് കോളജുകള്‍ക്ക് കുശാലായി. പഴയ ട്യൂട്ടോറിയല്‍ കോളജുകളെക്കാള്‍ ശോച്യാവസ്ഥയിലായ കെട്ടിടങ്ങളില്‍ വെറും പതിനായിരങ്ങള്‍ മാത്രം ഫീസ് വാങ്ങി തുടങ്ങിയ കോളജുകള്‍ താമസിയാതെ ലക്ഷങ്ങള്‍ ഫീസീടാക്കി മണിമന്ദിരങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റി. പഠിച്ചിറങ്ങിയാല്‍ പത്ത് മാസത്തിനകം മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്ന് മനക്കോട്ടകെട്ടിയ രക്ഷാകര്‍ത്താക്കള്‍ അതത്ര ഗൗനിച്ചുമില്ല. ഇത്രയും തുക കഴിവില്ലാത്തവര്‍ക്കായി ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പനല്‍കാന്‍ തയാറായി. സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ വായ്പയും സീറ്റും സംഘടിപ്പിച്ചുനല്‍കുന്ന ഇടനിലക്കാര്‍ കേരളത്തിന്റെ മുക്കിലും മൂലയിലും നിറഞ്ഞു. പക്ഷേ, ഇതിനിടയിലൊന്നും ഈ പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം നല്ല ശമ്പളത്തില്‍ ജോലികിട്ടാന്‍ മാത്രം ഒഴിവ് ഈ ലോകത്തെ ആശുപത്രികളിലുണ്ടോ എന്ന് ആരും അന്വേഷിച്ചില്ല. മാത്രമല്ല, അന്യസംസ്ഥാനങ്ങളിലെയും അന്യരാജ്യങ്ങളിലെയും കുട്ടികള്‍ ഇതേപാത പിന്തുടര്‍ന്നാല്‍ എന്താകും സ്ഥിതിയെന്നും ആരും ചോദിച്ചില്ല്‌ള.  ഒടുവില്‍, അനിവാര്യമായത് സംഭവിച്ചു. നമ്മുടെ നാട്ടിലെ നഴ്‌സുമാരും ബി.എഡുകാരും ഒരുപോലെയായി. അതായത്, വഴിയാധാരം. ബി.എഡുകാര്‍ക്ക് ട്യൂഷനെങ്കിലുമെടുക്കാം നഴ്‌സുമാര്‍ക്ക് അതുപോലും പറ്റില്ലെന്നൊരു വ്യത്യാസവുമുണ്ട്. അധികമായാല്‍ അമൃതും വിഷമെന്ന പഴഞ്ചൊല്ലോ ലഭ്യത കൂടുമ്പോള്‍ ആവശ്യം കുറയുമെന്ന ധനതത്ത്വശാസ്ത്ര തത്ത്വമോ ഈ സാഹചര്യത്തെ മനസ്സിലാക്കാന്‍ നമുക്ക് ഉപയോഗിക്കാം. പക്ഷേ, കടമെടുത്ത കാശിന് പലിശ ചോദിച്ചുവരുന്നവനോട് വേദമോതിയിട്ട് കാര്യമില്ലല്ലോ. അതുകൊണ്ട്, ഏത് തുക്കടാ ആശുപത്രിയിലും നഴ്‌സിങ് ഹോമിലും ജോലിചെയ്യാന്‍ നിലവില്‍ കേരളത്തിലെ നഴ്‌സുമാര്‍ തയാറാകേണ്ടിവരും. നാട്ടുനടപ്പനുസരിച്ചുള്ളതിന്റെ നാലിലൊന്ന് പൈസപോലും ശമ്പളം കിട്ടില്ലെന്ന് മാത്രം. ശമ്പളം കൂട്ടിത്തരാന്‍ ആവശ്യപ്പെടുന്നവരെ, നാവടക്കൂ പണിയെടുക്കൂ എന്ന മുദ്രാവാക്യവുമായാണ് ആശുപത്രി മാനേജ്‌മെന്റ് നേരിടുന്നത്. പഠിക്കാന്‍ ചെലവായ പണം പാഴാകുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. പണ്ട് നഴ്‌സിങ്ങിലൂടെ മറുനാടുകളില്‍നിന്ന് മലയാളി പെണ്‍കുട്ടികള്‍ ഇവിടെ എത്തിച്ച പണം ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ നഴ്‌സിങ് പഠനത്തിന്റെ പേരില്‍ മറുനാട്ടുകാര്‍ക്ക് തിരിച്ചുകൊടുത്തു എന്നുവേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന് വളമാകുമെന്നതുപോലെ ഈ പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥ ആശുപത്രിവ്യവസായത്തിന് വളരെയധികം പ്രയോജനപ്പെട്ടു. മെഡിക്കല്‍ ടൂറിസം എന്നൊക്കെ പറഞ്ഞ് ഹരംകൊണ്ടിരിക്കുന്നവര്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ള അസംസ്‌കൃത വസ്തുവാണ് നഴ്‌സുമാര്‍. അതിങ്ങനെ വളരെ ചെലവുകുറഞ്ഞ് മുന്തിയ നിലവാരത്തില്‍ യഥേഷ്ടം കിട്ടുന്ന സമയത്ത് പത്ത് കാശുണ്ടാക്കാന്‍ നോക്കുമോ അതോ മനുഷ്യാവകാശവും പറഞ്ഞിരിക്കുമോ? ആശുപത്രി ബിസിനസുകാര്‍ ആദ്യത്തെ വഴി തിരഞ്ഞെടുത്തു. കൂടുതല്‍ ലാഭം തരുന്ന ഉല്‍പന്നമായി ''ഈ അസംസ്‌കൃത വസ്തുവിനെ'' മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് നഴ്‌സുമാര്‍ ചുണ്ട് ചുവപ്പിക്കണമെന്ന നിര്‍ദേശം വന്നത്. നഴ്‌സുകുട്ടികള്‍ കരഞ്ഞ് കണ്ണുചുവപ്പിക്കുന്നത് പതിവായതിനാല്‍ ചുണ്ടു ചുവപ്പിക്കുന്നതൊരു വലിയ പ്രശ്‌നമായി ആരും കാണാന്‍ വഴിയില്ല.  
അന്യനാടുകളില്‍
നടക്കുന്നത്
കുറച്ചുനാള്‍ മുമ്പ് ടെലിവിഷന്‍ വെച്ചാല്‍ ഉടന്‍ കാണുന്നത് ചില നഴ്‌സുമാര്‍ പ്ലക്കാര്‍ഡും പിടിച്ച് കുത്തിയിരിക്കുന്നതായിരുന്നു. നാഴികക്ക് നാല്‍പതുവട്ടം സമരം നടക്കുന്ന നാടായതിനാല്‍ കേരളത്തിലെ പലര്‍ക്കും അതൊരു കാഴ്ചയേ ആയില്ല. സത്യത്തില്‍, ശിപായി ലഹളക്കും ക്വിറ്റ് ഇന്ത്യാ സമരത്തിനുമൊക്കെ ഒപ്പം വെക്കേണ്ടതായിരുന്നു ഇത്.  കാരണം, പ്രതികരണശേഷി ഇല്ലെന്ന് എല്ലാവരും കരുതിയിരുന്ന നഴ്‌സുമാര്‍ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിച്ച് ദല്‍ഹിയില്‍ നടത്തിയ സമരമായിരുന്നു അത്. സിരകളില്‍ തിളക്കുന്ന വിപ്ലവമോ ചെ ഗുവേരയുടെ ഓര്‍മകളോ ഒന്നുമല്ല അവരെ തെരുവിലിറക്കിയത്. മറിച്ച്, ദല്‍ഹിയിലെ പഞ്ചനക്ഷത്ര ആശുപത്രികളില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകളാണ്. സാധാരണ തൊഴിലാളികള്‍ സമരം ചെയ്യുന്നതുപോലെയല്ല നഴ്‌സുമാരുടെ സമരം. വ്യവസ്ഥാപിതമായ സംഘടനയോ രാഷ്ട്രീയ പാര്‍ട്ടികളുടെ സംരക്ഷണമോ ഇവര്‍ക്കില്ല. സമരം ചെയ്താല്‍ ജോലി പോകുമെന്നു മാത്രമല്ല, പ്രതികാര ബുദ്ധിയോടെ മാനേജ്‌മെന്റ് പരത്തുന്ന അപവാദങ്ങളില്‍പെട്ട് മാനംപോവുകയും ചെയ്യും. മൂന്നും നാലും ലക്ഷം രൂപ മുടക്കി നഴ്‌സിങ് കോഴ്‌സ് പാസാകുന്നവരെ വന്‍തുക നല്‍കാമെന്ന് പ്രലോഭിപ്പിച്ചാണ് ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍ക്കുവേണ്ടി ഏജന്റുമാര്‍  വലവീശിപ്പിടിക്കുന്നത്.  8000 മുതല്‍ 10,000 രൂപവരെ വാഗ്ദാനത്തില്‍ കാണും. പക്ഷേ, കൈയില്‍ കിട്ടുന്നത് 5000 ആയിരിക്കും. ബാക്കി ഹോസ്റ്റല്‍ ഫീസ്, പി.എഫ്, വെല്‍ഫെയര്‍ ഫണ്ട് എന്നൊക്കെ പറഞ്ഞ് മാനേജ്‌മെന്റ് വിഴുങ്ങും. ശമ്പളം നല്‍കുന്നതിന് ഒരു വ്യവസ്ഥയുമില്ലാത്തതുകൊണ്ട് അവര്‍ക്ക് ആരെയും പേടിക്കേണ്ട. ആറ് മണിക്കൂറാണ് നഴ്‌സുമാരുടെ അംഗീകൃത ജോലിസമയമെങ്കിലും പന്ത്രണ്ടും പതിനാലും മണിക്കൂര്‍ കഴിഞ്ഞേ വിശ്രമിക്കാന്‍ പറ്റൂ. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെച്ചിരിക്കുന്നതിനാല്‍ കുറഞ്ഞ ശമ്പളത്തില്‍ വര്‍ഷങ്ങളോളം ജോലിചെയ്യേണ്ടിവരും. ഇതിനിടയില്‍ ശമ്പളവര്‍ധനയുമുണ്ടാകില്ല. എതിര്‍ത്താല്‍ ഗുണ്ടകളായിരിക്കും മറുപടി പറയുക. പി.എഫ് വിഹിതം മാനേജ്‌മെന്റ് അടയ്ക്കുന്നുണ്ടോയെന്ന് ദൈവത്തിനു മാത്രമേ അറിയൂ. പക്ഷേ, ഇന്റന്‍സിവ് കെയര്‍ യൂനിറ്റില്‍ ജോലി നോക്കുന്നവര്‍ക്ക് അല്‍പംകൂടി കൂടുതല്‍ പരിഗണന കിട്ടും. കാരണം, ഇവിടെ പ്രവേശിപ്പിക്കപ്പെടുന്ന രോഗി മരിച്ച് ഏതാനും ദിവസം കഴിഞ്ഞുമാത്രമേ ബന്ധുക്കളെ വിവരമറിയിക്കാറുള്ളൂ. ഈ ദിവസങ്ങളില്‍കൂടി രോഗിയെ ശുശ്രൂഷിച്ചതിന്റെ ചാര്‍ജ് ഈടാക്കാനാണിത്. ഇതിന് കൂട്ടുനില്‍ക്കുന്ന നഴ്‌സുമാരെ പിണക്കാതിരിക്കേണ്ടത് ആശുപത്രിയുടെ ആവശ്യമാണല്ലോ. മുറിവാടകയും മറ്റ് അത്യാവശ്യചെലവുകളും ലോണ്‍ തിരിച്ചടവും കഴിഞ്ഞാല്‍ പിന്നൊന്നും മിച്ചമില്ലാതായതോടെ ദല്‍ഹിയിലെ മിടുക്കികള്‍ ഒരു വഴി കണ്ടെത്തി. താമസസ്ഥലത്തിന് അടുത്തുള്ള വീടുകളിലെ അവശരായിക്കിടക്കുന്ന രോഗികളെ പരിചരിക്കുക. രണ്ട് മണിക്കൂര്‍ ജോലിക്ക് 200 രൂപവരെ നല്‍കാന്‍ വീട്ടുകാരും തയാര്‍. പക്ഷേ, ഇതിന്റെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞ ആശുപത്രികള്‍ ഇത്തരം വീടുകളുമായി നേരിട്ട് കരാറുണ്ടാക്കി. ഇപ്പോള്‍ ചില ആശുപത്രികളില്‍നിന്ന് ജോലിയുടെ ഭാഗമായി നഴ്‌സുമാര്‍ ഇത്തരം വീടുകളില്‍കൂടി പോകേണ്ട ഗതികേടിലായി. ആശുപത്രിയിലെ വിവിധ പീഡനങ്ങള്‍ക്ക് പുറമെ നാട്ടുകാരുടെ ചൂഷണംകൂടി കരുതിയിരിക്കേണ്ട സ്ഥിതിയിലായി പാവം 'സിസ്റ്റര്‍മാര്‍.' ഇങ്ങനെ വര്‍ഷങ്ങളോളം അനുഭവിച്ച നരകയാതനകള്‍ക്കൊടുവിലാണ് പല ആശുപത്രികളിലും പ്രതിഷേധമുയര്‍ന്നത്. മഹാരാജാ ആഗ്രസെന്‍, മെട്രോ, ബത്ര തുടങ്ങിയ ആശുപത്രി എന്നിവിടങ്ങളില്‍ സമരം വിജയം കണ്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചെങ്കിലും നേതാക്കള്‍ക്കെതിരെ ആരംഭിച്ച പ്രതികാരനടപടി ഇനിയും തീര്‍ന്നിട്ടില്ല. ബത്രയിലെ സമരംതീര്‍ക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനും കേരളത്തിലെ എം.പിമാര്‍ക്കും ഇടപെടേണ്ടിവന്നു. നഴ്‌സുമാര്‍ ഉന്നയിച്ച ആവശ്യം കേട്ടാല്‍ കണ്ണു നിറഞ്ഞുപോകും. മിനിമംകൂലിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, ചികിത്സാസൗകര്യം ലഭ്യമാക്കുക, വര്‍ഷത്തില്‍ കുറഞ്ഞത് ഒരു മാസം അവധി അനുവദിക്കുക -ആവശ്യങ്ങള്‍ കഴിഞ്ഞു. നിലവില്‍ വര്‍ഷം 15 ദിവസത്തെ അവധി മാത്രമാണ് നല്‍കിയിരുന്നത്. മെഡിക്കല്‍ ലീവ് എന്നത് ആശുപത്രി അധികൃതര്‍ കേട്ടിട്ടുകൂടിയില്ല്‌ള. എത്ര ഗുരുതരാവസ്ഥയിലെത്തിയാലും നഴ്‌സുമാര്‍ക്ക് സ്വന്തം ആശുപത്രിയില്‍ ചികിത്സ നിഷേധിക്കുന്നതാണ് ഏറ്റവും വലിയ ദുരന്തം. ഇന്ത്യന്‍ സ്‌പൈനല്‍ ഇന്‍ജുറീസ് സെന്ററിലെ നഴ്‌സും തിരുവല്ല സ്വദേശിനിയുമായ ജീമോളുടെ മരണമാണ് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മഞ്ഞപ്പിത്തംബാധിച്ച് ഗുരുതരാവസ്ഥയിലായ ജീമോളെ നാട്ടിലേക്ക് അയക്കാനായിരുന്നു ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചത്. കേരളഎക്‌സ്‌പ്രസില്‍ കോട്ടയത്ത് എത്തിയപ്പോഴേക്കും  തീരെ അവശയായിരുന്ന ജീമോള്‍ പിന്നീട് പുഷ്പഗിരി ആശുപത്രിയില്‍ മരിച്ചു. ജീമോള്‍ക്ക് മരിക്കുംമുമ്പ് സ്വന്തം നാട്ടിലെത്താനായി എന്ന് ആശ്വസിക്കാം. മറ്റുപലര്‍ക്കും അതിനുള്ള ഭാഗ്യംപോലും കിട്ടാറില്ല. പക്ഷേ, ആന്ധ്രയിലെ ആശുപത്രി നടത്തിപ്പുകാര്‍ ഇനി അല്‍പം സൂക്ഷിക്കും. ഏതാനും മാസം മുമ്പ് വിശാഖപട്ടണത്തെ ഒരു പ്രമുഖ ആശുപത്രി കേരളത്തില്‍നിന്ന് അമ്പത് നഴ്‌സുമാരെ തിരഞ്ഞെടുത്തു. തുടക്കത്തില്‍ 8000 രൂപ നല്‍കാമെന്നായിരുന്നു കരാര്‍. രണ്ട് വര്‍ഷം ജോലിചെയ്യണം. നാട്ടുനടപ്പ് അനുസരിച്ച് അതുവരെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആശുപത്രി മാനേജ്‌മെന്റ് വാങ്ങിവെക്കും. പ്രതീക്ഷയോടെ ചെന്ന കുട്ടികള്‍ക്ക് ആദ്യം നല്‍കിയത് തറ തുടക്കുന്ന പണി. പല ദിവസവും 16 മണിക്കൂര്‍വരെ ജോലി നീണ്ടു. ഒരു മാസം തികയുന്നതിന് മുമ്പേ അവര്‍ ചിലര്‍ രാജിക്കത്ത് നല്‍കി. പിരിഞ്ഞുപോകുന്നതില്‍ മാനേജ്‌മെന്റിനും സന്തോഷമെയുള്ളൂ. പക്ഷേ, സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കണമെങ്കില്‍ 75,000 രൂപ നല്‍കണം. ജീവനക്കാര്‍ പിരിഞ്ഞുപോകുമ്പോള്‍ ആശുപത്രിക്ക് കാശുകിട്ടുന്നത് സുഖമുള്ള കാര്യമല്ലേ.  അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലാതായതോടെ കുടുംബത്തില്‍ ആസ്തിയുള്ള ചിലര്‍ പണംകൊടുത്ത് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നിര്‍ബന്ധിതരായി. ആത്മഹത്യമാത്രം മുന്നിലുണ്ടായിരുന്ന ബാക്കിയുള്ളവര്‍ അറ്റകൈ പ്രയോഗംതന്നെ നടത്തി. വേറൊന്നുമല്ല, സര്‍ട്ടിഫിക്കറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് അവര്‍ നക്‌സലൈറ്റുകളെ സമീപിച്ചു. 48 മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടി. അതും ഒരു രൂപപോലും ചെലവാകാതെ. പക്ഷേ, ഇവര്‍ക്കെതിരെ പൊട്ടിപ്പുറപ്പെട്ട അപവാദപ്രചാരണങ്ങള്‍ തടയാന്‍ നക്‌സലൈറ്റുകള്‍ക്കും കഴിഞ്ഞില്ല.  
വിദേശജോലിയാണ് നഴ്‌സിങ് പഠി ക്കുന്നവരുടെ സ്വപ്‌നം. അതിനുള്ള പ്രവൃത്തിപരിചയത്തിനാണ് മിക്കവരും ഇവിടത്തെ ആശുപത്രികളില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കുന്നത്. എന്നാല്‍,  ഐ.എല്‍.ടി.എസ് പാസായി വിദേശത്ത് ജോലി നേടാന്‍ വളരെ ചുരുക്കം പേര്‍ക്കെ സാധിക്കുന്നുള്ളൂ. അമേരിക്കയും യു.കെയുമടക്കം മിക്ക രാജ്യങ്ങളിലും നഴ്‌സിങ് രംഗത്തെ അവസരങ്ങള്‍ അവസാനിച്ചുകഴിഞ്ഞു. ഗള്‍ഫില്‍ അന്യനാട്ടുകാരായ നഴ്‌സുമാരെ കാരണമൊന്നുമില്ലാതെ പറഞ്ഞുവിടാനും തുടങ്ങിയിരിക്കുന്നു.
ഇതറിയാതെ വിദേശത്തേക്ക് പോകാന്‍ തിരക്ക്കൂട്ടുന്നവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ ചതിയില്‍ പെടാറാണ് പതിവ്. എന്നാല്‍, വിദേശത്ത് നഴ്‌സിങ് ഹോം തന്നെ സ്ഥാപിച്ച് പണം തട്ടുന്ന വിരുതന്മാരുമുണ്ട്. നിര്‍ഭാഗ്യവശാല്‍, അവരും മലയാളികളാണ്. യു.കെയില്‍ സ്വാന്‍സിയിലും ഡെവനിലുമായി മലയാളി നടത്തിയിരുന്ന നാല് നഴ്‌സിങ്‌ഹോമുകള്‍ സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്ന് അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. ഇതില്‍ മൂന്നെണ്ണം ബാങ്ക് ഏറ്റെടുത്തെങ്കിലും പ്രവര്‍ത്തനം തുടരുമോ എന്നത് സംശയത്തിലാണ്. പത്ത് വര്‍ഷം മുമ്പ് നഴ്‌സായി യു.കെയിലെത്തിയ കോട്ടയം സ്വദേശിയുടേതാണ് ഈ നഴ്‌സിങ്‌ഹോമുകള്‍. സ്‌പോണ്‍സര്‍ഷിപ്പുള്ളതിനാല്‍ ഇവിടെ റിക്രൂട്ട്‌മെന്റും നടത്തിയിരുന്നു. പത്ത് മുതല്‍ 15 ലക്ഷംവരെ ഈടാക്കിയാണ് നഴ്‌സുമാര്‍ക്കും അനുബന്ധ ജീവനക്കാര്‍ക്കും ജോലി നല്‍കിയത്. പൂട്ടുമെന്ന് ഉറപ്പായശേഷവും നിയമനം നടന്നിരുന്നു. ഗള്‍ഫ്‌രാജ്യങ്ങളില്‍ നഴ്‌സുമാരുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തീവ്രശ്രമം നടക്കുകയാണ്. സൗദി  ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തിയിട്ടുമുണ്ട്. വിദേശികളെ ആറുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടെന്നാണ് ശിപാര്‍ശ.
കേരളത്തിലെ സ്ഥിതി
സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ കേന്ദ്രസര്‍ക്കാറിനും ദല്‍ഹി സര്‍ക്കാറിനും ഇന്ദ്രപ്രസ്ഥ, അപ്പോളോ ആശുപത്രികള്‍ക്കും ദല്‍ഹി ഹൈകോടതി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചത് രാജ്യത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. നഴ്‌സുമാരെ അടിമകളായി കണക്കാക്കിയാണ് ജോലിചെയ്യിക്കുന്നതെന്ന നിരീക്ഷണമായിരുന്നു ഇതില്‍ പ്രധാനം. സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമാണെന്ന് നേരത്തേതന്നെ ഹൈകോടതി വിധിച്ചതാണ്. പക്ഷേ, പാലിക്കപ്പെട്ടില്ല. സ്വകാര്യ ആശുപത്രികള്‍ക്കുള്ള പ്രവര്‍ത്തനമാനദണ്ഡങ്ങള്‍ എന്താണെന്ന് മറുപടിയില്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇനി കേസ് പരിഗണിക്കുന്ന ജൂലൈ 20നകം ഇത് നല്‍കുകയും വേണം. അപ്പോളോയിലെ സ്റ്റാഫ് നഴ്‌സും മലയാളിയുമായ ആന്‍സിയാണ് പരാതി നല്‍കിയത്. ഈ വര്‍ഷം തുടക്കത്തില്‍ ജോലിക്ക് കയറിയ ആന്‍സി  അമ്മയെ ചികിത്സിക്കാനാണ് ജോലി രാജിവെച്ചത്. പക്ഷേ, സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കാന്‍ ആശുപത്രി ചോദിച്ചത് 45,000 രൂപയാണ്. ആന്‍സി ദല്‍ഹിയില്‍ ജോലിക്ക് കയറിയ നാളുകളിലൊന്നില്‍ കേരളത്തിലെ വിവിധ ആശുപത്രികളില്‍ ജോലിനോക്കുന്ന നഴ്‌സുമാരുടെ രക്ഷാകര്‍ത്താക്കള്‍ കോട്ടയം പ്രസ്‌ക്ലബില്‍ പത്രസമ്മേളനം നടത്തി.
നമുക്ക് ചുറ്റുമുള്ള, സുപരിചിതമായ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇങ്ങനെ ചുരുക്കാം:  സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന നഴ്‌സുമാരുടെ സേവന- വേതനവ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുക, സുരക്ഷിതത്വം ഉറപ്പുവരുത്തുക, വിദ്യാഭ്യാസവായ്പയുടെ പലിശ എഴുതിത്തള്ളുക, തിരിച്ചടവ് കാലാവധി ദീര്‍ഘിപ്പിക്കുക, മെയില്‍ നഴ്‌സുമാരുടെ സേവനം നിര്‍ബന്ധമാക്കുക, ജോലിഭാരം ലഘൂകരിക്കുക, ജോലിസമയം നിജപ്പെടുത്തുക, മാന്യമായ ശമ്പളം അനുവദിക്കുക, സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചുവെക്കുന്നത് അവസാനിപ്പിക്കുക, ആശുപത്രികളില്‍ ആവശ്യത്തിന് സ്റ്റാഫിനെ നിയമിക്കുക, മതിയായ വാര്‍ഷിക ലീവും മെഡിക്കല്‍ ലീവുകളും അനുവദിക്കുക, രോഗപ്രതിരോധ വാക്‌സിനേഷനും ചികിത്സയും നഴ്‌സുമാര്‍ക്ക് സൗജന്യമായി നല്‍കുക. വെറുതെ പറയുക മാത്രമല്ല, അന്നത്തെ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മറ്റ് രാഷ്ട്രീയ നേതാക്കള്‍, എം.എല്‍.എമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ക്ക് നിവേദനങ്ങളും നല്‍കി. ഒപ്പം ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍ എന്ന സംഘടനയും അവര്‍ ഉണ്ടാക്കി. മറ്റ് മേഖലകളില്‍ തൊഴില്‍സുരക്ഷിതത്വവും സാമൂഹികസുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ തൊഴിലാളികള്‍തന്നെയാണ് സമരം ചെയ്യുന്നതെങ്കില്‍ ആരോഗ്യമേഖലയിലുള്ളവര്‍ക്കുവേണ്ടി മാതാപിതാക്കള്‍ സമരം നടത്തുന്നു എന്നു പറയുമ്പോള്‍തന്നെ സ്ഥിതിഗതികള്‍ എത്ര രൂക്ഷമാണ് എന്ന് ഊഹിക്കാമല്ലോ. നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം പഠനകാലം മുതല്‍ തുടങ്ങുന്ന വിവിധതരം ചൂഷണങ്ങളും പീഡനങ്ങളും സേവനകാലത്തും തുടരുന്നു എന്നതിനാലാണ് സംരക്ഷണം ഉറപ്പാക്കാന്‍ രക്ഷിതാക്കള്‍ക്ക് മുന്നോട്ടുവരേണ്ടിവന്നത്്.  മെയില്‍ നഴ്‌സുമാരുടെ സേവനം നിര്‍ബന്ധമാക്കണമെന്ന അവരുടെ ആവശ്യം പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ആശുപത്രികളില്‍ പുരുഷനഴ്‌സുമാരുടെ എണ്ണം കൂടിയതോടെ സ്ത്രീനഴ്‌സുമാര്‍ക്കെതിരായ ചൂഷണത്തില്‍ വലിയ കുറവുണ്ടായി. ചിലേടങ്ങളില്‍ ചെറുത്തുനില്‍പുകള്‍ക്കും ആണ്‍കുട്ടികള്‍ മുന്നില്‍ നില്‍ക്കുന്നു. അതുകൊണ്ടുതന്നെ, മിക്ക ആശുപത്രികളും മെയില്‍ നഴ്‌സുമാരെ പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുക. ജോലിസ്ഥലത്തെ പീഡനങ്ങള്‍ സ്ത്രീകള്‍ സഹിക്കുന്നപോലെ പുരുഷന്മാര്‍ സഹിക്കില്ലല്ലോ. നഴ്‌സിങ് വിദ്യാര്‍ഥികളുടെയും ബോണ്ട് ചെയ്യുന്ന നഴ്‌സുമാരുടെയും എസ്. എസ്. എല്‍.സി മുതലുള്ള എല്ലാ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കേരളത്തിലെ ആശുപത്രി മാനേജ്‌മെന്റുകള്‍ വാങ്ങിവെക്കുന്നുണ്ട്.  എറണാകുളത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ 25,000 രൂപ കെട്ടിവെച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ ഒരു ദിവസത്തേക്കെങ്കിലും തിരികെ വാങ്ങിക്കാന്‍ കഴിയൂ. തൊഴിലാളികളോട് അതിസ്‌നേഹമുള്ള നിരവധി തൊഴിലാളി യൂനിയനുകളുള്ള നാടാണെങ്കിലും നഴ്‌സുമാരെ സംഘടിപ്പിക്കാന്‍ മുന്‍നിര സംഘടനകളൊന്നും ഇതുവരെ ശ്രമിച്ചിട്ടില്ല. ഈ ദുരിതം നേരിട്ടറിഞ്ഞ ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ നഴ്‌സുമാരുടെ സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും ചില ചട്ടങ്ങള്‍ തടസ്സമായി. സ്ഥിരം ജീവനക്കാരാണെന്ന് ആശുപത്രി മാനേജ്‌മെന്റ് സാക്ഷ്യപത്രം നല്‍കുന്നവരെ ചേര്‍ത്ത് മാത്രമേ നഴ്‌സുമാരുടെ തനത് സംഘടനയുണ്ടാക്കാനാവൂ. ഇതോടെ നഴ്‌സുമാരില്‍ ഉള്ള വിപ്ലവവീര്യവും കെട്ടടങ്ങി.
നിയമവും നാട്ടുനടപ്പും
തൊഴിലാളി എന്ന സാമൂഹിക പദവി കിട്ടിയതോടെയാണ് അടിമകള്‍ രക്ഷപ്പെട്ടതെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ പറയാറുണ്ട്. പക്ഷേ, ആധുനികലോകത്ത് അടിമകള്‍ നഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇത് മറികടക്കാന്‍ ആരും ഒന്നും ചെയ്തില്ല എന്നു കരുതരുത്. സ്വകാര്യാശുപത്രികളില്‍ നിയമപരമായ വേതനവും ആനുകൂല്യവും ഉറപ്പുവരുത്താനുള്ള സമഗ്ര നിയമമൊക്കെ ഇവിടെയുമുണ്ട്. കേരള സര്‍ക്കാര്‍ 2009 ഡിസംബര്‍ 16ന് തൊഴിലും പുനരധിവാസവും (ഇ) വകുപ്പ് പ്രകാരം പുറപ്പെടുവിച്ച അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട കുറഞ്ഞ കൂലിനിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 2009 ജൂണ്‍ മാസം ഒന്നുമുതല്‍ ഇതിന് പ്രാബല്യവും കിട്ടി. ഇതനുസരിച്ച് നഴ്‌സിങ് സൂപ്രണ്ട്, ഫാര്‍മസി സൂപ്രണ്ട്, മൈക്രോ ബയോളജിസ്റ്റ്-ഗ്രേഡ് ഒന്ന് തുടങ്ങിയ തസ്തികയിലുള്ളവര്‍ക്ക് 5610-6810, സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്, ട്യൂട്ടര്‍ നഴ്‌സ്, ഹെഡ് നഴ്‌സ് തുടങ്ങിയവര്‍ക്ക് 5310-6460,  സ്റ്റാഫ് നഴ്‌സ് (ജനറല്‍ നഴ്‌സിങ്), സ്‌പെഷല്‍ ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങിയവര്‍ക്ക് 5100-6200, നഴ്‌സിങ് അസിസ്റ്റന്റ്-ഗ്രേഡ് ഒന്ന് 5040-6140, രണ്ടാം ഗ്രേഡ് നഴ്‌സിങ് അസിസ്്റ്റന്റ് 4770-5795, മൂന്നാം ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് 4630-5630 എന്നിങ്ങനെയാണ് വേതനം നല്‍കേണ്ടത്. 20 കിടക്കകള്‍വരെയുള്ള പ്രൈമറി കെയര്‍ സെന്ററിലെ നഴ്‌സുമാര്‍ക്കാണ് ഈ വേതനം നല്‍കേണ്ടത്. സ്‌പെഷാലിറ്റി സെന്റര്‍, സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് അതത് കാലത്തെ അടിസ്ഥാന ശമ്പളത്തിന്റെ 10 മുതല്‍ 30 ശതമാനംവരെ അധിക അലവന്‍സ് നല്‍കണം. മാത്രമല്ല, സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ അതത് ജില്ലാ കേന്ദ്രത്തിന്റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സൂചികയില്‍ 130ന് മേല്‍ വര്‍ധിക്കുന്ന ഓരോ പോയന്റിനും പ്രതിമാസം 26.65 രൂപ നിരക്കില്‍ ക്ഷാമബത്ത നല്‍കണം. ഒരു തൊഴിലുടമക്കുകീഴില്‍ പൂര്‍ത്തിയാക്കുന്ന ഓരോ അഞ്ചുവര്‍ഷത്തെ സര്‍വീസിനും പുതിയ വേതനസ്‌കെയിലില്‍ നിര്‍ണയിക്കപ്പെട്ട ശമ്പളത്തിന്റെ തൊട്ടടുത്ത നിരക്കിലുള്ള ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ് എന്ന രീതിയില്‍ സര്‍വീസ് വെയിറ്റേജ് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കുകയും വേണം. പക്ഷേ, ഇങ്ങനെയൊരു സംഭവമുള്ള കാര്യം നല്ലനിലയില്‍ നടക്കുന്ന ചില ആശുപത്രികള്‍ മാത്രമേ അറിഞ്ഞിട്ടുള്ളൂ. ആതുരസേവനം മുഖമുദ്രയാക്കിയ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോട്ടയം ജില്ലയിലെ ഒരു  സ്വകാര്യ ആശുപത്രി നല്‍കുന്ന വേതനം അറിഞ്ഞാല്‍ ഞെട്ടിപ്പോകും. 12 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന നഴ്‌സിന് കൈയില്‍ കിട്ടുന്നത് 6000 രൂപ. നാല് വര്‍ഷക്കാരിക്ക് 4000 രൂപ. പക്ഷേ, ഇവര്‍ക്ക് സങ്കടമില്ല. കാരണം, 31 വര്‍ഷം സര്‍വീസുള്ള ഇവിടത്തെ ക്ലര്‍ക്കിന് 4250 രൂപയും 26 വര്‍ഷം പരിചയമുള്ള ഫാര്‍മസിസ്റ്റിന് 5700 രൂപയുമാണ് കിട്ടുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് മിക്കവരുടെയും നിയമനം നടന്നിരിക്കുന്നത്. ഓരോ വര്‍ഷവും ഇത് പുതുക്കും. ആരുടെയെങ്കിലും പുതുക്കിയില്ലെങ്കില്‍ മിണ്ടാതെ അടുത്തജോലി അന്വേഷിക്കുക മാത്രമാണ് പോംവഴി.
ചെയ്യേണ്ട ജോലിയും ചെയ്യുന്ന ജോലിയും
രോഗിയെ കേന്ദ്രീകരിച്ചുള്ള പരിചരണം എന്നാണ് നഴ്‌സസ് മാനുവലില്‍ നഴ്‌സിന്റെ ജോലിയെക്കുറിച്ച് പറയുന്നത്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഇതിന് അവസരം കുറവാണ്. ഏകാഗ്രതയോടെ രോഗികളെ പരിചരിക്കേണ്ടവര്‍ക്ക് തങ്ങളുടേതല്ലാത്ത ജോലികള്‍ ചെയ്യേണ്ടിവരുമ്പോള്‍ അപകര്‍ഷബോധം ഉണ്ടാവും. മരുന്നും ഇന്‍ജക്ഷനും ഡ്രിപ്പും നല്‍കുക,  രക്തസമ്മര്‍ദം, ശരീരതാപനില തുടങ്ങിയവ അളക്കുക എന്നിവയൊക്കെ നഴ്‌സിന്റെ ജോലിതന്നെ. ലാബില്‍ പോയി റിപ്പോര്‍ട്ടും പരിശോധനാഫലവും വാങ്ങല്‍, അതു ഡോക്ടറുടെ കൈയിലെത്തിക്കല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അറ്റന്‍ഡറെയോ വാര്‍ഡ് ബോയിയോ നഴ്‌സിന്റെ നിര്‍ദേശാനുസരണം ചെയ്യേണ്ടവയാണ്. എന്നാല്‍, പല സ്വകാര്യാശുപത്രികളിലും നഴ്‌സുമാരും നഴ്‌സിങ് വിദ്യാര്‍ഥികളുമാണ് ഈ ജോലികളും ചെയ്യുന്നത്. ബെഡ് മേക്കിങ്ങില്‍ നഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്‍കിയിരിക്കണമെന്ന് നഴ്‌സിങ് മാനുവലിലുണ്ട്. ശയ്യാവലംബിയായ രോഗികളുടെ കിടക്കവിരിക്കാന്‍ അറ്റന്‍ഡറെ നഴ്‌സ് സഹായിക്കണമെന്നുമുണ്ട്. ഇതിന്റെ പേരിലാണ് വിദ്യാര്‍ഥികളെക്കൊണ്ട് സ്വകാര്യാശുപത്രികളില്‍ കിടക്ക വിരിപ്പിക്കുന്നത്. ഇതൊന്നും ആശുപത്രി നടത്തിപ്പുകാര്‍ക്ക് അറിയാത്തതല്ല.ഇതിനുമാത്രം ജീവനക്കാരെവെച്ചാല്‍ ആശുപത്രി എങ്ങനെ ലാഭത്തിലാവും? അപ്പോള്‍, ലാഭം നഴ്‌സിങ് സ്‌കൂളുകള്‍ തുടങ്ങുകയാണ്. അഡ്മിഷന് വാങ്ങുന്ന പണവും കൂലിയില്ലാതെ ജോലിചെയ്യിപ്പിക്കുന്നതിലെ ലാഭവും മാനേജ്‌മെന്റിനെടുക്കാം. ജോലി പോയാല്‍ ആ സ്ഥാനത്തേക്ക് മിനിറ്റുകള്‍ക്കകം അടുത്തയാള്‍ എത്തുമെന്നുറപ്പുള്ളതിനാല്‍ എന്ത് പീഡനവും സഹിച്ച് ജോലി നിലനിര്‍ത്തുക മാത്രമേ പാവപ്പെട്ട നഴ്‌സുമാര്‍ക്ക് കഴിയൂ.
(കടപ്പാട്: മാധ്യമം  ആഴ്ചപ്പതിപ്പ്)

No comments: